ലൈബ്രറിയുടെ നാഥന് ‘പുസ്തകാഞ്ജലി’

കോട്ടയം : ‘പുസ്തകാഞ്ജലി’ ഏറ്റുവാങ്ങി കോട്ടയം പബ്ലിക് ലൈബ്രറിയുടെ നാഥൻ ഏബ്രഹാം ഇട്ടിച്ചെറിയ ലൈബ്രറി അങ്കണത്തിൽനിന്ന് മടങ്ങി. അക്ഷരശില്പത്തിന് സമീപം തയ്യറാക്കിയ പന്തലിലേക്കാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് നിശബ്ദമായി അദ്ദേഹമെത്തിയത്. ഗ്രന്ഥശാല രംഗത്ത് അരനൂറ്റാണ്ട് നീണ്ട കർമപഥം ഒഴിയുന്ന മുഹൂർത്തം. കോട്ടയം കേന്ദ്രമാക്കി നടത്തിയ സാംസ്കാരിക പടയോട്ടത്തിൽ ഒരിക്കലെങ്കിലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവർ ആദരാഞ്ജലിയർപ്പിക്കാൻ എത്തിക്കൊണ്ടിരുന്നു.
വൈദികരുടെ പ്രാർഥനയോടെയാണ് പൊതുദർശനം ആരംഭിച്ചത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ ഒട്ടനവധി പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. പൂക്കളും പുസ്തകങ്ങളും വാക്കുകളുമെല്ലാം അർപ്പിച്ചായിരുന്നു ആദരം. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, മാതൃഭൂമിക്ക് വേണ്ടി ന്യൂസ് എഡിറ്റർ എസ്.ഡി. സതീശൻനായർ, റീജണൽ മാനേജർ ടി. സുരേഷ് എന്നിവർ ആദരമർപ്പിച്ചു. പ്രൊഫ. പി.ജെ. കുര്യൻ, വൈക്കം വിശ്വൻ, എം.ജി. സർവകലാശാല വി.സി. ഡോ. ഡി. മാവൂത്, അഡ്വ. വി.ബി. ബിനു, സംവിധായകൻ ജയരാജ്, ജോഷി മാത്യു, പ്രേംപ്രകാശ്, കോട്ടയം നഗരസഭ ചെയർപേഴ്സൺ എം.പി. സന്തോഷ് കുമാർ, ജോസഫ് എം. പുതുശ്ശേരി, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡൻറ് ഷോൺ ജോർജ്, ബി.ജെ.പി. വെസ്റ്റ് ജില്ല പ്രസിഡൻറ് ലിജിൻ ലാൽ, ജില്ല ജനറൽ സെക്രട്ടറി എസ്. രതീഷ്, തോമസ് ചാഴികാടൻ, ജയസൂര്യൻ ഭട്ടതിരിപ്പാട്, മതമേലധ്യക്ഷന്മാർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. സ്വാമി വിവേകാനന്ദ യോഗ വിദ്യാപീഠം ഡയറക്ടർ കെ. ശങ്കരന്റെ നേതൃത്വത്തിൽ 20 പേർ ചേർന്ന് പുസ്തകങ്ങൾ സമർപ്പിച്ച് ആദരവേകി.
കോട്ടയം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുസ്മരണയോഗം വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കെ.പി.എസ്. മേനോൻ ഹാളിൽ നടക്കും.