‘അല്പം ഓവറായാലേ എല്ലാവരും ശ്രദ്ധിക്കൂ’; സോഷ്യൽ മീഡിയയിൽ തരംഗമായി 'എൺപതുകളിലെ വസന്തം’

ബിഗ് ഹെയറും കളർഫുൾ ഓവർ സൈസ്ഡ് ജാക്കറ്റും ഡെനിമും വലിയ ഹൂപ്പും ധരിച്ച എൺപതുകളിലെ സുന്ദരികളെയും സുന്ദരന്മാരെയുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ ഫീഡുകൾ. എഐയുടെ സഹായത്തോടെ എൺപതുകളിലെ ഐക്കണിക് ലുക്കിൽ സ്വന്തം ചിത്രങ്ങൾ പുനഃസൃഷ്ടിക്കുന്ന വിന്റേജ് ഫോട്ടോ തരംഗത്തിലാണ് ഇൻഫ്‌ളുവൻസർമാരും ചലച്ചിത്ര താരങ്ങളും. പഴയലുക്കിലുള്ള എഐ ചിത്രങ്ങൾക്കൊപ്പം എൺപതുകളിലെ ഗാനങ്ങൾക്കൂടി പശ്ചാത്തലമായി നൽകി 'എൺപതുകളിലെ വസന്തത്തെ' പുനഃസൃഷ്ടിക്കുകയാണ് ജെൻസീ ഉൾപ്പെടെയുള്ളവർ. എൺപതുകളിൽ ട്രെൻഡായിരുന്ന വോള്യൂമിനസ് ബോബ് കട്ടുകൾ, കാറ്റിൽ പറക്കുന്ന കേളിംഗ് ഹെയർസ്‌റ്റൈലുകൾ, പ്രോം നെറ്റ് ലുക്കുകൾ എന്നിവ കൃത്യമായി ചിത്രങ്ങളിൽ പുനഃസൃഷ്ടിക്കപ്പെടുന്നുണ്ട്. വലിയ ഷോൾഡർ പാഡുകളുള്ള ക്ലാസിക് ബ്ലേസറുകൾ, ഡെനിം ജാക്കറ്റുകൾ, തിളങ്ങുന്ന നൈറ്റ് വെയർ വസ്ത്രങ്ങൾ എന്നിവ ചിത്രങ്ങൾക്ക് കൂടുതൽ വിന്റേജ് ലുക്ക് നൽകുന്നു. ഇലക്ട്രിക് ബ്ലൂ, നിയോൺ പിങ്ക്, ബ്രൈറ്റ് യെല്ലോ തുടങ്ങിയ ശക്തമായ നിറങ്ങളിലുള്ള ഐഷാഡോകളും വോളിയം നൽകിയ 'ബിഗ് ഹെയർ' ശൈലിയും 80കളുടെ മാത്രം സ്വന്തമാണ്. അനലോഗ് ക്യാമറകളിൽ പകർത്തിയ പോലെയുള്ള സോഫ്റ്റ് ലൈറ്റിംഗും, വാം കളർ ടോണുകളും ഗ്രെയിനി ഫിനിഷിംഗുമാണ് ഈ എ.ഐ ചിത്രങ്ങളുടെ പ്രധാന ആകർഷണം.പഴയകാല ഫാഷനോടും സംഗീതത്തോടുമുള്ള ഇന്നത്തെ തലമുറയുടെ ആഭിമുഖ്യം വർധിച്ചുവരുന്നതിന്റെ പ്രതിഫലനമാണ് ഇത്തരം എ.ഐ സാങ്കേതികവിദ്യകളുടെ ജനപ്രിയതയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് ടെക് വിദഗ്ധരുടെ അഭിപ്രായം. സംഗതി എന്തുതന്നെയായാലും എൺപതുകളിലെ ഫാഷൻ അതിത്തിരി ലൗഡ് തന്നെയായിരുന്നുവെന്നാണ് എൺപതുകൾ ആഘോഷിച്ചിരുന്നവരുടെയും അഭിപ്രായം.
ഓവറായാലേ എല്ലാവരും ശ്രദ്ധിക്കൂ
ഒരു പബ്ലിക് സ്റ്റേറ്റ്‌മെന്റായിരുന്നു എൺപതുകളിലെ ഫാഷൻ. വസ്ത്രങ്ങൾ വെറുമൊരു ആവരണം മാത്രമല്ല അത് ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത് എൺപതുകളിലെ ഫാഷനാണ്. ഒരല്പം ഓവറായാലേ എല്ലാവരും ശ്രദ്ധിക്കൂ എന്നുപറയുന്നത് പോലെ അതുവരെ കണ്ട മൈൽഡ്, ക്ലാസിക്ക് ലുക്കുകളെ എൺപതുകളിലെ ഫാഷൻ തിരുത്തിക്കുറിച്ചു. നിറങ്ങളുടെ ധാരാളിത്തത്തിൽ പരീക്ഷണങ്ങൾക്ക് മുതിർന്നു. വലിയ ആക്‌സസറികളും സ്‌റ്റേറ്റ്‌മെന്റ് ആഭരണങ്ങളും പരീക്ഷിക്കപ്പെട്ടു. ഇലക്ട്രിക് ബ്ലൂ, നിയോൺ പിങ്ക്, നല്ല തെളിഞ്ഞ മഞ്ഞ, പർപ്പിൾ, ചുവപ്പ്, മെറ്റാലിക് ഫിനിഷുകൾ എന്നിവ സ്‌പോർട്‌സ് വെയറിലും ആക്‌സസറികളിലും വരെ പ്രയോഗിച്ചു. നിറങ്ങളുടെ വൈവിധ്യമാണ് എൺപതുകളിലെ ഫാഷനെ 'ലൗഡ്' ആക്കിയത് എന്നുപറയാം. സംഗീതവും ടെലിവിഷനും സ്ട്രീറ്റ് കൾച്ചറും അതിന് പ്രചോദനമായി. അതൊരു സാംസ്‌കാരിക മുന്നേറ്റം കൂടിയായിരുന്നു.
പോപ്പ് കൾച്ചറിന്റെ സ്വാധീനം
1981-ലാണ് എംടിവി ആരംഭിക്കുന്നത് ഇതോടെ ആളുകൾ സംഗീതം കേൾക്കുന്നതിനൊപ്പം കാണാനും തുടങ്ങി. പുത്തൻ ലുക്കുകളുമായി സംഗീത വീഡിയോകളിലൂടെയും ടെലിവിഷനിലൂടെയും ജനങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തി. ഗായകർ അവരുടെ ഫാഷൻ ഐക്കണുകളായി മാറി, അവർ അനുകരിക്കാൻ തുടങ്ങി. പോപ്പ്-സ്റ്റാർ ശൈലി ജനമേറ്റെടുത്തു. ലേസ്, ക്രോപ്പ്ഡ് ജാക്കറ്റുകൾ, കയ്യുറകൾ, ബോൾഡ് ആഭരണങ്ങൾ എന്നിവ പോപ്പ് കൾച്ചറിന്റെ സംഭാവനയാണ്. അതുപോലെ ട്രാക്ക്‌സ്യൂട്ടുകൾ, സ്‌നീക്കറുകൾ, സ്വർണ്ണ ചെയിനുകൾ, ബ്രാൻഡഡ് സ്‌പോർട്‌സ് വെയറുകൾ, കസ്റ്റമൈസ്ഡ് സ്ട്രീറ്റ് വെയറുകൾ എന്നിവ ഹിപ്പ് ഹോപ്പിലൂടെ ജനപ്രിയമായി. ലെതർ, ഡെനിം, മെറ്റാലിക് തുണിത്തരങ്ങൾ, ബൂട്ടുകൾ എന്നിവയുമായി റോക്ക് ആൻഡ് ഗ്ലാമും തരംഗം സൃഷ്ടിച്ചു.
സ്റ്റൈൽ റഫറൻസായി മാറിയ ഗായകർ
ലെയ്‌സ് വസ്ത്രങ്ങൾ, കയ്യുറകൾ, കട്ടികൂടിയ മാലകൾ, വലുപ്പമുള്ള ഹെയർ ബൗകൾ എന്നിവ മഡോണയിലൂടെ അന്നത്തെ യുവത്വം ഏറ്റെടുത്തു. സീക്വിൻ ജാക്കറ്റുകൾ, മിലിട്ടറി ശൈലിയിലുള്ള ആക്‌സസറികളും റെഡ് ലെതർ ജാക്കറ്റുകളും മൈക്കിൾ ജാക്‌സണിലൂടെയാണ് യുവത്വം ഏറ്റെടുത്തത്. സംഗീതത്തിലൂടെ എൺപതുകളിലെ ഫാഷനെ നിർവചിച്ച ഗായകർ നിരവധിയാണ്. മാഗസിനുകളിലോ സ്‌റ്റോറുകളിലോ മാത്രം കണ്ടിരുന്ന ഇത്തരം ഫാഷനുകൾ ടെലിവിഷനിലൂടെ ലിവിങ് റൂമിലിരുന്ന് ആവർത്തിച്ചുകണ്ടുതുടങ്ങിയ പ്രേക്ഷകർ സ്വാഭാവികമായും അവരുടെ വാഡ്രോബുകൾ അതിനനുസരിച്ച് മാറ്റംവരുത്തിക്കൊണ്ടിരുന്നു.
കോർപറേറ്റ് ലോകത്തേക്കുള്ള സ്ത്രീകളുടെ വരവ്
സ്ത്രീകൾ കോർപറേറ്റ് ലോകത്തേക്ക് കടന്നുവരുന്നത് എൺപതുകളിലാണ്. വസ്ത്രധാരണത്തിൽ വലിയ മാറ്റങ്ങളാണ് ഈ മുന്നേറ്റത്തിലൂടെയുണ്ടായത്. ഷോൾഡർ പാഡുകൾ അവതരിപ്പിക്കപ്പെടുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്. വൈഡ് ഷോൾഡറും ഇടുങ്ങിയ വശങ്ങളും വലിയ ബെൽറ്റുകളും അവതരിപ്പിച്ച പവർ സ്യൂട്ടുകളും ബ്രൈറ്റ് ബ്ലേസറുകളും പെൻസിൽ സ്‌കർട്ടുകളും അതിന്റെ ഭാഗമായിരുന്നു. ഇരട്ട ബട്ടണുകളുള്ള ജാക്കറ്റുകളും അല്പം അയഞ്ഞ പ്ലീറ്റഡ് ട്രൗസറുകളും വലിയ ടൈകളും പുരുഷന്മാരുടെ ഇടയിൽ തരംഗമായി.
https://www.instagram.com/p/DdBCaCwGft9/?utm_source=ig_web_copy_link&stkn=NTc4MTIwNjQ2YQ==
ഡെനിം വിപ്ലവം!
ഡെനിം ജാക്കറ്റുകളും ജീൻസുകളും വിപ്ലവാത്മകമായ ശൈലിയിൽ കസ്റ്റമൈസ് ചെയ്താണ് യുവാക്കൾ ഉപയോഗിച്ചിരുന്നത്. ഹൈവെയ്സ്റ്റഡ് ജീൻസ്, ആസിഡ് വാഷ് ഫിനിഷസ്, ഓവർസൈസ്ഡ് ജാക്കറ്റ്‌സ്, ഡെനിം സ്‌കർട്ട്, എന്നിവയെല്ലാം ഹിറ്റാകുന്നത് എൺപതുകളിലാണ്. സ്‌നീക്കറിനും പംപ്‌സിനും ഒപ്പവും ലെതർ, ഗ്രാഫിക് ഷർട്ടുകൾക്കൊപ്പവും ആൺപെൺ വ്യത്യാസമില്ലാതെ യുവാക്കൾ ഡെനിമിനെ ചേർത്തുവച്ചു. ഫിറ്റ്‌നസ്സ് ക്ലാസുകളിൽ നിന്ന് പൊതുവിടത്തിലേക്ക് ലെഗ്ഗിങ്‌സ് എത്തുന്നത് എൺപതുകളിലാണ്.
https://www.instagram.com/p/DdA5AI2gZ_X/?utm_source=ig_web_copy_link&stkn=NTc4MTIwNjQ2YQ==
വലിയ ആക്‌സസറികളും കടുംവർണങ്ങളും
കടുംനിറത്തിലുള്ള വലിയ വളയങ്ങൾ പോലുള്ള കമ്മലുകൾ, വളകൾ, ലെയേർഡ് നെക്ലേസുകൾ, വീതിയുള്ള ബെൽറ്റുകൾ, വലിയ സൺഗ്ലാസുകൾ, ഹാൻഡ്ബാഗുകൾ, ബോൾഡ് വാച്ചുകൾ പംപുകളും ആങ്കിൾ ബൂട്ടുകളും ലോഫറുകളും, അത്‌ലറ്റിക് ഷൂകളും, പലവർണങ്ങളിലുള്ള സ്‌നീക്കറുകളും എല്ലാം എൺപതുകളിലാണ് അവതരിപ്പിക്കപ്പെട്ടത്. വലിയ വോളിയത്തിലുള്ള ബിഗ് ഹെയർ സ്‌റ്റൈലുകൾ പരീക്ഷിക്കപ്പെടുന്നതും എൺപതുകളിലാണ്. സൈഡ് പോണിടെയിലുകൾ, കട്ടിയുള്ള സ്‌റ്റൈലിഷ് ബാങ്ങുകളും എൺപതുകളിലെ ഹെയർസ്റ്റൈലുകളിൽ അവതരിക്കപ്പെട്ടിട്ടുണ്ട്. നിറങ്ങളുടെ അമിത ഉപയോഗം മേക്കപ്പിലും പ്രകടമായിരുന്നു.തിളക്കമുള്ള ബ്ലഷ്, കടുംനിറങ്ങളിലുള്ള ഐ ഷാഡോ, കറുത്ത ഐലൈനർ, ഗ്ലോസി ഫിനിഷുകൾ, കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ഇതെല്ലാം എൺപതുകളിലെ പരീക്ഷണമാണ്.
ലെഗസി ഇന്നും തുടരുന്നു
ഇന്ന് കാണുന്ന ഓവർസൈസ്ഡ് ബ്ലേസറുകളും, ഹൈ-വേസ്റ്റഡ് ഡെനിം ജീൻസുകളും, റെട്രോ സ്‌നീക്കറുകളും എൺപതുകളുടെ സംഭാവനയാണ്. ഗ്ലാമറും സ്റ്റൈലും ഹ്യൂമറും വിപ്ലവവും സ്റ്റാറ്റസും ഒരുപോലെ പ്രതിഫലിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു എൺപതുകളിലെ ഫാഷൻ. വസ്ത്രധാരണം എന്നത് കേവലം അലങ്കാരമല്ല, മറിച്ച് ആത്മാവിഷ്‌കാരമാണെന്ന് തെളിയിച്ച ആ പതിറ്റാണ്ട് ഇന്നും ലോകമെമ്പാടുമുള്ള റൺവേകളിൽ നിറഞ്ഞുനിൽക്കുന്നുമുണ്ട്. അക്ഷരാർഥത്തിൽ എൺപതുകൾ നിറങ്ങളുടെ വസന്തം തന്നെയായിരുന്നു എന്ന് ഓർമിപ്പിച്ചുകൊണ്ട്...
Content Highlights: Social media is flooded with AI-generated 80s vintage photos featuring iconic looks., Gen Z and influencers are embracing retro 80s fashion, big hair, and bold colors., Pop culture icons like Madonna and Michael Jackson heavily influenced 1980s style., The legacy of 80s fashion continues to inspire modern oversized blazers and high-waisted denim.