മാമ്പുഴ പാടം പച്ചപ്പണിയിക്കാൻ ഞവര നെൽക്കൃഷി

കൊല്ലം : ഔഷധഗുണമുള്ള നെല്ലിനമായ ഞവര ഇനി മാമ്പുഴ പാടത്തെ പച്ചപ്പണിയിക്കും. തരിശുകിടക്കുന്ന മാമ്പുഴ ഏലായിൽ കർഷകക്കൂട്ടായ്മയുടെ ഒത്തൊരുമയിലാണ് വിത്തിറക്കിയത്. 20 ഏക്കറിലാണ് ഞവരനെല്ല് കൃഷിചെയ്യുന്നത്.
വിത്തിടലിന്റെ ഉദ്ഘാടനം കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് ഷേർലി സത്യദേവൻ, ആർ.പി. ബാങ്കേഴ്സ് മാനേജിങ് ഡയറക്ടർ ആർ. പ്രകാശൻപിള്ള എന്നിവർ ചേർന്ന് നിർവഹിച്ചു. കർഷക്കൂട്ടായ്മ സെക്രട്ടറി ചന്ദ്രമോഹനൻപിള്ള അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈശാഖ്, സ്ഥിരംസമിതി അധ്യക്ഷ ബീന പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ സരള, സോമരാജൻ, ശോഭന, മാമ്പുഴ എൽ.പി. സ്കൂൾ പ്രധാനാധ്യാപിക ജി. ഷീജ, നാദിർഷ, കർഷകക്കൂട്ടായ്മ പ്രസിഡന്റ് രാധാകൃഷ്ണൻ ഉണ്ണിത്താൻ, മാമ്പുഴ ഇണ്ടിളയപ്പൻക്ഷേത്രം പ്രസിഡന്റ് പി.എസ്. പ്രശാന്ത്, കൃഷി ഓഫീസർ സി. അനൂപ് ചന്ദ്രൻ, അസി. കൃഷി ഓഫീസർ ഷീജ തുടങ്ങിയവർ പങ്കെടുത്തു.
കൊറ്റങ്കരയിലെ പാടങ്ങളിൽ വിത്തിറക്കും
ഔഷധമൂല്യമുള്ള നെൽക്കൃഷിയിൽ നൂറുമേനി വിളയിക്കുക എന്നതാണ് ഞെട്ടയിൽ ഏലാസമിതിയുടെ ലക്ഷ്യം. ഇതിനായി ഓരോ പാടശേഖരത്തും അവിടുത്തെ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിത്തിറക്കും. മാമ്പുഴ പാടത്തു മാത്രമാണ് ഞവരക്കൃഷിയിറക്കുന്നത്. കുടുംബശ്രീ, സ്കൂൾ വിദ്യാർഥികൾ, പൗരപ്രമുഖർ, കർഷകർ ഉൾപ്പെടെയുള്ളവരാണ് പാടത്തേക്കിറങ്ങുന്നത്.
കൊറ്റങ്കര പഞ്ചായത്തിലെ കുളപ്രയിലെ പത്തേക്കർ, ഞെട്ടയിൽ ഏലായിലെ 15 ഏക്കർ, കുമ്പളം ഏലായിൽ 20 ഏക്കർ, പേരൂർ ആമക്കോട് എന്നിവിടങ്ങളിലും കൃഷിയിറക്കാനാണ് തീരുമാനമെന്ന് ഏലാ വികസനസമിതി ഭാരവാഹികൾ പറഞ്ഞു.
85-90 ദിവസത്തിനകം കൊയ്തെടുക്കാം
പരമ്പരാഗത രീതിയിൽ കൃഷിചെയ്തുവരുന്ന ഔഷധഗുണമുള്ള ഒരു നെല്ലിനമാണ് നവര. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്ന ഈ നെല്ലിനം ഞവര, നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്നു. ഞവര വിത്ത് 85-90 ദിവസത്തിനകം കൊയ്തെടുക്കാം. ഞവര നെല്ലിന് കിലോയ്ക്ക് 200 രൂപമുതൽ വിലയാണ്. മാമ്പുഴ ഏലായിൽ 350 കിലോ വിത്താണ് കൃഷിക്കായി ഉപയോഗിക്കുന്നത്.