ആനക്കോട്ടൂർ-പുത്തൂർറോഡിൽ മണ്ണിടിച്ചിൽഭീഷണി

പുത്തൂർ : ആനക്കോട്ടൂർ-പുത്തൂർ റോഡിൽ മണ്ണിടിച്ചിൽഭീഷണി വർധിക്കുന്നു. ഓലിക്കൽക്കാവിനു സമീപത്തുനിന്ന്‌ 50 മീറ്ററിലധികം നീളത്തിലുള്ള റോഡരികിലെ മൺഭിത്തിയാണ് ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിൽ നിൽക്കുന്നത്. ചില ഭാഗങ്ങൾ അടർന്നുവീണുകൊണ്ടിരിക്കുകയാണ്. പലയിടവും വിണ്ടുകീറിയിരിക്കുന്നു. പൂർണമായും നിലംപൊത്തിയാൽ ഈ റോഡിലൂടെയുള്ള ഗതാഗതത്തിനു വലിയ ഭീഷണിയാകും. എപ്പോഴും തിരക്കുള്ള റോഡായതിനാൽ വലിയ ദുരന്തമാകും സംഭവിക്കുക. ഇവിടെ റോഡിന്റെ ഒരു ഭാഗം വളരെ ഉയരത്തിലാണ്. വലിയതോതിൽ കുന്നിടിച്ച് മണ്ണെടുക്കുന്ന ഭാഗംകൂടിയാണിത്. മാസങ്ങൾക്കുമുൻപുവരെ മണ്ണെടുപ്പുണ്ടായിരുന്നു.

റോഡിന്റെ വശം ഒഴിച്ചുനിർത്തി ഉൾഭാഗം മുഴുവൻ മണ്ണെടുത്തുകഴിഞ്ഞു. ഇപ്പോൾ 20 അടിയിലധികം ഉയരത്തിൽ റോഡരികിലെ നേരിയ മൺഭിത്തിമാത്രമാണ് അവശേഷിക്കുന്നത്. ഇവിടമാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. വേരുകളും ചെറുമരങ്ങളും മൂടിക്കിടക്കുന്നതിനാൽ ഇവിടെ നേരിയ മൺഭിത്തിമാത്രമേയുള്ളൂ എന്ന യാഥാർഥ്യം പുറത്തുനിന്നു നോക്കുന്നവർക്ക്‌ മനസ്സിലാകില്ല. റോഡുപുറമ്പോക്ക് വളരെ കൂടുതലുള്ള ഭാഗമാണിതെന്ന് നാട്ടുകാർ പറയുന്നു. പൊതുമരാമത്തുവകുപ്പ് അധികൃതർക്ക് പരാതി നൽകിയതിനെത്തുടർന്ന് അവർ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി മടങ്ങിയെങ്കിലും പരിഹാരനടപടികൾ ആരംഭിച്ചിട്ടില്ല.