തിങ്കൾകരിക്കത്ത് വീണ്ടും വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

കുളത്തൂപ്പുഴ : മലയോര ഹൈവേയിൽ തിങ്കൾകരിക്കം ജങ്ഷനു സമീപം കുരിശടിക്കു മുന്നിൽ, നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂൺ ഇടിച്ചുതകർത്തു. കുളത്തൂപ്പുഴ കൈതക്കാട് സ്വദേശി നജീമ(66), ആർ.പി.എൽ. കേളൻകാവ് സ്വദേശി ഉഷ(69) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.
അഞ്ചലിൽനിന്ന് കുളത്തൂപ്പുഴയിലേക്കു വരികയായിരുന്ന, യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് പാതയോരത്തെ വൈദ്യുതത്തൂണും 11 കെ.വി.ലൈനും തകർത്ത് സമീപത്തെ റബ്ബർ പുരയിടത്തിന്റെ ചുറ്റുവേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വൈദ്യുതത്തൂൺ തകർന്ന് കേബിളുകൾ റോഡിലേക്ക് പതിച്ചു. സംഭവസമയം അതുവഴി പോകുകയായിരുന്ന ഇരുചക്രവാഹനയാത്രികർ, കഴുത്തിൽ കേബിളുകൾ കുരുങ്ങി മറിഞ്ഞുവീഴുകയും ചെയ്തു. പരിക്കേറ്റവരെ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
കഴിഞ്ഞദിവസം തമിഴ്നാട്ടിൽനിന്ന് പച്ചക്കറി കയറ്റിവന്ന വാഹനം വീടിനു മുകളിലേക്കു പതിച്ച് അപകടമുണ്ടായത് ഇതിനു സമീപമാണ്. മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾമാത്രം ശേഷിക്കേ, പാതയിൽ വാഹനത്തിരക്കുണ്ടായിട്ടും മുൻകരുതൽ നടപടി സ്വീകരിക്കാൻ ഹൈവേ അധികൃതർ തയ്യാറാകാത്തത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.