വാളക്കോട് പാലം: സംയുക്തപരിശോധന നടത്തി

പുനലൂർ : കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ഏറ്റവും വീതികുറഞ്ഞതും നൂറ്റാണ്ട് പഴക്കമുള്ളതുമായ പുനലൂർ വാളക്കോട് മേൽപ്പാലത്തോടുചേർന്ന് പുതിയ പാലം നിർമിക്കുന്നതിനായി വിവിധ വകുപ്പ് ഉദ്യോസ്ഥർ സംയുക്തപരിശോധന നടത്തി.
ദേശീയപാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ.), റെയിൽവേ, സംസ്ഥാന മരാമത്തുവകുപ്പ്, റവന്യൂ, സർവേ വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
നേരത്തെ ഡിജിറ്റൽ സർവേ നടത്തിയ ഭാഗത്തെ അതിരുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചുനൽകി. ഇനി വിശദമായ പരിശോധന നടത്തി നിർമാണത്തിന് എത്രത്തോളം ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്ന് നിശ്ചയിക്കും.
നേരത്തെ സർവേ നടത്തി അതിരുകൾ തിട്ടപ്പെട്ടുത്തിയിട്ടുള്ളതിനാൽ നിർമാണത്തിനായി വളരെക്കുറച്ചു ഭൂമി മാത്രമേ ഏറ്റെടുക്കേണ്ടിവരികയുള്ളൂവെന്ന് അധികൃതർ സൂചിപ്പിച്ചു. ഒപ്പം പുറമ്പോക്കിലെ താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്യും.
എൻ.കെ.പ്രേമചന്ദ്രൻ എം.പി.യുടെ സാന്നിധ്യത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കളക്ടർ ആനി ജൂലാ തോമസ് പുനലൂരിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ സംയുക്തയോഗത്തിന്റെ തീരുമാനപ്രകാരമാണ് തിങ്കളാഴ്ച സംയുക്തപരിശോധന നടത്തിയത്. രാവിലെ 11-ന് ആരംഭിച്ച പരിശോധന രണ്ടരമണിക്കൂർ നീണ്ടു. സി. അജയപ്രസാദ് എം.എൽ.എ., പുനലൂർ നഗരസഭാധ്യക്ഷൻ എം.എ. രാജഗോപാൽ എന്നിവരും എത്തിയിരുന്നു.
നിലവിലെ പാലത്തോടുചേർന്ന് 29.5 മീറ്റർ നീളത്തിലും 8.25 മീറ്റർ വീതിയിലും പുതിയ പാലം നിർമിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ 5.5 മീറ്റർ വീതി വാഹനഗതാഗതത്തിനും 1.5 മീറ്റർ വീതി കാൽനടയ്ക്കുമാണ്. അവശേഷിക്കുന്ന ഭാഗത്ത് കൈവരിയും ക്രാഷ് ബാരിയറും നിർമിക്കും.
ആകെ ഏഴുകോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇതു പൂർണമായും കേന്ദ്രസർക്കാർ വഹിക്കും. യുദ്ധകാലാടിസ്ഥാനത്തിൽ അടങ്കൽ തയ്യാറാക്കി ഈമാസം 20-നുമുൻപ് എൻ.എച്ച്.എ.ഐ.യുടെ അനുമതി വാങ്ങാനാണ് തീരുമാനം. തുടർന്ന് ടെൻഡർ നടത്തി കരാർ നൽകി നിർമാണം ആരംഭിക്കും.
പാലത്തോടുചേർന്ന് പുതിയ റോഡ് നിർമിക്കുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അവസാനനിമിഷം റെയിൽവേ അനുമതി നിഷേധിച്ചിരുന്നു. പിന്നീടാണ് സമാന്തര മേൽപ്പാലം നിർമിക്കാൻ ധാരണയായത്.
കഷ്ടിച്ച് 5.5 മീറ്റർ വീതിയിലുള്ള നിലവിലെ പാലത്തിൽ ഒരേസമയം ഒരുവശത്തേക്ക് മാത്രമേ വാഹനഗതാഗതം സാധിക്കൂ. 1904-ൽ കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയുടെ നിർമാണത്തിന്റെ ഭാഗമായി നിർമിച്ച പാലമാണിത്.