വെള്ളിമൺ കൊലപാതകം: ലേഖാമേരിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു

കുണ്ടറ : വെള്ളിമണിൽ ഭർത്താവിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ ലേഖാമേരി(48)യെ ബുധനാഴ്ച പോലീസ് വീട്ടിലെത്തിച്ച് തെളിവെടുത്തു. നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനിടെയായിരുന്നു തെളിവെടുപ്പ്. സംഘടിച്ചെത്തിയ നാട്ടുകാർ കടുത്ത ഭാഷയിൽ ശകാരിച്ചു. ഇവർക്കുനേരേ മുട്ടയേറുമുണ്ടായി. കൊലപാതകം നടത്തിയ രീതി ലേഖാമേരി പോലീസിനോട് വിവരിച്ചു.

വെള്ളിമൺ വ്ളാവേത്ത് രാജുമന്ദിരത്തിൽ രാജു(56)വാണ് മരിച്ചത്. കഴിഞ്ഞ രണ്ടിന് വെളുപ്പിന് 5.30-നാണ് രാജുവിനെ അബോധാവസ്ഥയിൽ ബന്ധുക്കൾ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മരിച്ചതായി സ്ഥിരീകരിച്ചു. വീട്ടിൽ കുഴഞ്ഞുവീണെന്നാണ് ലേഖാമേരി ബന്ധുക്കളെ അറിയിച്ചത്. ആശുപത്രിയിൽ പരിശോധന നടത്തിയ ഡോക്ടർ കഴുത്തിൽ പാടുകണ്ടതോടെയാണ് പോലീസിനെ അറിയിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോ​േളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലും കഴുത്തിലമർത്തിയതാണ് മരണകാരണമായതെന്ന് സ്ഥിരീകരിച്ചിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലിൽ ലേഖാമേരി കുറ്റം സമ്മതിക്കുകയായിരുന്നു.

രാജു പെയിന്റിങ് തൊഴിലാളിയായിരുന്നു. സ്വത്തിനുവേണ്ടി ലേഖാമേരി മുൻപും പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.

ഇരുവരും പിണങ്ങി ഏറെക്കാലം അകന്നുനിന്നെങ്കിലും ഒരുവർഷത്തോളമായി ഒന്നിച്ചുതാമസിക്കുകയായിരുന്നു. ഇവരുടെ ഏക മകൾ ബന്ധുവിന്റെ വീട്ടിൽനിന്നാണ് പഠിക്കുന്നത്.