അച്ചൻകോവിൽ ക്ഷേത്രത്തിൽ നവീകരണപ്രവൃത്തികൾ തുടങ്ങി

തെന്മല : അച്ചൻകോവിൽ ധർമശാസ്താക്ഷേത്രത്തിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുവദിച്ച 70 ലക്ഷം രൂപയുടെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി.
ക്ഷേത്രപരിസരത്തുള്ള അഴുക്കുചാലുകളുടെ നവീകരണമാണ് നടന്നുവരുന്നത്. ക്ഷേത്രത്തിനുള്ളിൽനിന്ന് പാത്രം കഴുകുന്ന വെള്ളമടക്കം ഒഴുകിയെത്തുന്ന കുഴലുകൾ വൃത്തിയാക്കുന്ന പ്ലംബിങ് ജോലികളും നടക്കുന്നുണ്ട്. ഇതിനുപുറമേ ഓഡിറ്റോറിയത്തിനു സമീപം കറുപ്പൻകോവിലിലേക്ക് പോകുന്ന നടപ്പാത കോൺക്രീറ്റ് ചെയ്യൽ പൂർത്തിയാക്കിയിട്ടുണ്ട്. ഇവിടെ ഓട നവീകരണവും പുരോഗമിക്കുന്നു. ക്ഷേത്രത്തിനു പിൻഭാഗത്ത് നടപ്പന്തൽ നിർമിക്കാനും ഓഡിറ്റോറിയത്തിനുള്ളിൽ ടൈൽ പാകുന്ന ജോലികൾക്കും കരാർ നൽകിയിട്ടുണ്ട്.
ഓഡിറ്റോറിയത്തിനുള്ളിൽ പക്ഷികൾ തമ്പടിക്കുന്നത് ഒഴിവാക്കാനായി മേൽക്കൂരയിൽ വല സ്ഥാപിക്കുന്ന ജോലികളും ഇക്കൂട്ടത്തിലുണ്ട്. മണ്ഡലകാലത്തിനുമുൻപ് പരമാവധി പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.
മാലിന്യനിർമാർജനത്തിന് പദ്ധതിയില്ല
അതേസമയം, ക്ഷേത്രത്തിൽ കാണിക്കയായി ലഭിക്കുന്ന സാധനങ്ങളിൽനിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ തരംതിരിച്ചു മാറ്റാൻ നടപടി വൈകുകയാണ്. ക്ഷേത്രത്തിനു പിൻഭാഗത്ത് സർപ്പക്കാവിനോടു ചേർന്ന് പ്ലാസ്റ്റിക് മാലിന്യം നിരത്തിയിട്ടനിലയിലാണ്. ക്ഷേത്രത്തിനു മുൻവശത്ത് ചെളിനിറഞ്ഞ ഭാഗത്തും പ്ലാസ്റ്റിക് കൂടിക്കിടക്കുന്നുണ്ട്. ക്ഷേത്ര ഓഡിറ്റോറിയത്തിനു മുന്നിലായി ഗ്രാമപ്പഞ്ചായത്തിന്റെ ബോട്ടിൽ ബൂത്തിൽ പ്ലാസ്റ്റിക് കുപ്പികൾ നിറഞ്ഞതും മാറ്റിയിട്ടില്ല.
മണ്ഡലകാലത്തിനുമുൻപേ മാലിന്യനിർമാർജനത്തിന് ദേവസ്വം ബോർഡ് വ്യക്തമായ പദ്ധതി തയ്യാറാക്കണമെന്നാണ് ആവശ്യം.
അല്ലെങ്കിൽ കാട്ടുപന്നിയടക്കം ക്ഷേത്രപരിസരത്ത് കൂടുതലെത്തുന്നതിന് വഴിവയ്ക്കുമെന്ന് നാട്ടുകാർ പറയുന്നു.