അങ്കണവാടിക്ക് ഭീഷണിയായി മണ്ണെടുപ്പ്; പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് എൽ.ഡി.എഫ്.

പുത്തൂർ : പവിത്രേശ്വരം പഞ്ചായത്തിലെ ഓതിരമുകൾ 77-ാംനമ്പർ അങ്കണവാടിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്നതരത്തിൽ അനധികൃത മണ്ണെടുപ്പ് നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഒരുതരത്തിലുള്ള അനുവാദവും വാങ്ങാതെ, മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് മണ്ണെടുപ്പെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

രണ്ടരസെന്റോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന അങ്കണവാടിയുടെ മതിൽക്കെട്ടിനോടു ചേർന്നായിരുന്നു മണ്ണെടുപ്പ്. സെപ്റ്റിക് ടാങ്കിനും മതിൽക്കെട്ടിനും കേടുപാടുകൾ സംഭവിച്ചു.

കെട്ടിടത്തിന് സുരക്ഷാഭീഷണിയുള്ളതിനാൽ തിങ്കളാഴ്ച അങ്കണവാടിയുടെ പ്രവർത്തനം നടന്നില്ല. കുറ്റക്കാർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുകയും കെട്ടിടത്തിന്റെ കേടുപാടുകൾ പരിഹരിച്ച് അങ്കണവാടി പ്രവർത്തനം സുഗമമാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എസ്.ആർ. അരുൺബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത അമ്മ, പഞ്ചായത്ത് അംഗങ്ങളായ രജു രാജേന്ദ്രൻ, ആതിര, ജിഷ, അജിത, ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് അമീഷ് ബാബു, സി.പി.എം. ലോക്കൽ സെക്രട്ടറി കെ. ജയൻ, സി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മണ്ണെടുപ്പ്. ശക്തമായ പ്രതിഷേധമായിരുന്നു ഇതേത്തുടർന്നുണ്ടായത്. പഞ്ചായത്ത്, വില്ലേജ് അധികൃതരും ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തി പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും നിരോധന ഉത്തരവ് നൽകുകയുമായിരുന്നു.