പുനലൂരിലെ ഓണം ഫെസ്റ്റിന് കൊടിയിറങ്ങി

പുനലൂർ : ഓണാഘോഷത്തിന് മേളക്കൊഴുപ്പേകാൻ പുനലൂരിൽ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിവന്ന ഓണം ഫെസ്റ്റിന് കൊടിയിറങ്ങി. ഇതരജില്ലകളിൽനിന്നുൾ​െപ്പടെ ലക്ഷക്കണക്കിന് ആളുകളെ പുനലൂരിലേക്ക് ആകർഷിച്ച മേള ഞായറാഴ്ച സമാപിച്ചു. പ്രമുഖ ഗായിക അവനി സന്തോഷ് നയിച്ച ഗാനമേളയോടെയായിരുന്നു 21 ദിവസംനീണ്ട മേളയുടെ സമാപനം.

വൈകീട്ട് ഏഴിന് നടന്ന സമാപനസമ്മേളനം ജ്യോതികുമാർ ചാമക്കാല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ എം.എ. രാജഗോപാൽ അധ്യക്ഷനായി.

ചെമ്മന്തൂരിലെ നഗരസഭാ സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 17-നായിരുന്നു മേളയ്ക്ക് തുടക്കം. പട്ടണത്തിൽ നടന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ആരംഭിച്ച മേളയിൽ ആദ്യദിനംതന്നെ ഒട്ടേറെപ്പേരാണ് പങ്കെടുത്തത്. 1000-ലധികം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന കൂറ്റൻ പന്തലിൽ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ സെമിനാറുകളിലും സാംസ്‌കാരിക പരിപാടികളിലും ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. ആധുനിക അമ്യൂസ്‌മെന്റ് പാർക്ക്, റൈഡുകൾ, കളിക്കോപ്പുകൾ, പ്രദർശനങ്ങൾ, കൃത്രിമ പുഷ്പപ്രദർശനം തുടങ്ങി കാണികളുടെ ശ്വാസംനിലപ്പിക്കുന്ന മരണക്കിണർവരെ കുട്ടികളെയും മുതിർന്നവരെയും ഒന്നുപോലെ രസിപ്പിച്ചു.

വിവിധ ഉത്‌പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടന്ന സ്റ്റാളുകൾ, വിശാലമായ ഭക്ഷണശാല തുടങ്ങിയവയും മേളയ്ക്ക് ആളെക്കൂട്ടി. ദിവസവും വൈകീട്ട് ഏഴിന് ആരംഭിച്ച കലാപ്രകടനങ്ങളായിരുന്നു മുഖ്യ ആകർഷണം. ചലച്ചിത്രതാരങ്ങളും റിയാലിറ്റിഷോ താരങ്ങളുമുൾ​െപ്പടെയാണ് അണിനിരന്നത്. ഗായകരായ ജാസി ഗിഫ്റ്റ്, കൊല്ലം ഷാഫി, ദേവനാരായണൻ, ശ്രീനാഥ്, ലക്ഷ്മി ജയൻ, റഹ്മാൻ പത്തനാപുരം തുടങ്ങിയവരൊക്കെ കാണികളുടെ മനംകവർന്നു.