പാലായിൽ ഇനി ട്രാഫിക് സിഗ്നൽ ഓട്ടോമാറ്റിക്

പാലാ : നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായ സിവിൽ സ്റ്റേഷൻ ജങ്ഷനിൽ നാല് തൂണുകൾ സ്ഥാപിച്ചു. കോൺക്രീറ്റ് ഉറച്ചശേഷം സിഗ്നൽ ലൈറ്റുകൾ ഘടിപ്പിക്കും. ഒരാഴ്ചയ്ക്കുള്ളിൽ സംവിധാനം പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. വാഹനത്തിരക്കിനനുസരിച്ച് ഗതാഗതം ക്രമീകരിക്കാനും ജങ്ഷനിലെ അനാവശ്യ കാത്തിരിപ്പ് ഒഴിവാക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
ആർ.വി. ജങ്ഷനിലും മഹാറാണി ജങ്ഷനിലും സിഗ്നൽ സംവിധാനം നേരത്തേ സജ്ജീകരിച്ചിട്ടുണ്ട്. ഇവയും രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവർത്തന സജ്ജമാക്കുമെന്ന് നഗരസഭാധികൃതർ അറിയിച്ചു. നഗരസഭാധ്യക്ഷ മായാ രാഹുലിന്റെ നേതൃത്വത്തിൽ പദ്ധതിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു. നഗരത്തിലെ വിവിധ ജങ്ഷനുകളിൽ സിഗ്നലുകൾ സ്ഥാപിക്കുന്നതിന് ഏകദേശം 50 ലക്ഷംരൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.