വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്ക്

കുളത്തൂപ്പുഴ :കാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്കേറ്റു. അഞ്ചൽ തഴമേൽ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ വിഷ്ണു, സുഹൃത്ത് സജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം-ചെങ്കോട്ട അന്തസ്സംസ്ഥാനപാതയിൽ ആർ.പി.എൽ. ചെക്ക് പോസ്റ്റിനടുത്ത് ശനിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. കുളത്തൂപ്പുഴ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ തമിഴ്നാട് രജിസ്ട്രേഷനുള്ള കാർ എതിർദിശയിൽനിന്നു വന്ന ഓട്ടോറിക്ഷയിൽ ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ആംബുലൻസിൽ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.