ഹെൽത്തി ലഞ്ച് ബോക്‌സും വ്യായാമവും. പ്രമേഹദിനത്തിൽ കുട്ടികൾക്കുമുണ്ട് പ്രാധാന്യം

എല്ലാ വർഷവും നവംബർ 14 ന് നാം ലോക പ്രമേഹദിനമായി ആചരിക്കുന്നു. പ്രമേഹരോഗത്തിന്റെ മരുന്നായ ഇൻസുലിൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ സർ ഫ്രെഡറിക് ബാന്റിങ്ങിന്റെ ജന്മദിനമാണിത്. പ്രമേഹത്തെക്കുറിച്ച് കൃത്യമായ അറിവ് നേടാനും ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ മാറ്റാനുമാണ് നാം ഈ ദിനം ആചരിക്കുന്നത്. ലോക പ്രമേഹദിനത്തിനോടനുബന്ധിച്ച് സ്‌കൂളിൽ ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് സഹായകമായ വിവരങ്ങളിതാ.

പോസ്റ്റർ നിർമാണം

  1. പോസ്റ്ററിന്റെ മുകളിൽ വ്യക്തമായി കാണുന്ന രീതിയിൽ ഒരു തലക്കെട്ട് നൽകുക. ഉദാഹരണം: 'ടൈപ്പ് 1 ഡയബറ്റിസ്: അറിയാം, കരുതലോടെ കൂടെ നിൽക്കാം, അല്ലെങ്കിൽ മധുരമല്ല കാരണം, കരുതലാണ് പരിഹാരം.
  2. ശരീരത്തിലെ പാൻക്രിയാസ് ഇൻസുലിൻ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം എന്ന് ലളിതമായ ചിത്രങ്ങളിലൂടെ കാണിക്കുക.
  3. പ്രധാന ലക്ഷണങ്ങൾ (4 'T's - Warning Signs) കുട്ടികൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന 4 പ്രധാന ലക്ഷണങ്ങൾ ചെറിയ ഐക്കണുകളായി വരയ്ക്കാം:
    Thirst (അമിത ദാഹം): വെള്ളം കുടിക്കുന്ന ചിത്രം.
    Toilet (ഇടയ്ക്കിടെ മൂത്രമൊഴിക്കുക): വാഷ്‌റൂം ചിഹ്നം.
    Tiredness (അമിത ക്ഷീണം): ക്ഷീണിച്ചിരിക്കുന്ന കുട്ടിയുടെ ചിത്രം.
    Thinner (ഭാരം കുറയുക): ശരീരം മെലിയുന്നതിന്റെ ചിത്രം.
  4. തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും ഒരു ചെറിയ ബോക്‌സായി ഉൾപ്പെടുത്താം:
    തെറ്റിദ്ധാരണ: മധുരം കൂടുതൽ കഴിച്ചതുകൊണ്ടാണ് ഇത് വരുന്നത്. / ഇത് പകരുന്ന രോഗമാണ്.
    യാഥാർത്ഥ്യം: ഇതൊരു ഓട്ടോഇമ്മ്യൂൺ അവസ്ഥയാണ്, പകരില്ല.
  5. ടൈപ്പ് 1 പ്രമേഹമുള്ളവർക്ക് സാധാരണ ജീവിതം നയിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ചിത്രങ്ങളായി ഉൾപ്പെടുത്താം.
    ഉദാഹരണം: ഇൻസുലിൻ പേന, സിറിഞ്ച്, ഗ്ലൂക്കോമീറ്റർ, സമീകൃതാഹാരം (പച്ചക്കറി, പഴങ്ങൾ), വ്യായാമം ചെയ്യുന്ന കുട്ടികൾ.
  6. ടൈപ്പ് 1 പ്രമേഹമുള്ള കൂട്ടുകാരെ കളിയാക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യാതെ, അവരെ ചേർത്തുപിടിക്കുന്ന ചിത്രം ഉൾപ്പെടുത്തുക. (ഉദാഹരണത്തിന്: ക്ലാസ്സിൽ ഇൻസുലിൻ എടുക്കുന്നതോ ഭക്ഷണം കഴിക്കുന്നതോ കണ്ട് അത്ഭുതപ്പെടാതെ പിന്തുണയ്ക്കുന്ന കൂട്ടുകാർ).
  7. ലോക പ്രമേഹദിനത്തിന്റെ ഔദ്യോഗിക ചിഹ്നമായ നീല വൃത്തം പോസ്റ്ററിന്റെ ഒരു കോണിൽ വരയ്ക്കുന്നത് പോസ്റ്ററിന് കൂടുതൽ പൂർണത നൽകും. നവംബർ 14 ലോക പ്രമേഹദിനമാണെന്നും രേഖപ്പെടുത്താം.

പ്രമേഹദിന ക്വിസ്:
1. ലോക പ്രമേഹദിനമായി ആചരിക്കുന്നത് എന്നാണ്?

നവംബർ 14

2. ആരുടെ ജന്മദിനമാണ് ലോക പ്രമേഹദിനമായി ആചരിക്കുന്നത്?

ഇൻസുലിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞനായ സർ ഫ്രെഡറിക് ബാന്റിങ്ങിന്റെ ജന്മദിനം.

3. ലോക പ്രമേഹദിനത്തിന്റെ ഔദ്യോഗിക ചിഹ്നം എന്താണ്?

നീല വൃത്തം (Blue Circle)

4. രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് നിയന്ത്രിക്കുന്ന ഹോർമോൺ ഏതാണ്?

ഇൻസുലിൻ

5. ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന അവയവം ഏതാണ്?

പാൻക്രിയാസ്

6. കുട്ടികളിലും കൗമാരക്കാരിലും സാധാരണയായി കണ്ടുവരുന്ന പ്രമേഹം ഏതാണ്?

ടൈപ്പ് 1 പ്രമേഹം

7. രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ചെറിയ ഉപകരണം ഏതാണ്?

ഗ്ലൂക്കോമീറ്റർ

8. സർ ഫ്രെഡറിക് ബാന്റിങ്ങിനൊപ്പം ഇൻസുലിൻ കണ്ടുപിടിക്കാൻ സഹായിച്ച ശാസ്ത്രജ്ഞൻ ആരാണ്?

ചാൾസ് ബെസ്റ്റ്

9. ഏത് വർഷമാണ് ഇൻസുലിൻ കണ്ടുപിടിച്ചത്?

1921

10. പാൻക്രിയാസിലെ ഏത് കോശങ്ങളാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്?

ബീറ്റാ കോശങ്ങൾ

11. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്താണ്?

ഹൈപ്പോഗ്ലൈസീമിയ

12. ടൈപ്പ് 1 പ്രമേഹമുള്ളവർക്ക് ജീവൻ നിലനിർത്താൻ ദിവസേന നിർബന്ധമായും ആവശ്യമുള്ള ചികിത്സ ഏതാണ്?

ഇൻസുലിൻ

13. ലോക പ്രമേഹദിനം ആചരിക്കാൻ ആരംഭിച്ചത് ഏത് വർഷം മുതലാണ്?

1991 മുതൽ

14. ടൈപ്പ് 1 പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളായ '4 T's' ഏതെല്ലാമാണ്?

Thirst (അമിത ദാഹം), Toilet (ഇടയ്ക്കിടെ മൂത്രമൊഴിക്കുക), Tiredness (അമിത ക്ഷീണം), Thinner (ശരീരഭാരം കുറയുക)

15. ഗർഭകാലത്ത് സ്ത്രീകളിൽ കണ്ടുവരുന്ന പ്രമേഹത്തിന് പറയുന്ന പേരെന്താണ്?

ജെസ്റ്റേഷണൽ ഡയബറ്റിസ്
 

ഹെൽത്തി ലഞ്ച് ബോക്‌സ് എങ്ങനെയൊരുക്കാം:
നാരുകൾ അടങ്ങിയ അന്നജം (¼ ഭാഗം):
ദിവസം മുഴുവൻ ഊർജ്ജം ലഭിക്കാൻ തവിടുള്ള അരിയുടെ ചോറ് (കുത്തരി), ഗോതമ്പ് ചപ്പാത്തി, റാഗി, ഓട്‌സ് എന്നിവ ഉൾപ്പെടുത്തുക. മൈദ വിഭവങ്ങൾ ഒഴിവാക്കുക.

പ്രോട്ടീൻ (¼ ഭാഗം): ശരീരവളർച്ചയ്ക്കായി മുട്ട (പുഴുങ്ങിയതോ ഓംലെറ്റോ), ചെറുപയർ/കടല/വൻപയർ, പനീർ, സോയ, മീൻ അല്ലെങ്കിൽ ചിക്കൻ കറി എന്നിവ നിർബന്ധമായും ഉൾപ്പെടുത്തുക.

പച്ചക്കറികളും പഴങ്ങളും (½ ഭാഗം): കാരറ്റ്, വെള്ളരിക്ക എന്നിവ കൊണ്ടുള്ള സാലഡ്, വിവിധതരം തോരനുകൾ, ഇലക്കറികൾ എന്നിവ നൽകുക. പഴങ്ങൾ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക.

ഹെൽത്തി സ്‌നാക്‌സുകൾ: ബേക്കറി പലഹാരങ്ങൾക്ക് പകരം വറുത്ത നിലക്കടല, ബദാം, കശുവണ്ടി, പുഴുങ്ങിയ ഏത്തപ്പഴം, മധുരക്കിഴങ്ങ്, അല്ലെങ്കിൽ അവൽ നനച്ചത് എന്നിവ നൽകുക.

പാനീയങ്ങൾ: പായ്ക്കറ്റ് ജ്യൂസുകളും സോഫ്റ്റ് ഡ്രിങ്കുകളും ഒഴിവാക്കി ധാരാളം ശുദ്ധജലം അല്ലെങ്കിൽ മോര് (സംഭാരം) കൊടുത്തുവിടുക.

ജങ്ക് ഫുഡ് ഒഴിവാക്കുക: ചിപ്‌സ്, ബിസ്‌കറ്റുകൾ, കേക്കുകൾ, അമിതമായി എണ്ണയിൽ വറുത്ത പലഹാരങ്ങൾ എന്നിവ ലഞ്ച് ബോക്‌സിൽ വെക്കാതിരിക്കുക.

ആകർഷകമായി തയ്യാറാക്കുക: വിവിധ നിറത്തിലുള്ള പച്ചക്കറികൾ ഉൾപ്പെടുത്തുന്നതും, ചപ്പാത്തിക്കുള്ളിൽ പച്ചക്കറികളും മുട്ടയും വെച്ച് റോൾ ആക്കി നൽകുന്നതും കുട്ടികൾക്ക് കഴിക്കാൻ എളുപ്പവും ഇഷ്ടവുമാകും.

Content Highlights: Significance of World Diabetes Day and Sir Frederick Banting