കാലാവസ്ഥാപ്രതിരോധശേഷിയുള്ള കൃഷിരീതികൾ അവലംബിക്കണം-ടി. സിദ്ദിഖ്

പ്രതിസന്ധിയെ നേരിടാൻ ‘കതിർ’ മുതൽ ‘കൃഷിസഖി’ വരെ
കൊല്ലം : കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ കാലാവസ്ഥാപ്രതിരോധശേഷിയുള്ള കാർഷികരീതികൾ അവലംബിക്കണമെന്ന് മന്ത്രി ടി. സിദ്ദിഖ്. കാർഷികവികസന-കർഷകക്ഷേമ വകുപ്പ് അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസിയുടെ (ആത്മ) നേതൃത്വത്തിൽ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരികസമുച്ചയത്തിൽ സംഘടിപ്പിച്ച കിസാൻമേള 2026-ന്റെയും നൂതന കാർഷികവിദ്യകളുടെ പ്രചാരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കുട്ടികളിൽ കൃഷിയോടുള്ള താത്‌പര്യം വളർത്താൻ ‘കതിർ’
പുതുതലമുറയെ കാർഷികമേഖലയുമായി ബന്ധിപ്പിക്കുന്നതിനായി ഈ വർഷം 500 സ്കൂളുകളിൽ ‘കതിർ’ കാർഷിക ക്ലബ്ബുകൾ ആരംഭിക്കും. ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16-ന് പദ്ധതിക്ക് തുടക്കമാകും. ഓരോ സ്കൂളിനും കുറഞ്ഞത് 10,000 രൂപ ധനസഹായം നൽകും. സ്കൂൾ കൃഷിക്കൊപ്പം വീട്ടിലെ കൃഷിയിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. കാർഷികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതും പരിഗണനയിലുണ്ട്.
വനിതാകർഷകർക്ക് ‘കൃഷിസഖി’
വനിതാകർഷകരെയും കാർഷികസംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന അഞ്ചുവർഷപദ്ധതിയായ ‘കൃഷിസഖി’ക്ക് 2026 വനിതാകർഷക വർഷത്തിന്റെ ഭാഗമായി 350 ലക്ഷം രൂപ നീക്കിവെച്ചു.
അഡ്വ. വിഷ്ണു മോഹൻ എം.എൽ.എ. അധ്യക്ഷനായി. മേയർ എ.കെ. ഹഫീസ്, ആത്മ ചെയർമാൻ കളക്ടർ ആനി ജൂലാ തോമസ്, ആത്മ പ്രോജക്ട് ഡയറക്ടർ എൽ. പ്രീത, ജില്ലാപഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം, ബ്ലോക്ക് പ്രസിഡന്റുമാരായ സാം തോമസ്, ഷംലാ നൗഷാദ് എന്നിവർ പ്രസംഗിച്ചു. രണ്ടുമണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞ പരിപാടി നാലുമണിക്കൂർ വൈകിയാണ് തുടങ്ങിയത്.