ചാലിയം തീരദേശത്ത് കടൽഭിത്തി നിർമാണത്തിന് വീണ്ടും തുടക്കം

വ്യാഴാഴ്ച മുതൽ കല്ലുകൾ വീണ്ടും ഇറക്കിത്തുടങ്ങും
ചാലിയം : ചാലിയത്തെ തീരദേശത്തിന് ഇനി ആശ്വസിക്കാം. സുരക്ഷയുടെ മുന്നൊരുക്കങ്ങളുമായി വീണ്ടും കടൽഭിത്തി നിർമാണത്തിന് തുടക്കമാകുകയാണ്. ഇതിന്റെഭാഗമായി ഒരാഴ്ചയോളമായി നിർത്തിവെച്ചിരുന്ന കല്ലടിക്കൽ ജോലികൾ വ്യാഴാഴ്ച പുനരാരംഭിക്കും. നിലവിൽ അമ്പതുലോഡിലേറെ കല്ലുകൾ കടൽഭിത്തിക്കു സമീപത്തായി ഇറക്കിയിട്ടുണ്ട്. 794 മീറ്ററിലാണ് പുതുതായി കടൽഭിത്തി നിർമിക്കുന്നത്. ജോലികൾ പെട്ടെന്ന് പൂർത്തിയാക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ടെന്ന് ജലസേചനവിഭാഗം അധികൃതർ അറിയിച്ചു. ബൈത്താനി മുതൽ കപ്പലങ്ങാടി-വാക്കടവ് മേഖലയിലാണ് ഭിത്തിനിർമിക്കുന്നത്. വീടുകളോടുചേർന്ന ഭാഗത്ത് കടലിലേക്ക് കല്ലുകളിറക്കി 100 മീറ്റർ വീതിയിലാകും ഭിത്തി നിർമിക്കുന്നത്.
കടലിലേക്ക് കല്ലിറക്കിയിട്ടുള്ള ശാസ്ത്രീയരീതിയിലാണ് ഭിത്തിനിർമാണം. കടൽ നിരപ്പിൽനിന്ന് മൂന്നരമീറ്റർ ഉയരത്തിൽ എന്ന കണക്കിലാണ് ഭിത്തിനിർമാണമെന്ന് അധികൃതർ അറിയിച്ചു. രണ്ട് നിരയായാണ് കല്ലിടുക. നിലവിലുള്ള ചെറിയ കല്ലുകൾ കടലിലേക്ക് തള്ളിയിട്ട് അതിനു മുകളിൽ പുതിയകല്ല്്്സ്ഥാപിച്ച് ശാസ്ത്രീയമായാണ് ഭിത്തി നിർമിക്കുന്നത്. കല്ലടിക്കൽ ഓഗസ്റ്റ് മാസത്തിൽത്തന്നെ തുടങ്ങിയിരുന്നെങ്കിലും പ്രതികൂലകാലാവസ്ഥ, ഒാണാവധി എന്നിവമൂലം വിവിധഘട്ടങ്ങളിലായി നിർത്തിവെച്ചിരുന്ന ജോലികളാണ് പുനരാരംഭിക്കുന്നത്.
വലിയകല്ലുകളായ 30,000 നമ്പർസ്‌റ്റോണുകളും ഇവിടെ ഇറക്കേണ്ടതുണ്ട്. മുൻ ഇടതു സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ നവകേരളസദസ്സുവഴി അനുവദിക്കപ്പെട്ട ആറുകോടി രൂപ ചെലവിട്ടാണ് തീരദേശത്ത് കൂടുതൽ കടൽഭിത്തി നിർമിക്കുന്നത്. കഴിഞ്ഞവർഷം കടുക്കബസാർ ബൈത്താനിയിൽ 89 മീറ്ററിൽ നിർമിച്ച ഭിത്തിയുടെ തുടർച്ചയായിത്തന്നെയാണ് പുതിയ ഭിത്തിയൊരുങ്ങുന്നത്. ഇവിടം മുതൽ കപ്പലങ്ങാടി വാർഡിന്റെ പകുതിപ്രദേശം വരെയായിരിക്കും ഭിത്തിനിർമിക്കുന്നത്. അതോടൊപ്പം ഭാഗികമായി തകരുകയോ കല്ലുകൾ അടർന്നുപോകുകയോ ചെയ്ത സ്ഥലത്ത് ഭിത്തിനവീകരണവും ഇതോടൊപ്പം നടത്തും.
അതേസമയം കഴിഞ്ഞവർഷത്തിന്റെ തനിയാവർത്തനമായി ഇത്തവണയും ഭിത്തി കവിഞ്ഞ് കടൽത്തിരകളെത്തിയത് തീരദേശത്തെ പരിഭ്രാന്തരാക്കിയിരുന്നു. കപ്പലങ്ങാടി-വാക്കടവ് മേഖലയിൽ പലേടത്തും കടൽഭിത്തി തകർന്നു കിടക്കുകയാണ്. ചിലഭാഗങ്ങളിൽ കടൽഭിത്തിയില്ല. ജൂലായിൽ കാലവർഷം ശക്തമായതോടെ ചാലിയം ഫിഷിങ്ഗ്യാപ്പ്, പുലിമുട്ട് ഭാഗത്തും കടൽപ്രക്ഷുബ്ധമായിരുന്നു. കാലവർഷമടുക്കുമ്പോൾമാത്രം ഭിത്തിനിർമാണത്തെക്കുറിച്ചാലോചിക്കുന്ന അധികൃത നിലപാടിനെതിേരയും പ്രതിഷേധം രൂക്ഷമായിരുന്നു.