ആയൂർ കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് കേന്ദ്രത്തിൽ സ്വകാര്യവാഹന പാർക്കിങ്; യാത്രക്കാർ വലയുന്നു

ആയൂർ :കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് കേന്ദ്രത്തിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് വർധിക്കുന്നു. നിന്നുതിരിയാൻ ഇടമില്ലാത്ത കേന്ദ്രത്തിൽ ഇരുവശത്തും സ്വകാര്യ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ബസുകൾ കേന്ദ്രത്തിൽ കയറുന്നതിനും പുറത്തേക്ക് തിരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നു.
കഷ്ടിച്ച് മൂന്നു ബസുകൾക്ക് പാർക്ക് ചെയ്യാൻ പറ്റുന്ന സ്ഥലത്തിന്റെ ഇരുവശത്തുമാണ് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. ബസുകൾ തിരിക്കുന്നതിനിടെ ഇരുചക്രവാഹനത്തിൽ തട്ടാതിരിക്കാൻ ഡ്രൈവർമാർ അഭ്യാസമാണ് നടത്തുന്നത്. പലപ്പോഴും ജങ്ഷൻകഴിഞ്ഞ് പാലംവരെ പോയാണ് ബസ് തിരിക്കുന്നത്.
വലിയ ജൻറം ബസുകൾ തിരിക്കുന്നതിനും പ്രയാസമാണിവിടെ. സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്റെ പ്രവർത്തനം നിലച്ചതോടെ കേന്ദ്രം അനാഥമായനിലയിലാണ്. രാവിലെമുതൽ മദ്യപരുടെ ശല്യമാണ്. മോഷണം, പിടിച്ചുപറി, അസഭ്യംവിളി, നഗ്നതാപ്രദർശനം തുടങ്ങിയവയും ഉണ്ട്. സ്ത്രീയാത്രക്കാരുൾപ്പെടെ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പോലീസ് കാഴ്ചക്കാരായി മാറുകയാണെന്നും ആക്ഷേപമുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ സേവനം ജങ്ഷനിൽമാത്രമായി ഒതുങ്ങി.
തിരുവനന്തപുരം, കൊട്ടാരക്കര റോഡുകളിലെ ഗതാഗതതടസ്സം വലിയ ഭീഷണിയായിട്ടും പരിഹാരമാർഗം ഉണ്ടാകുന്നില്ല. ആയൂർ-അടൂർ, നെടുമങ്ങാട്-ആയൂർ ചെയിൻ സർവീസടക്കം മുന്നൂറോളം ബസുകളെത്തുന്ന കേന്ദ്രമാണ് അസൗകര്യങ്ങളാൽ വിഷമിക്കുന്നത്.
കിഴക്കൻ മേഖലയിൽനിന്ന് വിദൂര സർവീസുകളെ ആശ്രയിച്ച് നൂറുകണക്കിനു യാത്രക്കാരാണ് ദിവസേന ഇവിടെ എത്തുന്നത്. യാത്രക്കാർക്ക് അടിസ്ഥാനസൗകര്യങ്ങളുമില്ല. പലപ്പോഴായി തുടങ്ങിയ വികസനപദ്ധതികൾ ഇവിടെ പ്രാവർത്തികമായില്ല. ഇടമുളയ്ക്കൽ പഞ്ചായത്തിന്റെ ശ്രദ്ധയും വേണ്ടത്ര ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.
പ്രിയദർശിനി സൗജന്യയാത്ര വന്നതോടെ ഓപ്പറേറ്റിങ് കേന്ദ്രത്തിലെ തിരക്ക് അനിയന്ത്രിതമാണ്. കെ.എസ്.ആർ.ടി.സി.യുടെ കണക്കുകൾപ്രകാരം ഏറ്റവും കൂടുതൽ യാത്രക്കാർ കയറിയിറങ്ങുന്ന പ്രധാന ജങ്ഷനായിട്ടും ഒരു ഷെഡ്യൂൾപോലും ഇവിടെനിന്ന് ആരംഭിച്ചിട്ടില്ല. ഓപ്പറേറ്റിങ് കേന്ദ്രത്തിന്റെ വികസനം പരിമിതപ്പെടുന്നതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
എം.സി.റോഡരികിലും പാർക്കിങ്
:എം.സി. റോഡിലെ ചടയമംഗലം ജങ്ഷനിലും അനധികൃത ഇരുചക്രവാഹന പാർക്കിങ് ഗതാഗതത്തിന് തടസ്സമാകുന്നു. ഇതു കെ.എസ്.ആർ.ടി.സി. കവലയിലെ ഓട്ടോ പാർക്കിങ്ങും ഏറെ ബുദ്ധിമുട്ടിലാക്കി. ജങ്ഷനിലെ പാലത്തിനോടു ചേർന്നാണ് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഗതാഗതക്കുരുക്കും അപകടവും വർധിച്ചു.
പാർക്കിങ്ങിനായി പഞ്ചായത്ത് പ്രത്യേക സ്ഥലം നിശ്ചയിച്ചെങ്കിലും ഇതുപയോഗിക്കാതെയാണ് പാതയോരത്ത് വാഹനം പാർക്ക് ചെയ്യുന്നത്. ഡിപ്പോകളിലേക്കുള്ള ബസുകളുടെ പ്രവേശനവും ബുദ്ധിമുട്ടാണ്. എത്രയും വേഗം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.