സർക്കാരിന്റെ സഹായം തേടിഒരു വ്യവസായസ്ഥാപനം

കൊട്ടിയം : എൻജിനിയർമാർക്കും ടെക്നീഷ്യൻമാർക്കും തൊഴിൽ ലഭ്യമാക്കാൻ ഇൻഡസ്ട്രീസ് ആൻഡ്‌ കൊമേഴ്സ് വകുപ്പിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച വ്യവസായസ്ഥാപനം സർക്കാരിന്റെ കൈത്താങ്ങ്‌ പ്രതീക്ഷിക്കുന്നു.

കുണ്ടറ നിയോജകമണ്ഡലത്തിലെ ഉമയനല്ലൂർ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ക്വിറ്റ്കോസ് ലിമിറ്റഡാണ് സർക്കാരിന്റെ സഹായം തേടുന്നത്.

സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കേ, 1975 മാർച്ച് 15-ന് ഉദ്ഘാടനംചെയ്ത സ്ഥാപനം എച്ച്.എം.ടി.യുടെ സാങ്കേതികസഹകരണത്തിൽ ലെയ്‌ത്ത് യന്ത്രങ്ങൾ ഉത്‌പാദിപ്പിച്ച് വിതരണം ചെയ്തിരുന്നു. ഏറെക്കാലം ലാഭകരമായി പ്രവർത്തിച്ചിരുന്ന വ്യവസായസ്ഥാപനമായിരുന്നു ക്വിറ്റ്കോസ്.

കമ്പനിയുടെ ആരംഭകാലത്ത്‌ യന്ത്രങ്ങൾ ഉത്‌പാദിച്ച് എച്ച്.എം.ടി. വഴിയാണ് വിപണനം നടത്തിയിരുന്നത്. എന്നാൽ പിൽക്കാലത്ത് എച്ച്‌.എം.ടി., സി.എൻ.സി.മെഷീനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ക്വിറ്റ്‌കോസ് ഉത്‌പാദിപ്പിച്ചിരുന്ന യന്ത്രങ്ങളുടെw വിപണനം അവസാനിപ്പിച്ചു. ഇതോടെ ക്വിറ്റ്‌കോസ് ലെയ്ത്ത്‌ യന്ത്രങ്ങളുടെ വിൽപ്പന കുറയുകയും കമ്പനി നഷ്ടത്തിലാകുകയും ബാധ്യതകൾ കൂടുകയും ചെയ്‌തു.

1995-ൽ കമ്പനി പ്രവർത്തനരഹിതമായി. 1999-ൽ കമ്പനി വീണ്ടും പുനരാരംഭിക്കുകയും സ്വന്തമായി വിപണനം ആരംഭിക്കുകയും ചെയ്തു. എന്നാൽ പിന്നീട്‌ കമ്പനിക്ക് ലാഭകരമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. ബാധ്യതകളുടെ റവന്യൂ റിക്കവറികളും മറ്റും കാരണം കമ്പനി വീണ്ടും പ്രവർത്തനരഹിതമായി. 2012-ൽ കമ്പനി വീണ്ടും പുനരാരംഭിക്കുകയും

കാര്യക്ഷമമവും ദീർഘവീക്ഷണവുമുള്ള നടപടികളെടുക്കുകയും ചെയ്തതനുസരിച്ച്‌ സ്ഥിരമായി വളർച്ച നേടിയിട്ടുള്ളതായി അധികൃതർ പറയുന്നു.

വൈദ്യുതിനിരക്കുപോലും കുടിശ്ശികയായ അവസ്ഥയിൽനിന്ന്‌ സ്ഥാപനത്തിലെ ശമ്പളവിതരണവും ദൈനംദിന കാര്യങ്ങളും നടത്തിക്കൊണ്ടുപോകാൻ കഴിയുന്ന അവസ്ഥയാണ് നിലവിൽ. എന്നാൽ, പ്രവർത്തനമൂലധനത്തിന്റെ അപര്യാപ്‌തതമൂലം കമ്പനിയുടെ ഉത്പാദനം വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

നിലവിൽ ടെക്‌നിക്കൽ ഡയറക്‌ടറേറ്റിനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യന്ത്രങ്ങൾ ഉത്പാദിപ്പിച്ച് വിപണനം നടത്തിവരുന്നു. ടെക്നിക്കൽ ഡയറക്ടേറ്റിൽനിന്ന്‌ തുക മുൻകൂറായി വാങ്ങിയാണ് കമ്പനിയുടെ പ്രവർത്തനം. നിലവിൽ നാൽപ്പതോളം ജീവനക്കാരുണ്ട് ഇവിടെ. ഉത്പാദനക്ഷമത കൂട്ടിയാൽ നൂറിലധികം പേർക്ക് തൊഴിൽ നൽകാനാകും.

ടെക്നിക്കൽ ഡയറക്‌ടറേറ്റ്‌ വഴി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകാനുള്ള ഓർഡറുകളും എച്ച്.എം.ടി. മുഖേന നൂറിലധികം യന്ത്രങ്ങളുടെ ഓർഡറുകളും കമ്പനിക്ക് ലഭിക്കുന്നുണ്ട്.

ഇതിലൂടെ ക്വിറ്റ്കോസും എച്ച്‌.എം.ടി.യും തമ്മിലെ സഹകരണം പുനഃസ്ഥാപിക്കാനുമാകും. പ്രവർത്തനമൂലധനത്തിന്റെ അപര്യാപ്‌തതമൂലം ഉത്പാദനം വർധിപ്പിക്കാനോ യന്ത്രങ്ങൾ സമയബദ്ധമായി പൂർത്തീകരിക്കാനോ കഴിയുന്നില്ലെന്ന്‌ അധികൃതർ പറയുന്നു.