വെട്ടിയത്തോട് പമ്പ് ഹൗസ്: പടിഞ്ഞാറെ കല്ലടയിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു

68.22 ലക്ഷത്തിന്റെ ധാരണാപത്രം ഒപ്പിട്ടു
ശാസ്താംകോട്ട : മഴക്കാലത്ത് പടിഞ്ഞാറെ കല്ലടക്കാർ അനുഭവിക്കുന്ന വെള്ളപ്പൊക്കത്തിനും കാലങ്ങളായുള്ള വെള്ളക്കെട്ടിനും ശാശ്വതപരിഹാരമാകുന്നു.
വെട്ടിയത്തോട് ഭാഗത്ത് പുതിയ പമ്പ്ഹൗസ് സ്ഥാപിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. കല്ലടയാറിന്റെ തീരത്തോടും മുണ്ടകൻപാടത്തോടും ചേർന്നുകിടക്കുന്ന ഐത്തോട്ടുവയിലെ നാല് വാർഡുകൾ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ മഴക്കാലത്ത് കെട്ടിനിൽക്കുന്ന വെള്ളം പമ്പ് ചെയ്ത് തോടുവഴി അഷ്ടമുടിക്കായലിൽ എത്തിക്കുന്നതാണ് പദ്ധതി. അതിനായി 60 എച്ച്.പി. മോട്ടോറുൾപ്പെടെയുള്ള സംവിധാനങ്ങളാണ് സജ്ജമാകുന്നത്.
നേരത്തേ ഉണ്ടായിരുന്ന പമ്പ് ഹൗസ് തകർന്നിട്ട് മൂന്നരപ്പതിറ്റാണ്ടോളമായി. അതിന് പകരമായാണ് പുതിയ മോട്ടോറും പമ്പ് ഹൗസും സ്ഥാപിക്കുന്നത്. കെട്ടിനിൽക്കുന്ന വെള്ളം പുറത്തേക്കുവിടാൻ ഷട്ടറുകളുണ്ടെങ്കിലും കല്ലടയാറ്റിൽ വെള്ളം ഏറുന്ന സമയങ്ങളിൽ തുറന്നുവിടാൻ കഴിയില്ല. ആറ്റിൽനിന്നും വെള്ളം തിരിച്ചുകയറുന്നതാണ് സ്ഥിതി. അതിനാൽ മോട്ടോർവെച്ച് വെള്ളം പമ്പ് ചെയ്യുക എന്നതാണ് ഏക പരിഹാരം. നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യവും ഇതായിരുന്നു.
ഇതിനായി എൻ.എച്ച്.പി.സി.യും പടിഞ്ഞാറെ കല്ലട പഞ്ചായത്തും ചേർന്ന് 68.22 ലക്ഷം രൂപയുടെ പദ്ധതിക്കാണ് ധാരണയായത്. പടിഞ്ഞാറെ കല്ലടയിലെ സൗരോർജപദ്ധതി ഏറ്റെടുത്തിരിക്കുന്ന എൻ.എച്ച്.പി.സി.യുടെ സി.എസ്.ആർ. ഫണ്ടിൽനിന്ന് 50.22 ലക്ഷവും, പടിഞ്ഞാറെ കല്ലട പഞ്ചായത്ത് 18 ലക്ഷം രൂപയുമാണ് ചെലവിടുക. പഞ്ചായത്തും എൻ.എച്ച്.പി.സി.യും തമ്മിൽ നടത്തിയ തുടർചർച്ചകളിലാണ് പദ്ധതിയുടെ രൂപരേഖ തയ്യാറായതും അംഗീകാരം ലഭിച്ചതും.
അതിനുള്ള ധാരണാപത്രം എൻ.എച്ച്.പി.സി. ജനറൽ മാനേജർ സാജൻ മൊയ്തീൻ ശനിയാഴ്ച കൈമാറി. മൈനർ ഇറിഗേഷൻ വകുപ്പിനാണ് നിർമാണച്ചുമതല. 18 മാസത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ധാരണ.
ധാരണാപത്രം കൈമാറുന്ന ചടങ്ങ് കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെ. അംബികകുമാരി അധ്യക്ഷയായി. ഉല്ലാസ് കോവൂർ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.ജി. അജിത്, സ്ഥിരംസമിതി അധ്യക്ഷരായ ശൈലജകുമാരി, ആർ. മണികണ്ഠൻ, ഷീജ, പഞ്ചായത്ത് സെക്രട്ടറി എൽ. രതികുമാരി, അസിസ്റ്റന്റ് സെക്രട്ടറി നിസാർ, എൻ.എച്ച്.പി.സി. ഉദ്യോഗസ്ഥൻ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.