ചുങ്കത്തറ പുളിമുക്കിൽ വീണ്ടും വാഹനാപകടം

പുത്തൂർ : കൊട്ടാരക്കര-പുത്തൂർ റോഡിൽ ചുങ്കത്തറ പുളിമുക്കിൽ വീണ്ടും വാഹനാപകടം. ഇരുചക്രവാഹനങ്ങളിൽ കാറിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ഇരുചക്രവാഹന യാത്രികരായ കെ.എസ്.ഇ.ബി. കൊട്ടാരക്കര ഈസ്റ്റ് സെക്‌ഷൻ ഓഫീസിലെ ലൈൻമാൻ തേവലക്കര ചേന്നങ്കര തെക്കേതിൽ മോഹൻദാസ് (54), പെരുങ്കുളം ഗീതാഭവനിൽ രമ്യ (32), കാർയാത്രിക പുത്തൂർ ജി.എച്ച്.എസ്.എസിലെ കായികാധ്യാപിക ഷംല ബീവി (54) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലിനു പൊട്ടലേറ്റ മോഹൻദാസിനെ പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. രാവിലെ എട്ടേമുക്കാലിനായിരുന്നു സംഭവം. കൊട്ടാരക്കരനിന്ന് പുത്തൂരിലേക്കു വന്ന കാർ അതേ ദിശയിൽ രമ്യ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു. പെട്ടെന്ന് വലത്തോട്ടു തിരിച്ച കാർ എതിർദിശയിൽ വന്ന മോഹൻദാസിന്റെ ബൈക്കിലും ഇടിച്ചശേഷം റോഡുവശത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. കഴിഞ്ഞ മാസം 30-ന് ഇതേ സ്ഥലത്താണ് രണ്ടു സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചത്. അറുപതിലധികം പേർക്കാണ് ഈ സംഭവത്തിൽ പരിക്കേറ്റത്. അന്നു തകർന്ന മതിലിനോടു ചേർന്ന ഭാഗത്തുതന്നെയാണ് ഇപ്പോഴത്തെ അപകടത്തിലും കാർ ഇടിച്ചുനിന്നത്. ചുങ്കത്തറ പുളിമുക്കിലും ഇതിനോടു ചേർന്ന ഭാഗങ്ങളിലും അപകടങ്ങൾ പതിവായിരിക്കുകയാണ്. ഇവിടെ സൂചനാബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ജനങ്ങൾ ഉയർത്തുന്നുണ്ട്. മാത്രമല്ല, ഇവിടെ ഓടയ്ക്ക് മൂടിയില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. വാർഡ് അംഗം സന്തോഷ് കുളങ്ങരയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ഓടകൾക്ക് മൂടി ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയിരുന്നു.