12 മണിക്കൂർ ഫുൾ മേക്കപ്പിൽ ജോലി, ചർമം പൊളിഞ്ഞുപോകും; ക്യാബിൻ ക്രൂ ജോലിയുടെ മറുപുറം ഇങ്ങനെ

#ലൈഫ് സ്റ്റൈല്‍ ഡെസ്‌ക്
Sangita Sen|photo:instagram.com/sangitasenofficial/
Sangita Sen|photo:instagram.com/sangitasenofficial/

വിമാനയാത്രയ്ക്കിടെ യാത്രക്കാരെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന ക്യാബിൻ ക്രൂ ജീവനക്കാരുടെ ചിട്ടയായ വസ്ത്രധാരണവും മേക്കപ്പും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഈ ഭംഗിക്ക് പിന്നിൽ അവർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. ഓരോ 12 മണിക്കൂർ ഷിഫ്റ്റിലും ഫുൾ ഫേസ് മേക്കപ്പ് നിർബന്ധമായി ചെയ്യേണ്ടിവരുന്നതിന്റെ പ്രയാസങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിമാനക്കമ്പനികളുടെ ഗ്രൂമിങ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ചർമം വരണ്ടുപോകുകയും അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്യുന്നുവെന്നാണ് 20 വർഷത്തെ വ്യോമയാനമേഖലയിലെ പരിചയമുള്ള ക്യാബിൻ ക്രൂ മെന്റർ സംഗീത സെൻ വെളിപ്പെടുത്തിയിരിക്കുന്നത്.

12 മണിക്കൂർ മേക്കപ്പ് നിർബന്ധം

ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററും ക്യാബിൻ ക്രൂ മെന്ററുമായ സംഗീത സെൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് വിമാനക്കമ്പനിയുടെ ഗ്രൂമിങ് മാർഗനിർദേശങ്ങൾ അനുസരിച്ച് മേക്കപ്പ് ചെയ്തിട്ടുണ്ടെന്ന് അവർ വീഡിയോയിൽ പറയുന്നു. ഫൗണ്ടേഷൻ, ഐലൈനർ, ബ്ലഷ്, ലിപ്സ്റ്റിക്, ഐഷാഡോ, കൺസീലർ, മസ്‌കാര തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതാണ് ഈ മേക്കപ്പ്. യാത്രക്കാരിൽ നിന്ന് അഭിനന്ദനം ലഭിക്കാനല്ല ജീവനക്കാർ ഇത്തരത്തിൽ ഒരുങ്ങുന്നത്. മറിച്ച് കമ്പനിയുടെ നിർദേശങ്ങൾ പാലിക്കേണ്ടത് ജോലിയുടെ ഭാഗമായതിനാലാണെന്നും സംഗീത വിശദീകരിക്കുന്നു. ഓരോ പുതിയ ഷിഫ്റ്റ് ആരംഭിക്കുമ്പോഴും ഇതേ മേക്കപ്പ് രീതി ആവർത്തിക്കേണ്ടിവരും. ഓരോ തവണയും കമ്പനിയുടെ ഗ്രൂമിങ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.

 
 
 
 
 
 
 
 
 
 
 
 
 
 
 

ചർമം പൊളിഞ്ഞുപോകും

ദിവസവും ഒരേ മേക്കപ്പ് രീതി ആവർത്തിക്കുന്നത് ചിലപ്പോൾ മടുപ്പുണ്ടാക്കാറുണ്ടെന്ന് സംഗീത പറയുന്നു.'സത്യസന്ധമായി പറഞ്ഞാൽ ചിലപ്പോഴൊക്കെ എനിക്ക് ശരിക്കും മടുപ്പ് തോന്നും. ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ചെയ്യണം. ചർമം ഉരഞ്ഞുപോകുന്ന അവസ്ഥയാണ്. പുറത്തുപോകുമ്പോൾ പോലും മേക്കപ്പ് ചെയ്യാൻ തോന്നാറില്ല. കാരണം ചർമത്തിനും ശ്വസിക്കാൻ സമയം ആവശ്യമാണ്. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ എനിക്ക് അത് ചെയ്യേണ്ടിവരുന്നു', എന്നാണ് സംഗീതയുടെ വാക്കുകൾ. ദിവസവും മണിക്കൂറുകളോളം മുഖത്ത് മേക്കപ്പിന്റെ പല പാളികൾ നിലനിർത്തേണ്ടിവരുന്നത് ചർമത്തെ ബാധിക്കുന്നുണ്ടെന്നും അവർ പറയുന്നു. ചർമത്തിലെ ഈർപ്പം നഷ്ടപ്പെടുക, വരൾച്ച, അസ്വസ്ഥത, ഇടയ്ക്കിടെ ചൊറിച്ചിലോടുകൂടിയ ചർമത്തിലെ പാടുകൾ എന്നിവയും ഇതിന്റെ ഭാഗമായി അനുഭവപ്പെടാറുണ്ടെന്ന് ഇൻസ്റ്റഗ്രാം കുറിപ്പിൽ സംഗീത വ്യക്തമാക്കിയിട്ടുണ്ട്.

സൗന്ദര്യമല്ല, ജോലിയുടെ ഭാഗം

യാത്രക്കാരുടെ പ്രശംസ നേടുന്നതിനുവേണ്ടിയല്ല ക്യാബിൻ ക്രൂ ജീവനക്കാർ മേക്കപ്പ് ചെയ്യുന്നതെന്ന് സംഗീത ഓർമിപ്പിക്കുന്നു. കമ്പനിയുടെ നിർദേശങ്ങൾ പാലിക്കേണ്ടത് അവരുടെ ജോലിയുടെ ഭാഗമാണ്. എന്നാൽ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അവർ നൽകേണ്ടിവരുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങളെക്കുറിച്ച് അധികമാരും സംസാരിക്കാറില്ല.'ചിലപ്പോഴൊക്കെ എന്റെ ചർമത്തിന് സ്വാഭാവികമായി ശ്വസിക്കാൻ കഴിയുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകും. വ്യോമയാനമേഖലയിൽ രണ്ട് പതിറ്റാണ്ടിന്റെ അനുഭവത്തിൽ നിന്ന് എനിക്ക് പറയാൻ കഴിയുന്ന ഒരു കാര്യമുണ്ട്. ക്യാബിൻ ക്രൂ ജീവനക്കാരുടെ രൂപഭംഗി നിലനിർത്തുന്നതും അവരുടെ ജോലിയുടെ ഭാഗമാണ്. എന്നാൽ അതേക്കുറിച്ച് അധികമാരും സംസാരിക്കാറില്ല', സംഗീത കുറിച്ചു.

സോഷ്യൽ മീഡിയയിൽ ചർച്ചയായി വെളിപ്പെടുത്തൽ

സംഗീതയുടെ വീഡിയോ പുറത്തുവന്നതോടെ വിമാനക്കമ്പനികളുടെ സൗന്ദര്യസംരക്ഷണ മാനദണ്ഡങ്ങളെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായി. ഇത്തരം വിവേചനപരമായ മാനദണ്ഡങ്ങൾ അവസാനിപ്പിക്കേണ്ട സമയമായെന്നാണ് ഒരാളുടെ പ്രതികരണം.ഇതിനു പിന്നിൽ പുരുഷാധിപത്യ ചിന്താഗതിയാണെന്നും വിമാനത്തിലെ യാത്രക്കാർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്ന വനിതാ ജീവനക്കാരോട് കൂടുതൽ സഹാനുഭൂതി കാണിക്കണമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.മേക്കപ്പില്ലാതെയും ഓരോ വ്യക്തിയെയും അംഗീകരിക്കാൻ കഴിയണമെന്നും സൗന്ദര്യസങ്കൽപ്പങ്ങൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ചിലർ കുറിച്ചു.

Content Highlights: Cabin crew members are required to wear full-face makeup for grueling 12-hour shifts., Airlines enforce strict grooming standards, causing skin dryness, irritation, and fatigue., Veteran mentor Sangeeta Sen highlighted these physical and mental challenges on social media., The revelation has sparked widespread online debate regarding rigid workplace beauty standards.