ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടിൽകയറി ആക്രമിച്ച ഏഴംഗസംഘം പിടിയിൽ

ജിനു
ജിനു

കൊല്ലം: ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽകയറി അക്രമം നടത്തിയ ഏഴുപേർ പോലീസ് പിടിയിൽ. ശക്തികുളങ്ങര കന്നിമേൽച്ചേരി ഡ്രീം നഗർ-131 പരുവക്കൽ തെക്കേത്തറയിൽ സഞ്ജയ് (19), മില്ലേനിയം നഗർ-33 കൊടിയിൽ തെക്കേതിൽ അഭിജിത്ത് (21), കുരീപ്പുഴ കൊച്ചാലുംമൂട് ജിജി ഭവനത്തിൽ ആദർശ് (22), കുരീപ്പുഴ മോഹത്ത് കിഴക്കതിൽ വിപിൻ (26), കുരീപ്പുഴ കൊച്ചാലുംമൂട് അശ്വതി ഭവനത്തിൽ രാഹുൽ (26), കൊച്ചാലുംമൂട് ആലുവിള പടിഞ്ഞാറ്റതിൽ ജിനു (26), അഞ്ചുകല്ലുംമൂട് കൈക്കുളങ്ങര കല്ലമ്പള്ളി മഠത്തിൽ മുഹമ്മദ് ഹുസൈൻ (24) എന്നിവരാണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ 23-ന് രാത്രി 11.50-ഓടെ കൈക്കുളങ്ങര നോർത്ത് ഭാഗത്ത് വാടകയ്ക്കു താമസിച്ചിരുന്ന അസം സ്വദേശികളെയാണ് പ്രതികൾ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. വീടിനുള്ളിലെ സാധനങ്ങളും അടിച്ചുതകർത്തു. സംഭവത്തിൽ കൊല്ലം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർചെയ്ത് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഇവരെ ചോദ്യംചെയ്തതിൽ ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ട് പിടിച്ചുപറിക്കേസുകൾക്കും തുമ്പായി.

24-ന് രാത്രി 7.30-ഒാടെ കാവനാട്ടുനിന്ന് മുക്കാട് ബോട്ട് കടവിലേക്ക് നടന്നുപോകുകയായിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയെ ബൈക്കിലെത്തി തടഞ്ഞുനിർത്തി പണവും ലോട്ടറി ടിക്കറ്റും പിടിച്ചുവാങ്ങിയ കേസിലെ പ്രതികൾ ആദർശ്, രാഹുൽ, ജിനു, വിപിൻ എന്നിവരാണെന്ന് കണ്ടെത്തി. 22-ന് ഉച്ചയ്ക്ക് 1.45-ഒാടെ ശക്തികുളങ്ങര കുരിശടിക്ക് കിഴക്കുവശം താമസിക്കുന്ന മറ്റൊരു പശ്ചിമ ബംഗാൾ സ്വദേശിയെ ബൈക്കിലെത്തിയ രാഹുൽ, ജിനു, വിപിൻ എന്നിവർ തടഞ്ഞുനിർത്തി പണവും ആധാർ കാർഡും ലേബർ കാർഡും പിടിച്ചുപറിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

ആദർശ്, രാഹുൽ, ജിനു എന്നിവർക്കെതിരേ വിവിധ സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്.

കൊല്ലം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ വിപിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. സരിത, എസ്.ഐ. ശ്രീകുമാർ, എ.എസ്.ഐ. മുഹമ്മദ് ഷാഫി, എസ്.സി.പി.ഒ.മാരായ രാജീവ്, ബിജീഷ്, സുജിത്ത്, സി.പി.ഒ.മാരായ സാംസൺ, ഫെബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: Seven men have been arrested by Kollam West police for brutally assaulting migrant workers and vandalising their residence.