'പൂരി' യെടുത്ത 108 ജീവനുകള്‍; കേരളം കണ്ട വലിയ ഭക്ഷ്യദുരന്തത്തിന് 66 വയസ്സ്

കൊല്ലം: ശാസ്താംകോട്ട തടാകതീരത്ത് 1958 ഏപ്രില്‍ 29-ന് ഒരു വലിയ ദുരന്തമുണ്ടായി. ഓര്‍മ്മപ്പെടുത്തലോ, അന്തരിച്ചവര്‍ക്കുള്ള സ്മരണാഞ്ജലിയോ ഒന്നുമില്ലെങ്കിലും പഴയ തലമുറയില്‍പ്പെട്ട പലരുടെയും ഓര്‍മകളില്‍ ആ ദുരന്തസ്മൃതി ഇപ്പോഴുമുണ്ട്. 74 പേരാണ് അന്ന് ഭക്ഷ്യദുരന്തത്തിന് ഇരയായത്.
പാരാമിലിട്ടറി ഫോഴ്‌സിന് പരിശീലനം നല്‍കുന്ന ഇന്ത്യയുടെ പ്രതിരോധവിഭാഗമായ ലോക് സഹായ് സേനയുടെ ശാസ്താംകോട്ടയിലെ ക്യാമ്പിലായിരുന്നു സംഭവം. യുവാക്കളെ പാരാമിലിട്ടറി ഫോഴ്സിലേക്ക് റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനും ഉദ്ദേശിച്ചായിരുന്നു ക്യാമ്പ്. കമാന്‍ഡര്‍ രാജമാണിക്യത്തിന്റെ കീഴില്‍ മൂന്ന് ബറ്റാലിയനുകള്‍. നിലവില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നിടത്തായിരുന്നു ക്യാമ്പ്. ഏപ്രില്‍ 29-ന് പ്രഭാതപരിശീലനത്തിനും പ്രഭാതഭക്ഷണത്തിനും ശേഷം, ഓരോ സൈനികരായി മയങ്ങിവീഴാന്‍ തുടങ്ങുകയായിരുന്നു. ശാസ്താംകോട്ട ക്ഷേത്രത്തിലെ കുരങ്ങുകളും ചത്തു. കാക്കകളും മറ്റു പക്ഷികളും വീഴാന്‍ തുടങ്ങി. സേനയിലെ 41 ട്രെയിനികളും രണ്ട് പട്ടാള ഓഫീസര്‍മാരും ക്യാമ്പിലെ മൂന്നുസഹായികളും നാട്ടിലെ 19 കുട്ടികളും മരിച്ചവരില്‍പ്പെടുന്നു.
പ്രഭാതഭക്ഷണത്തിന് വിളമ്പിയ പൂരിയായിരുന്നു വില്ലന്‍. പൂരിക്ക് രുചിവ്യത്യാസമുണ്ടെന്ന് പലര്‍ക്കും തോന്നിയെങ്കിലും കുഴപ്പമില്ല, ഭക്ഷണം പാഴാക്കരുതെന്നു പറഞ്ഞ കമാന്‍ഡറുടെ ആജ്ഞ അനുസരിച്ചവരാണ് മരിച്ചത്. കമാന്‍ഡറും മരിച്ചു. പൂരി തിന്ന പരിസരവാസികളായ കുട്ടികളും കൂട്ടത്തില്‍ മരിച്ചു. ഹോട്ടലുപോലാ കുക്കിങ്ങില്‍ ആട്ടകൊണ്ടൊരു പലഹാരം തിന്നവര്‍ തിന്നവര്‍ വീണുമരിച്ചു, തിന്നാത്തവരോ രക്ഷപ്പെട്ടു. എന്നൊരു പാട്ടും പണ്ട് ശാസ്താംകോട്ടയില്‍ പ്രചരിച്ചിരുന്നെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. പഞ്ചായത്ത് ഓഫീസിനു സമീപം മരിച്ചവര്‍ക്കായി ഒരുസ്മാരകം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഫൗണ്ടേഷനും തയ്യാറായി. എന്നാല്‍ പിന്നീട് ഇതിനുമുകളില്‍ മറ്റ് ഓഫീസുകള്‍ പണിത് സ്മാരകം വിസ്മൃതിയിലാകുകയായിരുന്നെന്ന് ഇതേപ്പറ്റി വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ള വലിയം സെന്‍ട്രല്‍ സ്‌കൂള്‍ പ്രഥമാധ്യാപകനായ ഹരികുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന ഇം.എം.എസ്. അന്ന് സ്ഥലത്തെത്തി ക്യാമ്പ് ചെയ്താണ് മേല്‍നടപടികള്‍ സ്വീകരിച്ചത്.
ഓര്‍ഗാനോ ഫോസ്ഫറസ് ഇനത്തിലുള്ള പാരത്തിയോണ്‍ എന്ന കീടനാശിനിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതെങ്ങനെ സംഭവിച്ചു എന്നതും അന്വേഷിച്ചു. മുംബൈയില്‍നിന്നു കപ്പലില്‍ കൊണ്ടുവന്ന ആട്ടയാണ് പൂരിയുണ്ടാക്കാന്‍ ഉപയോഗിച്ചത്. കപ്പലില്‍ സൂക്ഷിച്ച ഫോളിഡോള്‍ എന്ന കീടനാശിനിയുടെ കാനുകള്‍ ചോര്‍ന്നൊലിച്ച് താഴെ സൂക്ഷിച്ച ആട്ടയിലും സൂജിയിലും പഞ്ചസാരയിലുമെല്ലാം കലരുകയായിരുന്നു. സംഭവം മനസ്സിലായപ്പോള്‍ ഈ കപ്പലില്‍ വന്ന ഭക്ഷ്യവസ്തുക്കള്‍ പിന്നെ കണ്ടെത്തി നശിപ്പിച്ചു. ഇതേ ആട്ടയും സൂജിയും പഞ്ചസാരയും എത്തിയ കേരളത്തിന്റെ വിവിധഭാഗങ്ങളിലും സമാനമായ അനുഭവമുണ്ടായിരുന്നു. മൊത്തം 400 പേര്‍ക്ക് വിഷബാധയുണ്ടായി. 108 പേര്‍ മരിച്ചതായാണ് കണക്ക്. കൊരട്ടിക്കര, മുരുക്കുംപുഴ, വടക്കേക്കര, കരമന എന്നിവിടങ്ങളിലായിരുന്നു സമാന വിഷബാധകള്‍ അന്നു റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് കീടനാശിനികളുെട നിര്‍മാണം, വിതരണം ഉപയോഗം എന്നിവ സംബന്ധിച്ച പ്രത്യേക നിയമങ്ങള്‍ വേണമെന്ന ചിന്തയിലേക്ക് ഈ സംഭവമാണ് വഴിതെളിച്ചത്. 1968-ല്‍ കേന്ദ്ര കീടനാശിനി നിയമം നിലവില്‍ വരികയും കീടനാശിനി ബോര്‍ഡ് രൂപവത്കരിക്കുകയും ചെയ്തു.
Content Highlights: In memory of 'Puri' tragedy that rocked Kerala 66 years back