യുവതിയുടെ മാല കവർന്ന കേസ്; തലയാട് സ്വദേശി കൽപ്പറ്റയിൽ പിടിയിൽ

ബാലുശ്ശേരി : ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ സ്വർണമാല തട്ടിപ്പറിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തലയാട് സ്വദേശി ടി.എച്ച്. സഹൽ (28) ആണ് വയനാട് കല്പറ്റയിൽ വെച്ച് ബാലുശ്ശേരി പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു അറസ്റ്റ്.
വയനാട്ടിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനായ ഇയാൾക്കെതിരെ ബാലുശ്ശേരി, താമരശ്ശേരി സ്റ്റേഷനുകളിൽ മറ്റ് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ഈ കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് സന്ധ്യാ തിയ്യേറ്ററിന് പിറകിലെ കാറ്റലിസ്റ്റ് കോളേജ് ഇടവഴിയിൽവെച്ചായിരുന്നു സംഭവം. ബാലുശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ രാജഗിരി വില്ലൂന്നിപറമ്പിൽ അനുശ്രീ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുന്നതിനിടെ പിന്നാലെയെത്തിയ പ്രതി കഴുത്തിൽ കിടന്ന രണ്ടു പവന്റെ സ്വർണമാല പിടിച്ചുപറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തിന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ദൃശ്യങ്ങളിൽ പ്രതി ഓടി രക്ഷപ്പെടുന്നത് വ്യക്തമായിരുന്നു. തുടർന്ന് ബാലുശ്ശേരി പോലീസ് നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാത്രി കല്പറ്റയിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇൻസ്പെക്ടർ പി. റഫീഖ്, എസ്.ഐ. അനുഷ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടർനടപടികൾക്കായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. വ്യാഴാഴ്ച പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.