കല്ലുംതാഴത്ത് മേൽപ്പാലവും അനുബന്ധപാതയും: നേരിട്ട് പഠനം നടത്താൻ എൻ.എച്ച്.എ.ഐ.

കൊല്ലം : കല്ലുംതാഴത്തെ ഗതാഗതക്കുരുക്കിന് പരിഹാരമെന്നനിലയിൽ രണ്ട് റെയിൽവേ മേൽപ്പാലങ്ങളും അനുബന്ധപാതയുമെന്ന നിർദേശം നടപ്പാക്കുന്നതിന്റെ സാധ്യത സംബന്ധിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ നേരിട്ട് സാങ്കേതികപഠനം നടത്തും. ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ്‌കുമാർ യാദവ്, അംഗം വെങ്കിട്ടരമണ എന്നിവരുമായി ചർച്ച നടത്തിയശേഷമാണ് എൻ.കെ. പ്രേമചന്ദ്രൻ എം.പി. വിവരമറിയിച്ചത്.
കല്ലുംതാഴത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സാങ്കേതികപഠനം നടത്താൻ ടി.കെ.എം.കോളേജിലെ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ഇതുസംബന്ധിച്ച് എം.പി.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രണ്ട് റെയിൽവേ മേൽപ്പാലങ്ങളും അനുബന്ധപാതയും നിർമിക്കാനുള്ള സാധ്യതാപഠനം നടത്താൻ കൺസൾട്ടൻസിയെ നിയമിക്കണമെന്നും തീരുമാനിച്ചു. ദേശീയപാത അതോറിറ്റി ഉന്നത അധികാരികൾക്ക് ഈ ആവശ്യമുന്നയിച്ച് നിവേദനം നൽകി ചർച്ച നടത്തിയിരുന്നു.
ദേശീയപാതയിൽ വരുന്ന റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം ദേശീയപാത അതോറിറ്റിയാണ് നിർവഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് എൻ.എച്ച്.എ.ഐ. നേരിട്ട് സാങ്കേതികപഠനം നടത്താമെന്ന് യോഗത്തിൽ ഉറപ്പ് നൽകിയത്. സാങ്കേതികപഠനം നടത്തി, അടിയന്തരമായി തീരുമാനം കൈക്കൊള്ളണമെന്നും എം.പി. ആവശ്യപ്പെട്ടു.