കനാൽപാതയിൽ പഴയ മെത്തകൾ കത്തിക്കുന്നു

ദുരിതത്തിൽ നാട്ടുകാർ

ശാസ്താംകോട്ട : പോരുവഴി കമ്പലടി മയ്യത്തുംകര-മണക്കാട്ട്മുക്ക് കനാൽപാതയിൽ പഴയ മെത്തകൾ തള്ളുന്നതും അവ കൂട്ടിയിട്ട് കത്തിക്കുന്നതും തീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ദുരിതമാകുന്നു. പാതയോരത്ത് വൻതോതിൽ മാലിന്യംതള്ളുന്നതിനൊപ്പം മെത്തകൾകൂടി വലിച്ചെറിയുന്നത് പകർച്ചവ്യാധികൾക്കും കാരണമാകുന്നു.

പുതിയ മെത്ത നൽകുമ്പോൾ, വീടുകളിൽ ഉപയോഗിച്ചുവരുന്ന പഴയ മെത്തകൾ കച്ചവടക്കാർ തിരികെയെടുക്കുന്നതും വിലയിൽ കുറവുവരുത്തി നൽകുന്നതും പതിവാണ്. തിരികെയെടുക്കുന്ന മെത്തകൾ നല്ല പഴക്കമുള്ളതാണെങ്കിൽ കനാൽ പാതയിലും പരിസരങ്ങളിലും തള്ളും. മഴക്കാലത്ത് അവ ചീഞ്ഞ് ദ്രവിച്ച് പാതവക്കിൽ കിടക്കും.

ഇങ്ങനെ വലിച്ചെറിയുന്ന മെത്തകൾ വേനൽക്കാലമാകുമ്പോൾ രാത്രിയിൽ അജ്ഞാതരെത്തി കൂട്ടിയിട്ട് കത്തിക്കുന്നത് നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കുന്നു. തീ പരിസരങ്ങളിലേക്ക് പടർന്നുപിടിക്കും. മെത്ത പുകഞ്ഞുകത്തുന്നതുകാരണം ദിവസങ്ങളോളം പുക പരിസരമാകെ വ്യാപിക്കും. കുട്ടികൾക്കും വയോധികർക്കും രോഗികളായവർക്കും ശ്വാസംമുട്ടലുൾപ്പെടെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. ഏറെക്കാലമായി ഈ ദുരിതം സഹിച്ചാണ് കനാലിന്റെ തീരത്തുള്ളവർ കഴിയുന്നത്.

ഒരു കിലോമീറ്ററിലധികം ഭാഗത്ത് പാതയുടെ വശങ്ങളിലും കനാലിന്റെ കരയിലും പഴയ മെത്തകൾക്കൊപ്പം കെട്ടുകണക്കിന് മാലിന്യവും തള്ളിയിരിക്കുകയാണ്. അറവുശാലയിലെയും കോഴിക്കടകളിലെയും അവശിഷ്ടങ്ങൾവരെ ഈ ജനവാസമേഖലയിൽ തള്ളുന്നു. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടി വാഹനങ്ങളിലെത്തിച്ചാണ് വഴിനീളെ ഇട്ടിരിക്കുന്നത്. അതുവഴി മൂക്കുപൊത്താതെ പോകാൻ കഴിയില്ല. സി.സി.ടി.വി. ക്യാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നത് തടയാൻ നടപടിവേണമെന്ന നാട്ടുകാരുടെ ആവശ്യം പഞ്ചായത്തുകൾ കേട്ടഭാവമില്ല.