എടുത്തുചാട്ടം നല്ലതാണ്..!

കിണറ്റിൽവീണ യുവതിയെ സാഹസികമായി രക്ഷിച്ച് രമേശൻ
ശാസ്താംകോട്ട : ആഴമേറിയ കിണറ്റിൽ, എട്ട് തൊടിയോളം വരുന്ന വെള്ളത്തിനുമീതെ ജീവനുവേണ്ടി മല്ലടിച്ച യുവതിയെ സാഹസികമായിരക്ഷിച്ച് കൂലിപ്പണിക്കാരനായ രമേശൻ. നഷ്ടമാകുമെന്നു കരുതിയ ജീവൻ, സ്വന്തം സുരക്ഷ നോക്കാതെ പിടിച്ചുകയറ്റിയ വടക്കേമുറി വയണവിളവടക്കതിൽ രമേശൻ (42) ആണ് ഇപ്പോൾ പോരുവഴിക്കാരുടെ ഹീറോ.
പോരുവഴി വടക്കേമുറി തുണ്ടുകുറ്റിമുക്കിൽ വ്യാഴാഴ്ച ഏഴോടെയായിരുന്നു സംഭവം. വടക്കേമുറി സ്വദേശിനിയായ 35-കാരി പുലർച്ചെയോടെയാണ് വെള്ളം കോരുന്നതിനിടെ കാൽവഴുതി സമീപത്തെ കിണറ്റിൽ വീണത്. യുവതിയുടെ ബന്ധുവായ സ്ത്രീ കിണറിനു സമീപത്തുകൂടി പോകുമ്പോൾ തൊട്ടിയും കയറും കിണറ്റിൽ അകപ്പെട്ടതുകണ്ട് സംശയംതോന്നി നോക്കിയപ്പോഴാണ് ആരോ കിണറിന്റെ തൊടിയിൽ പിടിച്ചുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
അവർ ബഹളംവെച്ചതോടെ അയൽവാസികളും ഓടിയെത്തി. നാട്ടുകാർ കയർകെട്ടി കസേര കിണറ്റിലേക്ക് ഇറക്കിനൽകിയെങ്കിലും സ്വയം കയറാൻ യുവതിക്ക് കഴിഞ്ഞില്ല.
ഈ സമയത്താണ് ജോലിക്ക് പോകാനായി രമേശൻ അതുവഴി വന്നത്. ആൾക്കൂട്ടംകണ്ട് വിവരം തിരക്കി. പിന്നെ സ്വന്തം ജീവനെക്കുറിച്ചുപോലും ആലോചിച്ചുനിൽക്കാതെ കിണറിന്റെ കയറിൽ തൂങ്ങി സാഹസികമായി ആഴങ്ങളിലേക്ക് ഒറ്റപ്പോക്ക്.
വിറച്ച് അവശയായി തൊടിയിൽ നിന്ന യുവതിയെ കസേരയിൽ കയറ്റിയിരുത്തി കയർകുരുക്കി ഭദ്രമാക്കി. മുകളിലേക്ക് പതുക്കെ വലിക്കാൻ നിർദേശം. കയറിനൊപ്പം രമേശനും ഓരോ തൊടികയറി മുകളിലേക്ക്.
അതിനിടയിൽ അഗ്നിരക്ഷാസേനയുമെത്തി. അവരും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. ചെറിയ പരിക്കുപോലുമില്ലാതെയുള്ള രക്ഷാപ്രവർത്തനം വിജയംകണ്ടു.
ക്ഷീണിതയായ യുവതിയെ പ്രാഥമികചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. രമേശനെ നാട്ടുകാരും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും അനുമോദിച്ചു.