നിലമേൽ ആരോഗ്യ കേന്ദ്രത്തിൽ എൻ.സി.ഡി ക്ലിനിക് ആഴ്ചയിൽ മൂന്ന് ദിവസമാക്കി

നിലമേൽ: ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച് നിലമേൽ ആരോഗ്യ കേന്ദ്രത്തിലെ എൻ.സി.ഡി ക്ലിനിക്കിന്റെ പ്രവർത്തനം ആഴ്ചയിൽ മൂന്ന് ദിവസമായി നീട്ടി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇനി മുതൽ ക്ലിനിക് പ്രവർത്തിക്കുക.
രോഗികളുടെ തിരക്ക് ഗണ്യമായി കുറയ്ക്കാനും, കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ചികിത്സയും മരുന്നുകളും ലഭ്യമാക്കാനും പുതിയ തീരുമാനം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. ക്ലിനിക്കിന്റെ പ്രവർത്തനം ഒരു ദിവസം കൂടി നീട്ടിയത് പ്രദേശവാസികൾക്കും വലിയ ആശ്വാസമായിട്ടുണ്ട്.
പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നസീർ നിർവഹിച്ചു. നിലമേൽ പഞ്ചായത്ത് പ്രസിഡന്റ് എ.എം. റാഫി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ബിനു, പഞ്ചായത്ത് അംഗം നിയാസ് മാറ്റാപ്പള്ളി, മെഡിക്കൽ ഓഫീസർ ഡോ.ഷാജി,ഡോ.അരുൺ തുടങ്ങിയവർ പങ്കെടുത്തു .