കുപ്പിക്കഴുത്താണേ...മരങ്ങാട്ടുപിള്ളിയിലെ കവലകൾ

കുറവിലങ്ങാട് : മരങ്ങാട്ടുപിള്ളി ടൗണുകളിലെ കവലകളിലേക്ക് ചേരുന്ന പ്രധാന റോഡുകൾക്ക് പോലും കുപ്പിക്കഴുത്തിന്റെ അവസ്ഥ. കവലകളിലെ അപകടം ഒഴിവാക്കാൻ വികസനം വേണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ടൗണിൽ തന്നെ വിദ്യാലയങ്ങളും ഓഫീസുകളും മറ്റു സ്ഥാപനങ്ങളും ഉണ്ടെങ്കിലും ഗതാഗത നിയന്ത്രണത്തിന് സംവിധാനവുമില്ല.

മരങ്ങാട്ടുപിള്ളി ടൗണിൽ സുരക്ഷിതമായ നടപ്പാതകൾ ഇല്ല. കാൽനടയാത്രക്കാർ റോഡിലേക്കു കയറി നടക്കുന്ന സാഹചര്യമാണ്. കോഴാ-പാലാ റോഡിലും കടപ്ലാമറ്റം റോഡിലും പാർക്കിങ് സംവിധാനമില്ല. സുരക്ഷിതമായി റോഡ് കടക്കാനും മാർഗമില്ല. പലസ്ഥലത്തും സീബ്രാലൈൻ, റോഡ് മാർക്കിങ് എന്നിവ ഇല്ല.

കടപ്ലാമറ്റം റോഡ് തുടങ്ങുന്ന ഭാഗത്ത് മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. കടപ്ലാമറ്റം റോഡിൽനിന്ന് വാഹനങ്ങൾ കോഴാ-പാലാ റോഡിലേക്കും കോഴാ-പാലാ റോഡിൽനിന്ന് കടപ്ലാമറ്റം റോഡിലേക്കും പ്രവേശിക്കുമ്പോൾ അപകടഭീഷണി നിലനിൽക്കുന്നു.

ഗവ. ആശുപത്രിയിലേക്ക് തിരിയുന്ന ഭാഗവും കുപ്പിക്കഴുത്തുപോലെയാണ്. ആശുപത്രിയിൽനിന്ന് ഇറങ്ങുന്ന വാഹനങ്ങൾക്ക് വഴി കാണാൻ കഴിയില്ല. വടക്കേക്കവലയിലും പന്നിക്കോട്ട് വളവിലും 'എസ്' ആകൃതിയിൽ കുപ്പിക്കഴുത്ത് വളവുണ്ട്.