വോട്ടുകൾ കൂട്ടത്തോടെ വെട്ടിയത് ആസൂത്രിതം-വത്സൻ പനോളി

കൊല്ലം :വോട്ടർപട്ടികയിൽനിന്ന് കൂട്ടത്തോടെ വോട്ടുകൾ ഒഴിവാക്കിയതിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പങ്കുണ്ടെന്ന് കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ആരോപിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടും ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കർഷകസംഘം ജില്ലാ കമ്മിറ്റി പള്ളിമുക്കിൽനിന്ന് ആരംഭിച്ച നൈറ്റ് മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ജനസംഖ്യയുടെ പത്ത് ശതമാനത്തിലധികം വോട്ടുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒഴിവാക്കിയതായി അദ്ദേഹം ആരോപിച്ചു. ഫോം 6-ൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വോട്ടർമാരെ ഒഴിവാക്കിയത്.

സുപ്രീംകോടതിയുടെ അനുമതിയില്ലാതെ നടപ്പാക്കിയ ഭേദഗതി, ആരുടെ നിർദേശപ്രകാരമാണെന്ന് കമ്മിഷൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകസംഘം ജില്ലാ പ്രസിഡന്റ് വി.കെ. അനിരുദ്ധൻ അധ്യക്ഷനായി.

മുൻ എം.എൽ.എ. എം. നൗഷാദ്, ജില്ലാ സെക്രട്ടറി ബിജു കെ.മാത്യു, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ് മാത്യു, എസ്. സത്യൻ, ആർ. വിജയൻ, ജോൺ ഫിലിപ്പ്, എം. സുരേഷ് ബാബു, വി.എസ്. സതീഷ്, അസീന മനാഫ് എന്നിവർ പ്രസംഗിച്ചു. പള്ളിമുക്കിൽനിന്ന് ആരംഭിച്ച മാർച്ച് നഗരത്തിലൂടെ സഞ്ചരിച്ച് ചിന്നക്കടയിൽ സമാപിച്ചു.