'സോനം തിരിച്ചെത്തിയിരിക്കുന്നു'; റെഡ് ആന്റ് വൈറ്റില്‍ സ്റ്റൈലിഷായി സോനം കപൂര്‍

ഫാഷന്‍ എന്നാല്‍ സോനം കപൂറിന് തന്റെ ജീവിതരീതി തന്നെയാണ്. എന്തിലും തന്റേതായ സ്റ്റേറ്റ്മെന്റ് കണ്ടെത്തുന്ന നടി കൂടിയാണ് സോനം. വസ്ത്രങ്ങളില്‍ അവര്‍ കൊണ്ടുവരുന്ന വ്യത്യസ്തത തന്നെയാണ് അവരെ ഫാഷന്‍ പ്രേമികളുടെ പ്രിയങ്കരിയാക്കി മാറ്റുന്നതും.
പുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങളെല്ലാം തന്നെ താരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോനത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. റെഡ് ആന്റ് വൈറ്റ് ഔട്ട്ഫിറ്റിലായിരുന്നു സോനത്തിന്റെ ഫോട്ടോഷൂട്ട്. ഓഫ് ഷോള്‍ഡര്‍ വൈറ്റ് ബോഡി സ്യൂട്ടും റെഡ് ഡെനിം മാക്‌സി സ്‌കര്‍ട്ടും താരത്തെ കൂടുതല്‍ സുന്ദരിയാക്കി. ലെതര്‍ കൊണ്ടുള്ള ബെല്‍റ്റാണ് ഈ സ്‌കര്‍ട്ടിന്റെ പ്രത്യേകത. ഒപ്പം ബ്ലാക്ക് ബൂട്ട്‌സ് കൂടി ചേര്‍ന്നതോടെ ലുക്ക് സ്‌റ്റൈലിഷായി.
കണ്ണിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന മേക്കപ്പാണ് ചെയ്തത്. നൂഡ് ലിപ്സ്റ്റിക്കും ഉപയോഗിച്ചു. മുടി അലസമായി അഴിച്ചിട്ട സ്‌റ്റൈലിലായിരുന്നു. ഗോള്‍ഡന്‍ ഹൂപ് ഇയര്‍ റിങ്‌സും ബ്ലാക്ക് ചോക്കര്‍ നെക്ക്‌ളേസുമായിരുന്നു ആഭരണങ്ങള്‍.
ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ സോനം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സഹോദരിയായ റിയ കപൂറാണ് സ്റ്റൈലിസ്റ്റ്. സോനത്തിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകര്‍ കമന്റുമായെത്തി. സോനം തിരിച്ചെത്തിയിരിക്കുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. പഴയ സോനത്തെ തിരിച്ചുകിട്ടി എന്നും ആരാധകര്‍ പറയുന്നു. അമ്മയായ ശേഷം ഫോട്ടോഷൂട്ടുകളുടെ എണ്ണം സോനം കുറച്ചിരുന്നു. സിനിമയിലും താരം അത്ര സജീവമല്ല.
Content Highlights: actress sonam kapoor is back in an off shoulder top and flared skirt