2 കിലോമീറ്റർ നീളം, 2500 നെയ്ത്തുകാർ, 13,152 മണിക്കൂർ അധ്വാനം; ബാലരാമപുരം കസവിൽ ലോകത്തെ വിസ്മയിപ്പിച്ച് ലക്ഷ്മി മാധവൻ

ഒരു നാടിന്റെ ചരിത്രവും സംസ്കാരവും അധ്വാനവും ചേർത്തു നെയ്തെടുത്താൽ അതൊരു വസ്ത്രമല്ല, കാലം കാത്തുസൂക്ഷിക്കേണ്ട കലാസൃഷ്ടിയായി മാറും. കേരളത്തിന്റെ കൈത്തറി പെരുമ ലോകത്തിന് മുന്നിലെത്തിച്ചിരിക്കുകയാണ് ബാലരാമപുരം കസവ് പ്രോജക്ട്. രണ്ടുവർഷം നീണ്ട പരിശ്രമം, 2500 നെയ്ത്തുകാർ, 13,152 മണിക്കൂർ അധ്വാനം. ഫലം 6000 അടി അഥവാ ഏകദേശം രണ്ടു കിലോമീറ്റർ നീളമുള്ള അതിമനോഹരമായ കസവ് തുണി. വടകര സ്വദേശി കലാകാരി ലക്ഷ്മി മാധവന്റെ നേതൃത്വത്തിലാണ് ഈ അപൂർവ സൃഷ്ടി യാഥാർഥ്യമായത്. കേരളത്തിന്റെ തനതായ വസ്ത്രപാരമ്പര്യമായ കസവിനെ വെറുമൊരു വസ്ത്രമായി കാണാതെ ചരിത്രവും മനുഷ്യരുടെ ജീവിതവും ഇഴചേർന്ന കലാരൂപമായി അവതരിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൈത്തറിയിലൂടെ ഒരു കൂട്ടം മനുഷ്യർ ഒരുമിച്ച് സൃഷ്ടിച്ച ഈ കലാസൃഷ്ടി ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
2500 നെയ്ത്തുകാർ, രണ്ടുവർഷം
രണ്ടുനൂറ്റാണ്ടിലേറെ പഴക്കമുള്ള ബാലരാമപുരം കൈത്തറി പാരമ്പര്യത്തെ ആസ്പദമാക്കിയാണ് ലക്ഷ്മി മാധവൻ ഈ പദ്ധതി ഒരുക്കിയത്. ബാലരാമപുരത്തെ 2500 പരമ്പരാഗത നെയ്ത്തുകാരെ ഒരുമിപ്പിച്ചാണ് 6000 അടി നീളമുള്ള കസവ് തുണി നെയ്തെടുത്തത്. ഏകദേശം 13,152 മണിക്കൂറാണ് ഈ സൃഷ്ടിക്കായി ചെലവഴിച്ചത്. ബാലരാമപുരത്തെ പ്രാദേശിക കൈത്തറി സഹകരണ സംഘങ്ങളുൾപ്പെടെയുള്ള നെയ്ത്ത് സമൂഹം പദ്ധതിയുടെ ഭാഗമായി. ഈ ദൗത്യത്തിനായി ലക്ഷ്മി മുംബൈയിൽനിന്ന് ബാലരാമപുരത്തെത്തി അവിടെ താമസിച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ആറ് തറികളിലായി പരുത്തി, സ്വർണക്കസവ്, വെങ്കലക്കസവ് എന്നിവ ഉപയോഗിച്ചാണ് തുണി നെയ്തത്. ഓരോ നെയ്ത്തുകാരനും പരമ്പരാഗത ബാലരാമപുരം നെയ്ത്തുരീതിയിൽ കുറഞ്ഞത് ഒരടി തുണിയെങ്കിലും നെയ്തു നൽകി. അങ്ങനെ ഓരോരുത്തരുടെയും അധ്വാനം ചേർന്നാണ് ഈ വലിയ കലാസൃഷ്ടി രൂപപ്പെട്ടത്.
ഓരോ നെയ്ത്തുകാരന്റെയും കഥ
ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ നീളമോ വലുപ്പമോ മാത്രമല്ല. ഇതിൽ പങ്കെടുത്ത ഓരോ നെയ്ത്തുകാരന്റെയും വ്യക്തിത്വം തുണിയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഓരോരുത്തരും നെയ്തെടുത്ത ഭാഗത്ത് അവരുടെ വ്യക്തിഗത വിവരങ്ങൾ ഗ്രാഫിക് രൂപങ്ങളിൽ നെയ്തുചേർത്തു. സ്വർണനൂലുകളുടെ ഉപയോഗത്തിലുള്ള വ്യത്യാസത്തിലൂടെയാണ് സ്ത്രീകളെയും പുരുഷന്മാരെയും തിരിച്ചറിയുന്നത്. അതുകൊണ്ടുതന്നെ ഓരോ ഭാഗവും അത് നെയ്ത വ്യക്തിയുടെ സാന്നിധ്യവും ജീവിതവും അടയാളപ്പെടുത്തുന്നു. ഒരു വലിയ തുണിയുടെ ഭാഗമായിരിക്കുമ്പോഴും ഓരോ നെയ്ത്തുകാരന്റെയും സംഭാവനയ്ക്ക് സ്വന്തമായൊരു ഇടം നൽകുന്ന രീതിയിലാണ് ഈ കലാസൃഷ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതിയിൽ പങ്കെടുത്തവർക്ക് ദീർഘകാലം വരുമാനവും അതിലുപരി തങ്ങളുടെ തൊഴിലിനോടുള്ള അഭിമാനവും നേടിക്കൊടുക്കാനും ഇതിലൂടെ സാധിച്ചു.
മുത്തശ്ശിയുടെ ഓർമയിൽനിന്ന് പിറന്ന കസവ് കലാസൃഷ്ടി
ലക്ഷ്മി മാധവൻ എം.ബി.എ ബിരുദധാരിയാണ്. മുണ്ടും വേഷ്ടിയും മാത്രം ധരിച്ചിരുന്ന മുത്തശ്ശി സത്യഭാമയുടെ ഓർമകളാണ് ഈ വലിയ കലാസൃഷ്ടിക്ക് പിന്നിലെ പ്രധാന പ്രചോദനം. ഡിസ്നി സ്ട്രാറ്റജിക് അഡൈ്വസറായ കെ. മാധവന്റെയും ഗീത മാധവന്റെയും മകളാണ് ലക്ഷ്മി. ഭർത്താവ് അശ്വിൻ ജോർജിനും മകൻ ഇഷാൻ ജോർജിനുമൊപ്പം മുംബൈയിലാണ് താമസം. കഴിഞ്ഞ ഏഴുവർഷമായി കസവിനെ അടിസ്ഥാനമാക്കി നിരവധി കലാസൃഷ്ടികൾ ലക്ഷ്മി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ മ്യൂസിയങ്ങളിലും ബിനാലേകളിലും ഇവ പ്രദർശിപ്പിച്ചിട്ടുമുണ്ട്. കേരളത്തിന്റെ പരമ്പരാഗത കൈത്തറി കലാരൂപത്തെ സമകാലിക കലയുടെ ഭാഗമാക്കി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ലക്ഷ്മിയുടെ പ്രവർത്തനങ്ങളുടെ പ്രത്യേകത.
കനകക്കുന്നിൽ പ്രദർശനം
ബാലരാമപുരം കസവ് പ്രോജക്ടിന്റെ ഭാഗമായി ഒരുക്കിയ രണ്ടുകിലോമീറ്റർ നീളമുള്ള ഈ കലാസൃഷ്ടി തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരിക്കുകയാണ്. പ്രദർശനം വ്യാഴാഴ്ച മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച വരെയാണ് പ്രദർശനം. ടൂറിസം വകുപ്പ്, ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റ്, സത്യ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ സൃഷ്ടി പ്രദർശിപ്പിക്കാനാണ് ലക്ഷ്മിയുടെ തീരുമാനം. ഭാവിയിൽ ചരിത്രശേഖരമായി സംരക്ഷിക്കാനും പദ്ധതിയിടുന്നു.
2500 മനുഷ്യരുടെ ചരിത്രം
ബാലരാമപുരം കസവ് പ്രോജക്ട് വെറുമൊരു റെക്കോർഡ് സൃഷ്ടിക്കാനുള്ള ശ്രമമല്ല. തലമുറകളായി കൈമാറിവന്ന ഒരു തൊഴിൽപാരമ്പര്യത്തെ പുതിയ തലമുറയ്ക്കും ലോകത്തിനും പരിചയപ്പെടുത്താനുള്ള വലിയ ഇടപെടലാണ്. ഒരു നാടിന്റെ സംസ്കാരവും നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതവും ആയിരക്കണക്കിന് മനുഷ്യരുടെ അധ്വാനവും രണ്ടുകിലോമീറ്റർ നീളത്തിൽ ഒരുമിച്ചപ്പോൾ പിറന്നത് അപൂർവമായൊരു കലാസൃഷ്ടിയാണ്. ഓരോ നൂലിലും ഓരോ നെയ്ത്തുകാരന്റെ കഥയുണ്ട്. ഓരോ ഇഴയിലും ബാലരാമപുരത്തിന്റെ ചരിത്രവും. കസവിന്റെ തിളക്കം സ്വർണനൂലുകളിൽ മാത്രമല്ല, അതിനു പിന്നിൽ അധ്വാനിച്ച മനുഷ്യരുടെ കൈകളിലുമാണെന്ന് ഓർമിപ്പിക്കുകയാണ് ഈ പ്രോജക്ട്.