താലൂക്ക് ആശുപത്രിയിൽ രണ്ട് ഡോക്ടർമാർകൂടി ചുമതലയേറ്റു

24 മണിക്കൂറും സ്‌പെഷ്യാലിറ്റി

പുനലൂർ : സംസ്ഥാനത്ത് ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം ലഭ്യമാക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പുനലൂർ താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞദിവസം രണ്ടു ഡോക്ടർമാർകൂടി ചുമതലയേറ്റു. ജനറൽ മെഡിസിൻ, അസ്ഥിരോഗ വിഭാഗങ്ങളിലാണ് ഡോക്ടർമാർ ചുമതലയേറ്റത്.

ഇതോടെ പദ്ധതിയുടെ ഭാഗമായി നിയോഗിച്ച ഭൂരിഭാഗം ഡോക്ടർമാരും ചുമതലയേറ്റുകഴിഞ്ഞു. ഇതേസമയം പദ്ധതി പൂർണമായും നടപ്പാകാൻ ഇനിയും ഡോക്ടർമാർ എത്തേണ്ടതുണ്ട്. ഇതിനിടയിലും കഴിഞ്ഞ ഒന്നാംതീയതിമുതൽ ആശുപത്രിയിൽ 24 മണിക്കൂറും സേവനം ലഭ്യമാക്കിത്തുടങ്ങിയിട്ടുമുണ്ട്.

പദ്ധതി ആരംഭിച്ചശേഷം അത്യാഹിതവിഭാഗത്തിൽ എത്തിയ രോഗികൾക്ക് താലൂക്ക് ആശുപത്രിയിൽത്തന്നെ ചികിത്സ ലഭ്യമാക്കി. ഇതേസമയം കാത്ത്‌ലാബ് ഇല്ലാത്തതിനാൽ ഹൃദ്രോഗികളെയും തസ്തികയില്ലാത്തതിനാൽ ന്യൂറോ സർജറി വിഭാഗത്തിലെത്തിയ രോഗികളെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തു.

അനസ്തീസ്യ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, ശിശുരോഗം, അസ്ഥിരോഗം, ഫൊറൻസിക് മെഡിസിൻ വിഭാഗങ്ങളിൽ പുതിയ ഡോക്ടർമാർ ചുമതലയേറ്റെങ്കിലും പദ്ധതിയുടെ ഭാഗമല്ലാതെ ആശുപത്രിയിൽ ഏതാനും ഡോക്ടർമാരുടെ ഒഴിവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അസ്ഥിരോഗം, ശിശുരോഗ വിഭാഗങ്ങളിൽ കൺസൾട്ടന്റ്, ഗൈനക്കോളജി വിഭാഗത്തിൽ കൺസൾട്ടന്റ്, ജൂനിയർ കൺസൾട്ടന്റ് തസ്തികകളിലാണ് ഇപ്പോഴും ഒഴിവുള്ളത്.

പുതിയ പദ്ധതിക്കായി കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇതിന് ആനുപാതികമായി ജീവനക്കാരെ ലഭ്യമാക്കിയിട്ടില്ല. കുറഞ്ഞത് 10 സ്റ്റാഫ് നഴ്‌സ് ഉൾ​െപ്പടെയുള്ള ജീവനക്കാരെ ആശുപത്രിയിൽ ലഭ്യമാക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരെ ലഭ്യമാക്കാമെന്ന് വകുപ്പിൽനിന്ന് അറിയിച്ചിട്ടുമുണ്ട്.

കഴിഞ്ഞമാസം നാലിന് പുനലൂർ താലൂക്ക് ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചതാണ് പുതിയ പദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ താലൂക്ക് ആശുപത്രിയെ തന്നെ മന്ത്രി തിരഞ്ഞെടുക്കുകയായിരുന്നു. ശബരിമല തീർഥാടകരെ കൂടി പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രി വിശദീകരിച്ചിരുന്നു. മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പദ്ധതി ആരംഭിച്ചശേഷം ആശുപത്രിയിൽ ഒ.പി. വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. മുൻപ് ശരാശരി 2,000 പേർ എത്തിയിരുന്ന സ്ഥാനത്ത് ഇക്കഴിഞ്ഞ ഒന്നിന് 2,730 പേരും രണ്ടിന് 2,050 പേരും മൂന്നിന് 2,113 പേരുമാണ് ചികിത്സതേടിയെത്തിയത്.