പ്രസവവേദനയുമായെത്തിയ യുവതിക്ക് പരിചരണം നൽകിയില്ലെന്ന് പരാതി: ഡി.എം.ഒ. അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് : പ്രസവവേദനയുമായെത്തിയ യുവതിക്ക് പരിചരണം നൽകാതെ താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽനിന്ന് ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്കയച്ചെന്നും ഇതുകാരണം കുഞ്ഞ് ഗുരുതരാവസ്ഥയിലായെന്നുമുള്ള പരാതിയിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ.) അന്വേഷണത്തിന് ഉത്തരവിട്ടു.
അഡീഷണൽ ഡി.എം.ഒ. ഡോ. ടി. മോഹൻദാസിനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ഡി.എം.ഒ. ഡോ. എൻ. രാജേന്ദ്രൻ പറഞ്ഞു. അന്വേഷണം നടത്തി എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് മാസം വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് കഴിഞ്ഞദിവസം മരിച്ചിരുന്നു. പുതുപ്പാടി, ഈങ്ങാപ്പുഴ നടക്കുത്ത് കോരങ്ങൽ വീട്ടിൽ ബിന്ദുവിന്റെയും മണ്ണാർക്കാട് സ്വദേശി ഗിരീഷിന്റെയും കുഞ്ഞാണ് മരിച്ചത്.
താമരശ്ശേരി താലൂക്കാശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജാശുപത്രിയിലേക്കയച്ച ബിന്ദു ശസ്ത്രക്രിയയില്ലാതെ പ്രസവിച്ചെങ്കിലും തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടതിനെത്തുടർന്ന് അന്നുമുതൽ കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു. ഗർഭിണിയായിരുന്നപ്പോൾ മുതൽ താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലെ ഡോക്ടറെയാണ് ബിന്ദു കണ്ടിരുന്നത്. ഡിസംബർ 13-ന് രാത്രി 10-ന് പ്രസവവേദന തുടങ്ങിയതോടെ ആശുപത്രിയിലെത്തിയെങ്കിലും ഓൺകോൾ ഡ്യൂട്ടിയിലായിരുന്ന ഗൈനക്കോളജിസ്റ്റ് മെഡിക്കൽകോളേജിലേക്ക് അയക്കാൻ പറയുകയായിരുന്നു.
ഗർഭപാത്രത്തിൽ തലതിരിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. കുഞ്ഞിന്റെ കാൽ പുറത്തേക്ക് വന്നു തുടങ്ങിയിട്ടും നഴ്സുമാർ താൻ ഉടുത്തിരുന്ന പാവാട വലിച്ചുകീറി അടിവയറ്റിൽ മുറുക്കിക്കെട്ടി ആംബുലൻസിൽ മാതൃശിശു സംരക്ഷണകേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നെന്ന് ബിന്ദു പറയുന്നു.
Content Highlights: Complaint woman who came with labor pains not given care DMO inquiry