പെരുവണ്ണാമൂഴി ഡാം റിസർവോയർ: തുരുത്തുകളിൽ ടൂറിസം സാധ്യതതേടി ജലവിഭവവകുപ്പ്

പേരാമ്പ്ര : കുറ്റ്യാടി ജലസേചനപദ്ധതിക്ക് കീഴിൽവരുന്ന പെരുവണ്ണമൂഴി ഡാമിൽ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി തയ്യാറാക്കുന്ന കാര്യം ജലവിഭവവകുപ്പിന്റെ പരിഗണനയിൽ. ഡാം റിസർവോയറിൽ വെള്ളത്താൽ ചുറ്റപ്പെട്ട ഒട്ടേറെ തുരുത്തുകളുണ്ട്. ഇവ ഫ്ളോട്ടിങ് പാലങ്ങൾ ഉപയോഗിച്ച് ബന്ധിപ്പിച്ച് വിവിധ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതാണ് പരിഗണനയിലുള്ളത്. കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പാപ്പച്ചൻ കൂനംതടം സമർപ്പിച്ച നിവേദനത്തെത്തുടർന്ന് കണ്ണൂർ പ്രോജക്ട് സർക്കിൾ സൂപ്രണ്ടിങ് എൻജിനിയർ സമർപ്പിച്ച റിപ്പോർട്ട് കോഴിക്കോട് ചീഫ് എൻജിനിയർ ജലവിഭവവകപ്പ് സെക്രട്ടറിക്ക് കൈമാറി.

പെരുവണ്ണാമൂഴി ഡാം മേഖലയിൽ റോപ്പ് വേ, ട്രക്കിങ്, ബോട്ടിങ്, ടെന്റ് സ്റ്റേ, ടർഫ്, നീന്തൽ, വാട്ടർഷോ, സ്‌നേക്ക് പാർക്ക്, ആയുർവേദ സ്പാ, ഏറുമാടങ്ങൾ, ഇളനീർ പാർക്ക്, പക്ഷിനിരീക്ഷണം, ഫിഷിങ്, സൈക്കിൾ സവാരി, കളരിപ്രദർശനം, ഊഞ്ഞാലുകൾ, പൂന്തോട്ടമൊരുക്കൽ, യോഗാപരിശീലനം, കുട്ടികളുടെ പാർക്ക്, മുതലവളർത്തുകേന്ദ്രം തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കുന്നത് പരിഗണിക്കണം എന്നാവശ്യപ്പെട്ടായിരുന്നു നിവേദനം. ടൂറിസം പദ്ധതിയുടെ സാധ്യത പരിശോധിച്ച് രൂപരേഖ തയ്യാറാക്കേണ്ടതുണ്ടെന്നും ഫണ്ട് ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും ചീഫ് എൻജിനിയർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചും പൊതു-സ്വകാര്യ പങ്കാളിത്തരീതിയിലും നടപ്പാക്കാം. ഡാം റിസർവോയറിനുള്ളിൽ ചെയ്യുന്ന കാര്യങ്ങൾക്ക് ദേശീയ ഡാം സുരക്ഷാനിയമപ്രകാരം അനുമതിയും ലഭിക്കേണ്ടതുണ്ട്. പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ പരമാവധി ജലനിരപ്പ് 44.61 മീറ്ററാണ്. ഈ പരിധിക്ക് മുകളിൽവരുന്ന തുരുത്തുകളിൽ മാത്രമേ ടൂറിസം പദ്ധതികൾ നടപ്പാക്കാനും കഴിയൂ. സർവേ നടത്തി സ്ഥലങ്ങൾ കണ്ടെത്തി ടൂറിസം വികസിപ്പിക്കാൻ കഴിഞ്ഞാൽ പ്രദേശവാസികൾക്ക്‌ ഗുണംചെയ്യുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റികൾ വഴിയാണ് ഈ മേഖലയിൽ ടൂറിസം വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. പദ്ധതികൾ നടപ്പാക്കുമ്പോൾ ഈ കമ്മിറ്റികളുടെ അഭിപ്രായവും ആരായേണ്ടതുണ്ടെന്ന് സൂപ്രണ്ടിങ് എൻജിനിയർ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.