ശൗചാലയമാലിന്യം ആഴമേറിയ കുഴിയിൽ നിക്ഷേപിക്കാൻ നീക്കം;പ്രതിഷേധവുമായി നാട്ടുകാർ

​

​വെള്ളൂർ : നിർമാണത്തിലിരിക്കുന്ന ലേബർക്യാമ്പിലെ ശൗചാലയമാലിന്യം ആഴമേറിയ കുഴിയിൽ ശേഖരിക്കുന്ന തരത്തിൽ നിർമാണം നടത്തുന്നതായി പരാതി. മുളക്കുളം-ചന്തപ്പാലം റോഡ് നിർമാണത്തിനായി വെള്ളൂർ അഞ്ചാംവാർഡിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് മിക്സിങ് യൂണിറ്റിലെ (റെഡിമിക്സ്) ലേബർ ക്യാമ്പിലാണ് സംഭവം.

തൊഴിലാളികളുടെ താമസസ്ഥലത്തിനുചേർന്ന് ശൗചാലയമാലിന്യങ്ങൾക്കായി ആഴത്തിൽ രണ്ടുകുഴികൾ എടുത്തതോടെയാണ് പരാതി ഉയർന്നത്. അഞ്ചുമീറ്റർ ആഴത്തിൽ എടുത്തിട്ടുള്ള രണ്ടു കുഴികളിലും കോൺക്രീറ്റ് റിങ്ങുകൾ സ്ഥാപിച്ചനിലയിലാണ്. ഇത് ഈ പ്രദേശത്തെ ജലവിതാനത്തിന് ഒപ്പമെത്തിനിൽക്കുന്നത് തങ്ങളുടെ കിണറുകൾ വേഗത്തിൽ മലിനമാകുന്നതിന് ഇടയാക്കുമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

സേഫ്‌റ്റിടാങ്കുകൾ നിർമിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതരും ഗ്രാമപ്പഞ്ചായത്തും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വെള്ളൂർ പഞ്ചായത്തിൽ പരാതി നൽകി.

​

​