ചേനപ്പാടി പാളത്തൈര് സമർപ്പണം: വാഴൂർ തീർഥപാദാശ്രമത്തിൽ ഉറയൊഴിക്കൽ നടത്തി

ആറന്മുളയിലേക്ക് ഘോഷയാത്ര ഇന്ന്
ചേനപ്പാടി : ആറന്മുള പാർഥസാരഥിക്ഷേത്രത്തിൽ പാളത്തൈര് സമർപ്പണത്തിനുള്ള തൈര് തയ്യാറാക്കുന്നതിനായി വാഴൂർ തീർഥപാദാശ്രമത്തിൽ ഉറയൊഴിക്കൽ ചടങ്ങ് നടത്തി. ആശ്രമ ഗോശാലയിലെ പശുക്കളുടെ പാലുപയോഗിച്ചാണ് ആറന്മുളയ്ക്ക് കൊണ്ടുപോകുന്നതിനുള്ള തൈരിൽ കൂടിയഭാഗവും തയ്യാറാക്കുന്നത്. ആശ്രമ കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ ബുധനാഴ്ച നടന്ന ചടങ്ങിൽ ഉറയൊഴിക്കൽ നടത്തി.
ആശ്രമത്തിൽനിന്നുള്ള തൈരും ചേനപ്പാടിയിലെ ഭക്തർ സമർപ്പിക്കുന്നതുമുൾപ്പെടെ 1500-ലേറെ ലിറ്റർ തൈരാണ് വ്യാഴാഴ്ച രാവിലെ ചേനപ്പാടിയിൽനിന്ന് ആറന്മുളയിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുന്നത്. പരമ്പരാഗത രീതിയിൽ പൂർവികർ ചെയ്തിരുന്നതുപോലെ പാളപ്പാത്രങ്ങളിലും തൈര് ആറന്മുള ഭഗവാന് സമർപ്പിക്കും. വെള്ളിയാഴ്ച അഷ്ടമിരോഹിണിനാളിൽ ആറന്മുളയിൽ നടത്തുന്ന ജന്മാഷ്ടമി സദ്യയിൽ ചേനപ്പാടിക്കാരുടെ പാളത്തൈര് വിളമ്പും. ചേനപ്പാടി കേളുച്ചാരുടെ പാളത്തൈരേ... അത് കൊണ്ടുവാ... എന്ന് പാട്ടുപാടിയാവും ഭക്തർ തൈര് ചോദിക്കുന്നത്.
നൂറ്റാണ്ടുമുൻപ് ചേനപ്പാടി ചെറിയമഠത്തിൽ കേളുച്ചാർ രാമച്ചാരും സ്നേഹിതരും ചേർന്ന് പാളപ്പാത്രങ്ങളിൽ തൈര് ഭഗവാന് സമർപ്പിച്ചിരുന്നതിനാലാണ് പാളത്തൈര് എന്ന പേര് പതിഞ്ഞത്. ചേനപ്പാടി കരയിലെ ക്ഷേത്രങ്ങളായ ഇളങ്കാവ് ഭഗവതിക്ഷേത്രം, കറിക്കാട്ടൂർ ധർമശാസ്താക്ഷേത്രം, ഇടയാറ്റുകാവ് ദേവീക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കണ്ണമ്പള്ളിൽ ഭഗവതിക്ഷേത്രം, കുറ്റിക്കാട്ടുകാവ് ദേവീക്ഷേത്രം, കിഴക്കേക്കര ഭഗവതിക്ഷേത്രം, അഞ്ചുകുഴി പഞ്ചതീർഥ പരാശക്തി ദേവസ്ഥാനം, മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നിവിടങ്ങളിലെ വഴിപാടിനുശേഷം വ്യാഴാഴ്ച രാവിലെ എട്ടിന് കിഴക്കേക്കര ഭഗവതിക്ഷേത്രത്തിൽനിന്ന് ഘോഷയാത്ര പുറപ്പെടും.
ചേനപ്പാടി എസ്.എൻ.ഡി.പി. യോഗം, പരുന്തന്മല ശ്രീദേവി വിലാസം ഭജനസമിതി, വിഴിക്കിത്തോട് ഭജനസമിതി എന്നിവയുടെ കൂടി സഹകരണത്തോടെയാണ് ഘോഷയാത്ര. വാഴൂർ തീർഥപാദാശ്രമ കാര്യദർശിയും ചേനപ്പാടി പാർഥസാരഥി ഭക്തജനസമിതി രക്ഷാധികാരിയുമായ സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ ഘോഷയാത്രയ്ക്കും തൈര് സമർപ്പണത്തിനും നേതൃത്വം നൽകും. ഉച്ചയോടെ ആറന്മുള ക്ഷേത്രത്തിലെത്തുന്ന സംഘത്തെ പള്ളിയോട സേവാസമിതി അംഗങ്ങളും ദേവസ്വം ഭാരവാഹികളും ചേർന്ന് സ്വീകരിക്കും.