ഊക്കൻമുക്ക്-മണക്കാട്ടുമുക്ക് ബൈപ്പാസ് പൊട്ടിപ്പൊളിഞ്ഞു

ശാസ്താംകോട്ട : 95 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച, ശാസ്താംകോട്ട പഞ്ചായത്തിലെ ഊക്കൻമുക്ക്-മണക്കാട്ടുമുക്ക് ബൈപ്പാസ് പൊട്ടിപ്പൊളിഞ്ഞു. വലിയ കുഴികൾ രൂപപ്പെട്ടതോടെ യാത്ര ദുരിതത്തിലായി.

കൊല്ലം-തേനി, ഭരണിക്കാവ്-കുമളി ദേശീയപാതകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ഗാരന്റി കാലാവധി തീരുംമുൻപ് തകർന്നത്.

ഗുണനിലവാരമില്ലാതെയും അളവനുസരിച്ചുള്ള മിശ്രിതങ്ങൾ ചേർക്കാതെയും പണി നടത്തിയതാണ് പാത തകരാൻ കാരണമായതെന്ന് നേര​േത്ത കണ്ടെത്തിയിരുന്നു. രണ്ടുഘട്ടങ്ങളിലായി ജില്ലാപഞ്ചായത്ത് ഫണ്ടായ 95 ലക്ഷം രൂപയാണ് ചെലവിട്ടത്. ആദ്യഘട്ടത്തിൽ 50 ലക്ഷം ചെലവഴിച്ച് ടാർ ചെയ്‌തെങ്കിലും മാസങ്ങൾക്കകം പൊളിഞ്ഞു.

ബിൽ മാറ്റിനൽകില്ലെന്ന് ജില്ലാപഞ്ചായത്ത് കടുപ്പിച്ചതോടെ ഈ ഭാഗം വീണ്ടും ടാർചെയ്തു. മൂന്നരവർഷം തികയുംമുൻപ് അതും പൊളിഞ്ഞു.

രണ്ടാംഘട്ടമായി നടത്തിയ ടാറിങ്ങും തകർന്നിരിക്കുകയാണ്. മണക്കാട്ടുമുക്കിൽ റോഡ് കുറുകേ തകർന്ന് വലിയ കുഴികളായി. ദേശീയപാതയിൽനിന്നു തിരിയുമ്പോൾ കുഴിയിൽവീണ് വാഹനങ്ങൾ നിയന്ത്രണംവിട്ട് മറിയുകയാണ്. അശ്വതിമുക്കിൽ രണ്ടിടത്ത് വൻതോതിൽ പൊട്ടിപ്പൊളിഞ്ഞു.

കൊല്ലം, കുണ്ടറ ഭാഗങ്ങളിൽനിന്നു വരുന്ന യാത്രക്കാർക്ക് ഭരണിക്കാവിൽ പ്രവേശിക്കാതെ അടൂർ, കൊട്ടാരക്കര, താമരക്കുളം എന്നിവിടങ്ങളിലേക്ക് പോകാനുള്ള ബൈപ്പാസാണിത്.

താത്കാലിക അറ്റകുറ്റപ്പണി നടത്തി കുഴിയടച്ചാൽ ദുരിതം മാറുമെന്ന് നാട്ടുകാർ പറയുന്നു. അഞ്ചുവർഷ ഗാരന്റിയിലായിരുന്നു പാത നിർമാണം.