തിരുമുക്ക് അടിപ്പാത സമരവിജയത്തിന് ഒരാണ്ട്; നാടിന്റെ നിശ്ചയദാർഢ്യത്തിനും

2025 നവംബര്‍ 28ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത
2025 നവംബര്‍ 28ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത

ചാത്തന്നൂർ: പ്രാദേശിക പ്രത്യേകതകളെ അവഗണിച്ചുകൊണ്ടുള്ള ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയ്ക്കെതിരേ നാടൊന്നാകെ കൈകോർത്ത തിരുമുക്ക് അടിപ്പാത സമരവിജയത്തിന് ഞായറാഴ്ച ഒന്നാംവാർഷികം. 72 ദിവസം നീണ്ടുനിന്ന സഹനസമരത്തിനൊടുവിൽ അധികൃതർ മുട്ടുമടക്കിയതിന്റെയും പുതിയ അടിപ്പാത യാഥാർഥ്യമായതിന്റെയും ഓർമ്മകളിലാണ് ചാത്തന്നൂരും പരവൂരും.

വർക്കല ശിവഗിരി, പൊഴിക്കര, കാപ്പിൽ തുടങ്ങിയ പ്രമുഖ തീർത്ഥാടന-വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും ചിറക്കര, പൂതക്കുളം, പരവൂർ പ്രദേശങ്ങളിലേക്കുമുള്ള ദേശീയപാതയിലെ പ്രധാന പ്രവേശനകവാടമാണ് ചാത്തന്നൂർ തിരുമുക്ക്. ഒരു സംസ്ഥാനപാത ആരംഭിക്കുന്നതും ഇവിടെനിന്നാണ്. എന്നാൽ പ്രദേശത്തിന്റെ ഈ പ്രത്യേകതകളൊന്നും പരിഗണിക്കാതെ തയ്യാറാക്കിയ വിശദപദ്ധതിരേഖ(ഡി.പി.ആർ.)യുടെ അടിസ്ഥാനത്തിൽ, ചെറിയ വാഹനങ്ങൾക്കുമാത്രം കടന്നുപോകാവുന്ന, ഏഴുമീറ്റർ വീതിയും നാലുമീറ്റർ ഉയരവുമുള്ള ഇടുങ്ങിയ അടിപ്പാതയാണ് ദേശീയപാത അതോറിറ്റി ഇവിടെ നിർമിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ നിർമാണമാതൃകകൾ അതേപടി കേരളത്തിലേക്കു പകർത്താൻ ശ്രമിച്ചതാണ് ഇത്തരമൊരു പ്രതിസന്ധിക്കു കാരണമായത്. നിർമാണത്തിന്റെ പ്രാരംഭ ഘട്ടംമുതൽ ഇതിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിട്ടും അധികൃതർ തിരുത്താൻ തയ്യാറായില്ല. തുടർന്നാണ്‌ നാട് പ്രത്യക്ഷസമരത്തിലേക്ക് നീങ്ങിയത്.

ജനവികാരം ആളിക്കത്തിച്ച ‘മാതൃഭൂമി’ ഇടപെടൽ

അശാസ്ത്രീയമായ അടിപ്പാത പുനർനിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ അവഗണിച്ച ഘട്ടത്തിലാണ് വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ‘മാതൃഭൂമി’ നിരന്തര ഇടപെടലുകൾ നടത്തിയത്. 2024 ജൂൺ രണ്ടിന് 'ജനത്തെ നട്ടംതിരിക്കാൻ തിരുമുക്കിലൊരു അടിപ്പാത' എന്ന തലക്കെട്ടിൽ ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച വാർത്ത വലിയ ചർച്ചകൾക്കു വഴിവെച്ചതോടെ ചാത്തന്നൂർ വികസനസമിതി പ്രക്ഷോഭപരിപാടികളിലേക്ക് കടന്നു. തുടർന്ന് ജൂൺ അഞ്ചിന് 'തിരുമുക്കിന്‌ വിനയായത് ദീർഘവീക്ഷണമില്ലാത്ത പദ്ധതിരേഖ' എന്ന റിപ്പോർട്ടിലൂടെ നിർമാണത്തിലെ അപാകങ്ങൾ അക്കമിട്ടുനിരത്തി. പരവൂർ, പൂതക്കുളം നിവാസികൾ സമരരംഗത്തേക്ക് എത്തിയതോടെ ഓഗസ്റ്റ് പത്തിന് 'തിരുമുക്കിലെ അടിപ്പാത: പരവൂരിന് തിരിച്ചടിപ്പാത' എന്ന വാർത്തയിലൂടെ വിഷയത്തിന്റെ വ്യാപ്തി ‘മാതൃഭൂമി’ വീണ്ടും ഉയർത്തിക്കാട്ടി.

‘മാതൃഭൂമി’യുടെ നേതൃത്വത്തിൽ ജനകീയ അഭിപ്രായ സംവാദവും സെമിനാറും സംഘടിപ്പിച്ചതോടെ സമരം കൂടുതൽ ശക്തിപ്പെട്ടു. എൻ.കെ.പ്രേമചന്ദ്രൻ എം.പി.യും അന്നത്തെ എം.എൽ.എ. ജി.എസ്.ജയലാലുമടക്കം ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും പൊതുപ്രവർത്തകരും പങ്കെടുത്ത കൂട്ടായ്മയ്ക്കുശേഷം ക്രോഡീകരിച്ച അഭിപ്രായങ്ങളടങ്ങിയ നിവേദനങ്ങൾ എം.പി.യുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിക്കും ദേശീയപാത അതോറിറ്റിക്കും സംസ്ഥാനസർക്കാരിനും കൈമാറിയത് നിർണായക വഴിത്തിരിവായി.

സമരക്കരുത്തിൽ വിരിഞ്ഞ വിജയം

സംയുക്തസമരത്തിനു മുന്നോടിയായി ചാത്തന്നൂർ വികസനസമിതിയുടെ നേതൃത്വത്തിൽ ജനകീയ റിലേ ധർണ ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളും പരവൂർ കേന്ദ്രീകരിച്ചുള്ള പ്രതിഷേധങ്ങളും നടന്നു. തുടർന്ന് ചാത്തന്നൂർ വികസനസമിതി, പരവൂർ പ്രൊട്ടക്‌ഷൻ ഫോറം, പരവൂർക്കാർ കൂട്ടായ്മ, പരവൂർക്കാർ യുവജനക്കൂട്ടായ്മ എന്നീ സംഘടനകൾ ചേർന്ന് തിരുമുക്ക് അടിപ്പാത സമരസമിതി രൂപവത്‌കരിച്ചു. മനുഷ്യച്ചങ്ങലയും സർവകക്ഷിയോഗവും തീർത്ത ആവേശത്തിൽ തിരുമുക്കിൽ റിലേ സത്യഗ്രഹവും പ്രതിഷേധജ്വാലയും ആരംഭിച്ചു. രാഷ്ട്രീയകക്ഷികൾ, ജനപ്രതിനിധികൾ, സാംസ്‌കാരിക-വ്യാപാരി-തൊഴിലാളി-യുവജന-മഹിളാ സംഘടനകൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സമരപ്പന്തലിലേക്ക് ഒഴുകിയെത്തി. വർക്കല ശിവഗിരി മഠത്തിന്റെ ശക്തമായ പിന്തുണയും സമരത്തിനു കരുത്തായി. ചാത്തന്നൂരിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾ മൂവായിരം കത്തുകൾ തയ്യാറാക്കി അധികാരികൾക്ക് അയച്ചതും രാഷ്ട്രപതിക്കുവരെ നിവേദനങ്ങൾ സമർപ്പിച്ചതും സമരചരിത്രത്തിലെ ശ്രദ്ധേയ ഏടുകളായി. എം.പി.യും എം.എൽ.എ.യും അടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലുകളും വിഷയത്തെ ദേശീയശ്രദ്ധയിലെത്തിച്ചു.

ഒടുവിൽ ജനകീയവികാരത്തിനു മുന്നിൽ ദേശീയപാത അതോറിറ്റി വഴങ്ങി. നിലവിലുള്ള അടിപ്പാതയോടു ചേർന്ന് ഏഴുമീറ്റർ വീതിയിലും നാലുമീറ്റർ ഉയരത്തിലും മറ്റൊരു അടിപ്പാതകൂടി നിർമിക്കാൻ തീരുമാനമായി. പുതിയ അടിപ്പാതയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്ന് 2025 നവംബർ 29-ന് വിജയാഹ്ലാദസദസ്സോടെയാണ് സമരസമിതി പ്രക്ഷോഭം അവസാനിപ്പിച്ചത്. തുടർന്ന് ചാത്തന്നൂരിലും പരവൂരിലും വിജയാഹ്ലാദയോഗങ്ങളും നടന്നു. ഇന്ന് പുതിയ അടിപ്പാതകൂടി യാഥാർഥ്യമായതോടെ വൺവേ സംവിധാനത്തിലൂടെ തിരുമുക്കിൽ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ സാധിക്കുന്നു.

Content Highlights: Marking one year since the successful 72-day public protest against unscientific underpass construction at Thirumukku on the national highway in Chathannoor.