650 കിലോ ഒട്ടുപാൽ മോഷ്ടിച്ചു; മൂന്നുപേർ പിടിയിൽ

പാലാ : പയപ്പാറിൽ 650 കിലോയിലധികം ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ മനാഫ് (37), എം.എം. സിറാജ് (36), ജിറ്റോ ജെയിംസ് (31) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റുചെയ്തത്. നിരവധി കേസുകളിൽ പ്രതികളായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പയപ്പാർ ക്ഷേത്രത്തിന് എതിർവശത്തെ റബർത്തോട്ടത്തിൽനിന്നാണ് രണ്ടുതവണയായി 650 കിലോയിലധികം ഒട്ടുപാൽ മോഷണം പോയത്.

തോട്ടം പാട്ടത്തിനെടുത്ത പൂവരണി ഓടയ്ക്കൽ ഷിബുവാണ് പരാതി നൽകിയത്. ഒരുമാസം മുമ്പാണ് തോട്ടത്തിൽനിന്ന് ആദ്യമായി ഒട്ടുപാൽ മോഷണം പോയത്. തുടർന്ന് ഷിബു പരാതി നൽകുകയും മോഷണം തടയുന്നതിനായി തോട്ടത്തിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം തോട്ടത്തിലെ ചെറിയ കെട്ടിടത്തിൽ ശേഖരിച്ചുവെച്ചിരുന്ന ഒട്ടുപാലാണ് വീണ്ടും മോഷണം പോയത്. സി.സി.ടി.വി. ക്യാമറയിൽ സംശയാസ്പദമായ നീക്കം പതിഞ്ഞതിനെത്തുടർന്ന് അലാറം മുഴങ്ങി. ഇത് പരിശോധിച്ച ഷിബു മോഷ്ടാക്കൾ ഒട്ടുപാൽ കടത്തിക്കൊണ്ടുപോകുന്നത് കാണുകയായിരുന്നു.

സി.സി.ടി.വി. ദൃശ്യങ്ങളിൽ പ്രതികൾ ഓട്ടോറിക്ഷയിൽ തോട്ടത്തിന് സമീപം എത്തുന്നതും തുടർന്ന് തോട്ടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതും വ്യക്തമായി പതിഞ്ഞിരുന്നു. സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് പരിശോധിച്ചു. ദൃശ്യങ്ങളിൽ പതിഞ്ഞ വാഹനവും പ്രതികളുടെ നീക്കങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സമാന മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ സാന്നിധ്യവും ഇവരുടെ നീക്കങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.