ഒരു മാസത്തിനിടെ ഒരു ഡസനോളം അപകടങ്ങൾ; അപകടത്തുരുത്തായി മാമ്പറ്റ

മുക്കം : ഒരു മാസത്തിനിടെ ചെറുതും വലുതുമായ ഒരു ഡസനോളം വാഹനാപകടങ്ങൾ! മുക്കം നഗരസഭയിലെ മാമ്പറ്റ ജങ്ഷനും പരിസരവും അപകടത്തുരുത്തായി മാറിയതോടെ ആശങ്കയിലാണ് നാട്ടുകാർ. അതിവേഗം, അശ്രദ്ധമായ ഡ്രൈവിങ്, റോഡിലെ തിരക്ക്, അനധികൃത പാർക്കിങ് തുടങ്ങിയവയാണ് അപകടങ്ങൾക്ക് പ്രധാനകാരണമെന്ന് നാട്ടുകാർ പറയുന്നു.

അഗസ്ത്യൻമുഴി-കുന്ദമംഗലം സംസ്ഥാന പാതയിൽ സംഗമിക്കുന്ന റോഡുകൾ നവീകരിച്ചതും മാമ്പറ്റയിൽ അപകടങ്ങൾ പതിവാക്കി. മുക്കം- താമരശ്ശേരി സംസ്ഥാനപാതയുടെ ബദൽപ്പാതയായ മുക്കം പി.സി. ജങ്ഷൻ-കയ്യിട്ടാപ്പൊയിൽ-മാമ്പറ്റ റോഡും, മാമ്പറ്റ-വട്ടോളിപ്പറമ്പ്- അമ്പലക്കണ്ടി റോഡും കഴിഞ്ഞവർഷം വീതികൂട്ടി നവീകരിച്ചിരുന്നു.

അഗസ്ത്യൻമുഴി അങ്ങാടിയിലെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷനേടാൻ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുറ്റിപ്പാല-മാമ്പറ്റ വഴി സഞ്ചരിക്കുന്നതും ജങ്ഷനിലെ ഗതാഗതനിയന്ത്രണ സംവിധാനങ്ങളുടെ അപര്യാപ്തതയും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. രാത്രികാലങ്ങളിലെ വെളിച്ചക്കുറവും അപകടസാധ്യത കൂട്ടുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 19-ന് മാമ്പറ്റയിൽ കാർ ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴുത്തിനും കൈക്കും പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തൊട്ടടുത്തദിവസം ബൈക്കുകൾ കൂട്ടിയിടിച്ചും അപകടമുണ്ടായി. തിരുവോണ ദിവസം അർധരാത്രിയിൽ നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ട ജീപ്പിലിടിച്ച്, ജീപ്പ് ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചു കയറിയും അപകടമുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറി​െൻറ മുൻഭാഗവും ജീപ്പും ബസ് കാത്തിരിപ്പുകേന്ദ്രവും തകർന്നിരുന്നു. ഡി.വൈ.എഫ്.ഐ. നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രമാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.

ഓഗസ്റ്റ് 20-ന്, അഗസ്ത്യൻമുഴി അങ്ങാടിയിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാൻ കുറ്റിപ്പാല വഴി വന്ന സ്വകാര്യബസ് കാറിലിടിച്ചും അപകടമുണ്ടായി. അതിവേഗത്തിലെത്തിയ ബസ് അഗസ്ത്യൻമുഴി-കുന്ദമംഗലം സംസ്ഥാന പാതയിലേക്ക് കയറാൻ ശ്രമിക്കവെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ കലുങ്കിലിടിച്ചാണ് നിന്നാണ്. കാർ തോട്ടിലേക്ക് മറിയാതിരുന്നതിനാൽ വൻ അപകടം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു.

അപകടങ്ങൾ തുടർച്ചയായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ജങ്ഷനിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ഗതാഗതനിയന്ത്രണം ശക്തമാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാനാണ് നാട്ടുകാരുടെ തീരുമാനം.