പരിമിതികൾക്കപ്പുറം പ്രതിഭയുടെ ചുവടുകൾ; ജില്ലാ കലോത്സവത്തിന് തുടക്കം

ഭിന്നശേഷിക്കാരായ കുട്ടികളെയും മറ്റു വിദ്യാർഥികളെയും ചേർത്ത് അണിയിച്ചൊരുക്കി ഉദ്ഘാടന ചടങ്ങിൽ അരങ്ങേറിയ ഇൻക്ലൂസീവ് നൃത്തശിൽപത്തിൽ നിന്ന്.
ഭിന്നശേഷിക്കാരായ കുട്ടികളെയും മറ്റു വിദ്യാർഥികളെയും ചേർത്ത് അണിയിച്ചൊരുക്കി ഉദ്ഘാടന ചടങ്ങിൽ അരങ്ങേറിയ ഇൻക്ലൂസീവ് നൃത്തശിൽപത്തിൽ നിന്ന്.

മുക്കം: സ്നേഹത്തിൻെറയും മതസൗഹാർദത്തിന്റെയും നാട്ടിൽ കരുതലിന്റെയും ചേർത്തുപിടിക്കലിന്റെയും മാതൃക തീർത്ത് ജില്ലാ കലോത്സവത്തിന് വേറിട്ട തുടക്കം.

ഭിന്നശേഷിക്കാരായ കുട്ടികളെയും മറ്റുവിദ്യാർഥികളെയും കൂട്ടി അണിയിച്ചൊരുക്കിയ ഇൻക്ലൂസീവ് നൃത്തശില്പത്തോടെയാണ് ഇത്തവണത്തെ റവന്യൂ ജില്ലാ കലോത്സവത്തിന്റെ തിരശ്ശീല ഉയർന്നത്.

ഭിന്നശേഷിക്കാരുടെ പരിമിതികളില്ലാത്ത ചുവടുകൾ ഉദ്ഘാടനച്ചടങ്ങിനെ ഹൃദയസ്പർശിയാക്കി. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളെ കോർത്തിണക്കി കുന്ദമംഗലം ബി.ആർ.സി.യിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളും അവരുടെ സഹപാഠികളും ചേർന്നായിരുന്നു നൃത്തശില്പം അവതരിപ്പിച്ചത്.

കേരളം, ദേശീയത, ലഹരി, പരിസ്ഥിതി തുടങ്ങിയവ ‘റിഥം’ ഇൻക്ലൂസീവ് നൃത്തശില്പത്തിന്റെ സന്ദേശമായി. പരിമിതികൾ മറന്ന് ഭിന്നശേഷിക്കാരായ കുട്ടികൾ ചുവടുവെച്ചപ്പോൾ കുരുന്നുകളുടെ മുഖത്ത് വിരിഞ്ഞ ആത്മവിശ്വാസവും ഒത്തിണക്കവും കരഘോഷത്തോടെ ആസ്വാദകർ സ്വീകരിച്ചു. കലയും ആഘോഷങ്ങളും എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന സന്ദേശംകൂടിയാണ് സംഘനൃത്തത്തിലൂടെ അവതരിപ്പിച്ചത്.

കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോനിർമാണമത്സരത്തിൽ പങ്കെടുത്ത മുഴുവൻ ഭിന്നശേഷി വിദ്യാർഥികളെയും ചടങ്ങിൽ അഭിനന്ദിച്ചതും മത്സരത്തിൽ വിജയിയായ കുന്ദമംഗലം മർകസ് ഗേൾസ് സ്കൂളിലെ രജ നൗറിനെ മന്ത്രി ഉപഹാരം നൽകി അനുമോദിച്ചതും ചടങ്ങിനെ മനോഹരമാക്കി.

Content Highlights: The Revenue District Kalolsavam opened in Mukkam with an inspiring inclusive dance performance by specially-abled students alongside their peers.