സർവീസ് റോഡിന് വീതികൂടും

കോഴിക്കോട് ബൈപ്പാസിൽ ഏറ്റെടുക്കുന്നത് 2.13 ഏക്കർ ഭൂമി
രാമനാട്ടുകര: കോഴിക്കോട് ബൈപ്പാസിന്റെ വെങ്ങളംമുതൽ രാമനാട്ടുകരവരെയുള്ള ഭാഗത്തിന്റെ ഇരുവശത്തെയും സർവീസ് റോഡുകൾ വീതികൂട്ടി വികസിപ്പിക്കുന്നു. മൊത്തം 28 കിലോമീറ്റർ ദൈർഘ്യംവരുന്ന ബൈപ്പാസ് സർവീസ് റോഡിന്റെ വീതികുറവുള്ള ഭാഗങ്ങൾ മാത്രമാണ് പ്രത്യേകമായി കണ്ടെത്തി വികസിപ്പിക്കുന്നത്. ഇതിന്റെ ഭൂമിയേറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടിക്രമങ്ങൾ ആരംഭിച്ചു.
ബൈപ്പാസിന്റെ ഈ റീച്ചിന്റെ നിർമാണം നടത്തിയ കെ.എം.സി. കമ്പനിതന്നെയാണ് ഈ പ്രവൃത്തിയും നടത്തുന്നത്. ഭൂമിയേറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള 3 എ നോട്ടിഫിക്കേഷൻ(ഏറ്റെടുക്കുന്ന ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന നടപടി) ഘട്ടത്തിലെത്തിനിൽക്കുകയാണ് കാര്യങ്ങൾ.
2.13 ഏക്കർ ഭൂമിയാണ് മൊത്തം ഏറ്റെടുക്കേണ്ടത്. മാസങ്ങൾക്കുമുൻപാണ് സർവീസ് റോഡ് വീതികൂട്ടണമെന്ന കാര്യം ചൂണ്ടിക്കാട്ടി കെ.എം.സി. ദേശീയപാതാ അതോറിറ്റിക്ക് കത്തയച്ചത്. 6.25 മീറ്ററാണ് സർവീസ് റോഡിന്റെ വീതി. എന്നാൽ, പലഭാഗത്തും ഇത് മൂന്നുമീറ്ററോ അതിൽ കുറവോ ആണ്. ഈഭാഗങ്ങളുടെ വീതി 6.25 മീറ്ററായി വികസിപ്പിക്കുന്ന പ്രവൃത്തികളാണ് തുടങ്ങുന്നത്.
ഒരുമാസത്തിനകം ഏറ്റെടുപ്പുജോലികൾ നടത്തിയാൽ ആറുമാസത്തിനകംതന്നെ സർവീസ് റോഡ് വീതികൂട്ടൽ പ്രവൃത്തി പൂർത്തീകരിക്കാമെന്നാണ് പ്രതീക്ഷ. തൊണ്ടയാട് ആഴാതൃക്കോവിൽ ഭാഗം, പൊറ്റമ്മലിലെ കോഴിക്കോടൻ ഹോട്ടൽ പരിസരം, പന്തീരാങ്കാവ് മേഖലയിലെ ചില സ്ഥലങ്ങൾ, രാമനാട്ടുകര സർവീസ് റോഡ് എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലാണ് ഏറെ വീതികുറവുള്ളത്. ചിലയിടത്ത് മൂന്നുമീറ്റർ മാത്രമായിരുന്നു വീതി. ബൈപ്പാസിന്റെ കിഴക്കുവശത്ത് തൊണ്ടയാട് മെട്രോ ആശുപത്രിക്ക് എതിർവശം 60 മീറ്ററോളം സർവീസ് റോഡേയില്ല. ഇതുമൂലം ഈ ഭാഗങ്ങളിൽ കനത്ത ഗതാഗതതടസ്സം അനുഭവപ്പെട്ടിരുന്നു. പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിരയും കാണാമായിരുന്നു. ബൈപ്പാസിനായി ഭൂമിയേറ്റെടുത്ത കാലത്ത് ആറുവരിപ്പാതയോ അനുബന്ധസൗകര്യങ്ങളോ വിഭാവനംചെയ്തിരുന്നില്ല.
എന്നാൽ, പുതിയ സാഹചര്യത്തിലേക്ക് ബൈപ്പാസിന്റെയും സർവീസ്‌റോഡിന്റെയും രൂപഘടന മാറിയതാണ് റോഡിൽ ഇടവിട്ടുള്ള സ്ഥലങ്ങളിലെ വീതികുറവിനുള്ള കാരണമായി പറയുന്നത്. വീതിയുള്ള ഭാഗമാണെങ്കിലും തൊണ്ടയാട് ജങ്ഷനിൽ സർവീസ് റോഡിൽ അനുദിനം വർധിക്കുന്ന ഗതാഗതക്കുരുക്ക് പരിഗണിച്ച് ജങ്ഷന്റെ നാലുവശവും വീതികൂട്ടുന്നുണ്ട്. സർവീസ് റോഡിന് വേണ്ടത്ര വീതിയില്ലാത്തത് പലയിടത്തും റോഡപകടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയുമുണ്ടായിരുന്നു.
അനുമതികാത്ത് ആറ് നടപ്പാലങ്ങൾ
കോഴിക്കോട് ബൈപ്പാസിന്റെ സർവീസ് റോഡിൽ ആറു നടപ്പാലങ്ങൾകൂടി നിർമിക്കുന്നതിനുള്ള പദ്ധതി അധികൃതരുടെ അനുമതി കാത്തുകിടക്കുകയാണ്. കുണ്ടൂപ്പറമ്പ് മൊകവൂർ മേഖല, തൊണ്ടയാട് സ്റ്റാർകെയർ ആശുപത്രി മേഖല, തൊണ്ടയാട് ആഴാതൃക്കോവിൽ പരിസരം, തൊണ്ടയാട് മെട്രോ ഹോസ്പിറ്റൽ, പന്തീരാങ്കാവ് അത്താണി, അഴിഞ്ഞിലം തളിക്ഷേത്രം എന്നിവിടങ്ങളിലാണ് ലിഫ്റ്റ് സഹിതമുള്ള നടപ്പാലങ്ങൾ നിർമിക്കുന്നത്. നാട്ടുകാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് കെ.എം.സി. അധികൃതർ ഇതിനുള്ള നടപടി നീക്കിയത്. ഇതിനുള്ള സ്ഥലംകൂടി ഉൾപ്പെടുത്തിയാണ് .86 ഹെക്ടർ ഏറ്റെടുക്കുന്നത്. സ്ഥലമേറ്റെടുപ്പ് പൂർത്തിയാകുന്നതോടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അടിപ്പാതയ്ക്കായി ശക്തമായി ആവശ്യമുയർന്നിരുന്ന ചിലസ്ഥലങ്ങളിലാണ് ലിഫ്റ്റുകളില്ലാത്ത നടപ്പാലം വരുന്നത്. 42 വീതം പടിക്കെട്ടുകളുണ്ടായിരിക്കും ഇവയ്ക്ക്.