വാളക്കോട് പാലം: ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഉടൻ

പുനലൂർ :കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട്ട് പുതിയ റെയിൽവേ മേൽപ്പാലം പണിയാൻ ഭൂമിയേറ്റെടുക്കൽനടപടി ഉടൻ ആരംഭിക്കും. ഇതിനാവശ്യമായ പ്രവർത്തനങ്ങൾ തുടങ്ങാൻ ബന്ധപ്പെട്ട വിഭാഗത്തോട് ദേശീയപാത അതോറിറ്റി(എൻ.എച്ച്.എ.ഐ.) ആവശ്യപ്പെട്ടതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു. ഭൂമിയേറ്റെടുക്കുന്നതിനായുള്ള 3 എ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുനലൂരിൽനിന്ന് തെന്മലയിലേക്കുള്ള ദിശയിൽ നിലവിലെ പാലത്തിന്റെ വലതുവശത്തായി മൂന്ന്‌ സെന്റ്‌ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. സ്ഥലത്തെ കൈയേറ്റം ഒഴിപ്പിക്കും. പാലം നിർമാണത്തിന് എൻ.എച്ച്.എ.ഐ. അനുവദിച്ചിട്ടുള്ള 9.33 കോടി രൂപയിൽ 1.7 കോടി ഭൂമിയേറ്റെടുക്കലിനു ചെലവഴിക്കും.

പാലം നിർമാണത്തിനുള്ള ടെൻഡറും ക്ഷണിച്ചിട്ടുണ്ട്. 30 ദിവസമാണ് ടെൻഡർ സമർപ്പിക്കുന്നതിന് അനുവദിച്ചിട്ടുള്ളത്. നവംബർ 23-ന് ടെൻഡർ തുറക്കും. ഭൂമിയേറ്റെടുത്താൽ എത്രയും പെട്ടെന്ന് നിർമാണം തുടങ്ങാൻ കഴിയുംവിധത്തിലാണ് എൻ.എച്ച്.എ.ഐ. നടപടികൾ ത്വരപ്പെടുത്തുന്നതെന്ന് എം.പി. പറഞ്ഞു.

നിലവിലെ നൂറ്റാണ്ടു പഴക്കമുള്ള പാലത്തോടു ചേർന്ന് 29.5 മീറ്റർ നീളത്തിലും 8.25 മീറ്റർ വീതിയിലുമാണ് പുതിയത്‌ നിർമിക്കുന്നത്. പാലത്തോടു ചേർന്ന് പുതിയ റോഡ് നിർമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി റെയിൽവേ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. പിന്നീടാണ് സമാന്തര മേൽപ്പാലം നിർമിക്കാൻ ധാരണയായത്.

കഷ്ടിച്ച് 5.5 മീറ്റർ വീതിയുള്ള, പുനലൂരിന്റെ കുപ്പിക്കഴുത്തായ നിലവിലെ പാലത്തിൽ ഒരേസമയം ഒരു വശത്തേക്കു മാത്രമേ ഗതാഗതം സാധിക്കൂ. 1904-ൽ കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാത നിർമാണത്തിന്റെ ഭാഗമായി നിർമിച്ച പാലമാണിത്. പുതിയ പാലം പൂർത്തിയായാൽ നിലവിലെ പാലംകൂടി ഗതാഗതത്തിനുപയോഗിച്ച് ഇവിടത്തെ ഗതാഗതപ്രശ്നങ്ങൾക്കു പരിഹാരം കാണാമെന്നാണ് പ്രതീക്ഷ.

നിർവഹണച്ചുമതല എൻ.എച്ച്.എ.ഐ.യ്ക്ക്

:ദേശീയപാത അതോറിറ്റി(എൻ.എച്ച്.എ.ഐ.) നേരിട്ടുതന്നെ പദ്ധതിനിർവഹണം നടത്തും. ഞാൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ടെൻഡർ നടപടി എൻ.എച്ച്.എ.ഐ. ആരംഭിച്ചത്. ബ്ലാക്ക് സ്‌പോട്ട് ഒഴിവാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമാണത്തിന്‌ അനുമതി നേടിയത്‌. സമയബദ്ധമായി പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും.

-എൻ.കെ.പ്രേമചന്ദ്രൻ എം.പി.