പാഴ്‌സൽ ലോറി വൈദ്യുതത്തൂണിൽ കുടുങ്ങി

കൊട്ടാരക്കര : ടി.ബി.ജങ്‌ഷൻ-ഫെയ്ത്ത് ഹോം പാതയിൽ പാഴ്‌സൽ ലോറി വൈദ്യുതത്തൂണിൽ കുടുങ്ങി. പോസ്റ്റ് ഒടിഞ്ഞെങ്കിലും അപകടമുണ്ടായില്ല. മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി. വെള്ളിയാഴ്ച രാത്രിയിലാണ്, ടി.ബി.ജങ്‌ഷനിൽനിന്ന്‌ ഫെയ്ത്ത് ഹോം റോഡിലേക്കു കടക്കുന്നിടത്ത് ജെ.പി. ഓട്ടോമൊബൈൽസിനു മുന്നിൽ വൈദ്യുതത്തൂണിൽ ലോറി കുടുങ്ങിയത്. പോസ്റ്റിൽ സ്ഥാപിച്ചിരുന്ന കേബിൾ ലോറിയിൽ കുരുങ്ങുകയും പോസ്റ്റ് ഒടിഞ്ഞ് ലോറിയിലേക്കു ചാരുകയുമായിരുന്നു. തീപിടിക്കാൻ സാധ്യതയുണ്ടായിരുന്നെങ്കിലും വൈദ്യുതബന്ധം വേർപെട്ടതിനാൽ അപകടം ഒഴിവായി. പോലീസും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് പോസ്റ്റ് മാറ്റി വൈദ്യുതിവിതരണം പുനരാരംഭിച്ചത്.