പിറവന്തൂരിനു നോവായി വിദ്യാർഥിയുടെ മുങ്ങിമരണം

അപകടങ്ങൾ ഒഴിയാതെ കല്ലടയാർ

പത്തനാപുരം : കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളിൽ ഒരാളെ ആറ്റിൽ കാണാതായ വാർത്ത ഞെട്ടലോടെയാണ് നാട് കേട്ടത്. പത്തനാപുരം പള്ളിമുക്ക് കല്ലാമുട്ടം പള്ളിക്കിഴക്കേതിൽ മുഹമ്മദ് സാഹിലാ(17)ണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഒഴുക്കിൽപ്പെട്ടതെന്ന വാർത്ത പടർന്നത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ ഇരുകടവിലും തര്യൻതോപ്പ് തൂക്കുപാലത്തിലുമായി തടിച്ചുകൂടി.

ആവണീശ്വരത്തുനിന്ന്‌ അഗ്നിരക്ഷാസേനയും എത്തി. ആഴമേറിയതും ഒഴുക്കുള്ളതുമായ കടവിൽ മുങ്ങി തിരച്ചിൽ നടത്താൻ കൊല്ലത്തുനിന്ന് സ്‌കൂബാ ടീം ഉച്ചയ്ക്ക് ഒന്നരയ്ക്ക്‌ എത്തിയതോടെ തിരച്ചിൽ സജീവമായി. കുട്ടികൾ കുളിക്കാനിറങ്ങിയ കിഴക്കേഭാഗം പൂന്തോട്ടത്തിൽ കടവുമുതൽ തൊട്ടുതാഴെയുള്ള തര്യൻതോപ്പ് കടവുവരെ തിരച്ചിൽ സജീവമായി. ഇരു കരഭാഗങ്ങളും അരിച്ചുപെറുക്കിയുള്ള മുങ്ങൽ വിദഗ്ധരുടെ പരിശോധനയ്ക്കൊടുവിൽ വൈകീട്ട് ആറുമണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കല്ലടയാറ്റിൽ മുങ്ങിമരണങ്ങളും അപകടങ്ങളും പതിവായിട്ടും ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ ഫലം കണ്ടിട്ടില്ല. അപകടാവസ്ഥയിലായ കടവുകളും കുഴികളും കയങ്ങളും തിരിച്ചറിയാനാകാതെ ആറ്റിലിറങ്ങി അപകടങ്ങളിൽപ്പെടുന്നവരിൽ ഏറെയും കുട്ടികളാണ്. എല്ലാവർഷവും വിദ്യാർഥികൾ കല്ലടയാറിന്റെ വിവിധ കടവുകളിൽ അപകടത്തിൽപ്പെട്ട സംഭവങ്ങളുണ്ട്.

ഒരുകാലത്ത് അനിയന്ത്രിതമായിരുന്ന മണലൂറ്റും തീരമിടിച്ചുള്ള മണൽകടത്തും കല്ലടയാറിനെ മരണക്കുഴികളാക്കി. കുറേ വർഷങ്ങളായി മണലൂറ്റ് നിലച്ചെങ്കിലും കല്ലടയാറിന്റെ സ്വഭാവത്തിന് വരുത്തിയ മാറ്റങ്ങൾ വലുതായിരുന്നു. പലയിടത്തും പാറകൾ തെളിഞ്ഞും അപകടകരമായ കുഴികൾ രൂപപ്പെട്ടും കിടക്കുന്നു. പാറകളിൽ ചവിട്ടിയുള്ള അക്കരയിക്കരെ യാത്ര കഴിഞ്ഞകാലങ്ങളിൽ ഒട്ടേറെപ്പേരുടെ ജീവനെടുത്തു. കാടുമൂടിക്കിടക്കുന്ന കടവുകളിൽ കുളിക്കാനും വിനോദത്തിനുമായി എത്തുന്ന കുട്ടികളുൾപ്പെടെ അപകടത്തിൽപ്പെടുന്നു. മണൽനിറഞ്ഞ് മുട്ടൊപ്പംമാത്രം വെള്ളമുള്ള കടവുകളിൽ ഇറങ്ങുന്നവർ അടുത്ത ചുവടുവെക്കുന്നത് മരണക്കയത്തിലേക്കാകും. ആറിനെ പതിവായി ആശ്രയിക്കുന്ന നാട്ടുകാർക്ക് അപകടക്കെണിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എന്നാൽ മറ്റിടങ്ങളിൽനിന്ന്‌ എത്തുന്നവർ, പ്രത്യേകിച്ചും കുട്ടികൾക്ക് അപകടക്കെണികൾ അറിയില്ല.

വിദ്യാലയങ്ങളിൽനിന്നും വീടുകളിൽനിന്നും ആളുകളുടെ കണ്ണുവെട്ടിച്ചെത്തുന്ന കുട്ടികൾക്ക് വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് ധാരണയുണ്ടാകില്ല.

കടവുകൾ ശോച്യാവസ്ഥയിൽ

:അപകടം പതിവായ ഒട്ടേറെ കടവുകളുണ്ട്. പത്തനാപുരം, പിറവന്തൂർ, തലവൂർ, പട്ടാഴി, പട്ടാഴി വടക്കേക്കര ഗ്രാമപ്പഞ്ചായത്തുകൾ അതിരിടുന്ന ഇത്തരം കടവുകളിൽ ഒരു സുരക്ഷാക്രമീകരണവും ഏർപ്പെടുത്തിയിട്ടില്ല. മുന്നറിയിപ്പ് സൂചകങ്ങൾ സ്ഥാപിക്കുകയോ കാവലിനായി ആളുകളെ ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. കുളിക്കടവുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയില്ല. അപകടരഹിതമായി കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും മൃഗങ്ങളെ കുളിപ്പിക്കാനും സൗകര്യമൊരുക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നു. കല്ലടയാറിന്റെ തീരസംരക്ഷണപ്രവർത്തനങ്ങൾ നടന്നിട്ട് കാലമേറെയായി.

രക്ഷാപ്രവർത്തനം വൈകുന്നു

:കല്ലടയാറ്റിൽ അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ഫലപ്രദമായ സംവിധാനങ്ങളില്ല. ഏറ്റവുമടുത്ത അഗ്നിരക്ഷാനിലയം കിലോമീറ്ററുകൾ അകലെയുള്ള ആവണീശ്വരത്താണ്. മുങ്ങൽവിദഗ്‌ധരുൾപ്പെട്ട സ്‌കൂബാ ടീം കൊല്ലത്തുനിന്നെത്തണം. ഇതെല്ലാം രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. എല്ലാ പഞ്ചായത്തുകളിലും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്നത് പ്രഖ്യാപനം മാത്രമായി.

വർഷങ്ങൾക്കുമുൻപ് വിദ്യാലയങ്ങളിൽ തുടങ്ങിയ ബോധവത്കരണവും നീന്തൽപരിശീലനവും ഇപ്പോൾ നടക്കുന്നില്ല. പരിചയസമ്പന്നരായ ആളുകളെ നിയമിച്ച് എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികളെ നീന്തൽ പരിശീലിപ്പിച്ച് അടിയന്തരഘട്ടങ്ങളിൽ രക്ഷപ്പെടാൻ കഴിയുംവിധം സജ്ജരാക്കാനുള്ള ശ്രമമുണ്ടാകണമെന്ന ആവശ്യം ശക്തമാണ്. നീന്തൽ അറിയാത്തവർ ജലാശയങ്ങളിൽ ഇറങ്ങിയാലുള്ള അപകടത്തെക്കുറിച്ച് എല്ലാ ക്ലാസുകളിലും ബോധവത്‌കരണം നടത്തേണ്ടതും ആവശ്യമാണ്.