ഓർമ്മത്തേരിലേറുന്ന കേരളപ്പിറവി; മലബാറിന്റെ ഭരണസിരാകേന്ദ്രം ഹജൂർ കച്ചേരിയിൽ നിന്ന് സിവിൽ സ്റ്റേഷനിലേക്ക്

കോഴിക്കോട്: ഐക്യകേരളം രൂപപ്പെടുമ്പോൾ മലബാർ കളക്ടറേറ്റ് കോഴിക്കോട് മാനാഞ്ചിറയിലായിരുന്നു. ഇപ്പോഴത്തെ എൽ.ഐ.സി. കെട്ടിടമുള്ള സ്ഥലത്ത്. ഹജൂർ കച്ചേരിയെന്ന് പേര്. ഓടിട്ട കെട്ടിടം. നിലം തടികൊണ്ട് . വലിയ തടി ഗോവണിയിൽ മുകളിലേക്ക് . അധികാരത്തിന്റെ സ്വരങ്ങൾക്ക് കാതോർത്ത് പകിട്ടുള്ള യൂണിഫോമിട്ട് ഡഫേദാർമാർ , ശിരസ്തദാർമാർ... ആളുകൾ ആയാസപ്പെട്ട് ആട്ടുന്ന പഴയതരം പങ്കകൾ. റോഡുകൾ വലിയ ഇടവഴികൾ മാത്രം. കെട്ടിടത്തിനു മുന്നിൽ സ്വാതന്ത്ര്യസമരസേനാനി പീരങ്കി നമ്പീശൻ കൊടിനാട്ടിയ അതേ പീരങ്കി... - പഴയ കളക്ടറേറ്റിന് വന്ന മാറ്റം ഓർത്തെടുക്കുകയാണ് ഗാന്ധി പീസ് ഫൗണ്ടേഷന്റെയും സർവ്വോദയമണ്ഡലത്തിന്റെയും പ്രസിഡന്റായ ടി.ബാലകൃഷ്ണൻ.
' ഞാൻ മടപ്പള്ളി കോളേജിൽ യൂണിയൻ സ്പീക്കറായിരുന്നു. ഇന്നത്തെ യൂണിയൻ ചെയർമാൻ തന്നെ. 1965 - 66 കാലം. പ്രിൻസിപ്പൽ പാലക്കാട് സ്വദേശി മാധവമേനോൻ. അദ്ദേഹം മദിരാശി മന്ത്രിസഭയിൽ മലബാറിന്റെ മന്ത്രിയായിരുന്ന കൊങ്ങാട്ട് രാമൻ മേനോന്റെ മരുമകനാണ്. യൂണിയൻ ഉദ്ഘാടനത്തിന് കളക്ടർ കർണാടകസ്വദേശി മഹാബല ഭണ്ഡാരിയെ ക്ഷണിക്കണം. പ്രിൻസിപ്പലിന്റെ കത്തുണ്ട്. കളക്ടർക്ക് നല്കാൻ ആ കത്തുമായി ഹജൂർ കച്ചേരിയിൽ പോയത് നല്ല ഓർമ്മയുണ്ട്. എന്റെ നാട്ടുകാരനായ അഴിയൂർക്കാരനായ ടി.സി.നാണുപ്പണിക്കർ കളക്ടറേറ്റിൽ ഫിനാൻസ് ഓഫീസറായിരുന്നു. പിന്നീട് അദ്ദേഹം സെക്രട്ടറിയേറ്റിലേക്ക് പോയി. കളക്ടറെ കാണാൻ സഹായിച്ചത് പണിക്കരാണ്. വെറ്റ് ആന്റ് വൈറ്റായിരുന്നു കളക്ടറുടെ വേഷം. ഒന്നാംതരം ഒരു ഓവർകോട്ടും. അങ്കണത്തിൽ ദേശീയപതാക പാറിക്കളിക്കുന്നു. 1970- വരെ , വേണമെങ്കിൽ ഹെറിറ്റേജ് കെട്ടിടമാക്കാമായിരുന്ന ഇവിടമായിരുന്നു ഭരണ സിരാ കേന്ദ്രം. ആംഗ്ലോ ഇന്ത്യൻ വാസ്തുകലയിൽ നിർമ്മാണം. 96 കൊല്ലം പഴക്കമുള്ളപ്പോഴാണ് പൊളിച്ചത്. ഡൈനാമിറ്റ് വച്ച് തകർക്കുകയായിരുന്നു. ബലവത്തായ കെട്ടിടം നിർമ്മിച്ചത് സുർക്കിയിലും ചെങ്കല്ലിലും ബർമ്മീസ് തേക്കിലുമാണ്. ഇതെക്കുറിച്ച് 'സിറ്റി ഓഫ് ട്രൂത്ത്' എന്ന പുസ്തകത്തിൽ ചരിത്രകാരൻ ഡോ.എം.ജി.എസ്. നാരായണൻ വിവരിക്കുന്നുണ്ട്. ' - ബാലകൃഷ്ണൻ പറഞ്ഞു.
കേരളപ്പിറവി ആഘോഷിച്ചത് അഴിയൂർ ഈസ്റ്റ് യു.പി. സ്ക്കൂളിൽ വച്ചാണ്. വടകര സബ് ഡിസ്ട്രിക്ടിലെ കുട്ടികൾക്കെല്ലാം അവിടെയായിരുന്നു ആഘോഷം. കുട്ടികൾ ദേശഭക്തി ഗാനം പാടി. ഗാന്ധിമാർഗ്ഗക്കാരായ ഏതാനും അധ്യാപകർ പ്രസംഗിച്ചു. കൈനിറയെ മധുരപലഹാരം കിട്ടിയ സന്തോഷത്തിലായിരുന്നു കുട്ടികൾ. സംസ്ഥാനപ്പിറവിയുടെ ഗൗരവമൊന്നും അന്ന് മനസ്സിലായില്ല.
മലാപ്പറമ്പിലെ പഴയ ജഡ്ജി ബംഗ്ലാവിനോട് ചേർന്നാണ് 34 ഓഫീസുകളും ഒരു തപാലാപ്പീസും സ്റ്റേറ്റ് ബാങ്ക് ശാഖയുമായി ഇന്നത്തെ കളക്ടറേറ്റ് പ്രവർത്തനമാരംഭിക്കുന്നത്.1972 ജൂലൈ 26-ന്. 1793-ൽ ശ്രീരംഗപട്ടണം ട്രീറ്റി മുഖേനയാണ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് മലബാർ കിട്ടുന്നത്. അങ്ങനെ മലബാർ അവരുടെ മദ്രാസ് പ്രവിശ്യയുടെ ഭാഗമായി. 1966 ഒക്ടോബർ 31 വരെ മലബാർ ജില്ലയായിരുന്നു. 1956 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കോഴിക്കോട് ജില്ലയായി. മുമ്പ് കോഴിക്കോട് ജില്ലയിൽ മലപ്പുറവും വയനാടിന്റെ നല്ലപങ്കും ഉൾപ്പെട്ടിരുന്നു.
32 ലക്ഷം രൂപ ചിലവഴിച്ചാണ് ഇന്നത്തെ കളക്ടറേറ്റ് നിർമ്മിച്ചത്. ഇപ്പോഴത്തെ ഇ- ബ്ലോക്കായിരുന്നു ആദ്യം ഉദ്ഘാടനം ചെയ്തത്. അന്നത്തെ മന്ത്രി ടി.കെ.ദിവാകരനായിരുന്നു ഉദ്ഘാടകൻ. മന്ത്രി ബേബി ജോൺ ദേശീയപതാക ഉയർത്തി. ഇന്ന് 2500 - ലേറെ ജീവനക്കാരുടെ പ്രവർത്തനകേന്ദ്രമായി 13.2 ഏക്കർ സ്ഥലത്ത് സിവിൽ സ്റ്റേഷൻ തലയെടുപ്പോടെ നില്ക്കുന്നു. അനുബന്ധമായി ജില്ലാ പഞ്ചായത്ത് ഓഫീസുമുണ്ട്. ഹജൂർ കച്ചേരിയിൽ നിന്ന് ഇന്നത്തെ സിവിൽ സ്റ്റേഷനിലേക്കുള്ള വളർച്ചക്കൊപ്പം കോഴിക്കോട് നഗരവും ജില്ലയും ഒരുപാട് വളർന്നു. - വെൺമയാർന്ന തലമുടിയിഴകളിൽ തലോടി ബാലകൃഷ്ണൻ പറഞ്ഞുനിർത്തി .
Content Highlights: The original Malabar Collectorate (Hazur Kacheri) was located at Mananchira, Kozhikode., The 96-year-old heritage building made of Burma teak and laterite was demolished using dynamite., The new collectorate and civil station in Malapparamba started functioning on July 26, 1972., Kozhikode district was formed on November 1, 1956, during Kerala Piravi.