പഴയ കെ.കെ.റോഡ് നന്നാക്കാൻ കുത്തിപ്പൊളിച്ചു; ഇപ്പോൾ റോഡുമില്ല, ടാറിങ്ങുമില്ല

കോട്ടയം : പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി പഴയ കെ.കെ. റോഡിലെ നടുവൊടിയുന്ന യാത്ര മടുത്തിട്ടാണ് നാട്ടുകാർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജനകീയ ആവശ്യം ശക്തമായതോടെ റോഡ് ബിഎം ബിസി നിലവാരത്തിൽതന്നെ നവീകരിക്കാൻ അധികൃതരും തീരുമാനിച്ചു.
പലതവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും മാസങ്ങൾക്കുള്ളിൽ പൊളിയുന്നതിനെ തുടർന്നാണ് റോഡ് ‘അടിമുടി’ പുനർനിർമിക്കാൻ നടപടിയായത്. മണർകാട് കവലമുതൽ ദേശീയപാതയിൽ ആറാം മൈൽ ഇളപ്പുങ്കൽ കവലവരെയുള്ള പഴയ കെ.കെ. റോഡിൽ ഉണ്ടായിരുന്ന ടാറിങ്ങടക്കം ആദ്യഘട്ടമായി കുത്തിപ്പൊളിച്ചു. റോഡ് നിർമാണത്തിന്റെ പേരിൽ റോഡ് അടച്ച് ഇതുവഴിയുള്ള വാഹനഗതാഗതവും നിരോധിച്ചു. ഇതോടെ വർഷങ്ങളായുള്ള ദുരിതം തീർന്നുവെന്ന് കരുതി സന്തോഷിച്ച നാട്ടുകാർക്ക് ഇത് ‘കൂനിൻമേൽ കുരു’പോലയായി.
കുത്തിപ്പൊളിച്ച റോഡിൽ മാസങ്ങൾ കഴിഞ്ഞും തുടർപണികൾ നടത്താൻ അധികൃതർ തയ്യാറാകാതെവന്നതോടെ നാട്ടുകാരുടെ ഉണ്ടായിരുന്ന റോഡും പോയി, ഇതുവഴിയുള്ള യാത്രയും മുടങ്ങി. ഈ ഭാഗത്തുള്ള നാട്ടുകാർ ഇടവഴിയിലൂടെയാണ് ഇപ്പോൾ പ്രധാന റോഡിലേക്കെത്തുന്നത്.
മണർകാട് കവലയിലെ ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി ബൈപ്പാസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ പഴയ കെ.കെ. റോഡിന്റെ മണർകാട് കവലയോട് ചേർന്നുള്ള ഭാഗത്തുകൂടിയാണ് ദേശീയപാതയിലേക്കിറങ്ങുന്നത്. എന്നാൽ റോഡ് പൂർണമായും കുത്തിപ്പൊളിച്ചതിനെ തുടർന്ന് ഇതുവഴിയുള്ള യാത്ര കൂടുതൽ ദുഷ്കരമായി. കുണ്ടും കുഴിയുമായി കിടക്കുന്ന ഇവിടെ ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകാൻ വളരെ പ്രയാസമാണ്.
കുഴിയിൽച്ചാടി മറിയുന്ന വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവരുകയാണ്. വലിയവാഹനങ്ങളും കുഴിയിൽ ചാടിച്ചാടി പോകുന്നതിനാൽ യാത്രക്കാർക്കും വളരെ ബുദ്ധിമുട്ടാണ്. കോട്ടയം, അയർക്കുന്നം, ചങ്ങനാശ്ശേരി ഭാഗങ്ങളിൽനിന്നെത്തുന്ന വാഹനങ്ങൾ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ബൈപ്പാസ് റോഡിലൂടെയാണ് മണർകാട് കവലയിലേക്കും ദേശീയപാതയിലേക്കും കയറുന്നത്. ബിഎംബിസി നിലവാരം പ്രതീക്ഷിച്ച യാത്രക്കാർ ഇപ്പോൾ നടുവൊടിയാതെ യാത്രചെയ്യാനുള്ള അവസരമെങ്കിലും ഒരുക്കിത്തരണമെന്നാണ് അധികൃതരോട് ആവശ്യപ്പെടുന്നത്. റോഡ്നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എം.എൽ.എ.യ്ക്ക് നിവേദനം നൽകാൻ ഒപ്പുശേഖരണം നടത്തുകയാണിപ്പോൾ നാട്ടുകാർ.