മാനത്തൂടൊഴുകി നടക്കാം; അറിയാം ഗുരുത്വാകർഷണത്തെക്കുറിച്ച്...

സ്പെയ്സ് സ്റ്റേഷനിൽനിന്നുള്ള വീഡിയോ കാണുകയാണ് പാറുവും ഗൗതമും. ആസ്ട്രനോട്ടുകൾ സ്പെയ്സ് സ്റ്റേഷനിലെ അന്തരീക്ഷത്തിൽ ഒഴുകിനീങ്ങുന്നതും വായുവിൽ തലകുത്തിമറിയുന്നതും കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് പാറു.
''പാറൂ, ബഹിരാകാശനിലയത്തിൽ ആളുകൾ എന്തുകൊണ്ടാണ് പറന്നുനടക്കുന്നതെന്ന് അറിയാമോ?'', ഗൗതം അവളോട് ചോദിച്ചു.
''ബഹിരാകാശത്ത് ഗുരുത്വാകർഷണമില്ല. അതുകൊണ്ടാണ് ആളുകൾ പറന്നുനടക്കുന്നത്!'', പാറു വേഗത്തിൽ മറുപടി പറഞ്ഞു. ഗൗതം ചിരിച്ചുകൊണ്ട് പറഞ്ഞു: ''എങ്കിൽ പറ, ബഹിരാകാശനിലയം ഭൂമിയിൽനിന്ന് എത്ര അകലെയാണ്? ''ഏകദേശം 400 കിലോമീറ്റർ മുകളിലാണത്!'', അൽപം ഗൗരവത്തിലാണ് പാറു അത് പറഞ്ഞത്. ''ഏകദേശം നാല് ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് എന്തുകൊണ്ടാണെന്നറിയുമോ?'', ഗൗതം വിടാൻ ഭാവമില്ല. ''ഭൂമി അതിനെ ആകർഷിക്കുന്നതുകൊണ്ട്. അതുകൊണ്ടാണ് ചന്ദ്രൻ ഭൂമിയെ ചുറ്റിക്കൊണ്ടേയിരിക്കുന്നത്!'', പാറു പറഞ്ഞു. ''നാല് ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രനെ ഭൂമി ആകർഷിക്കുന്നുണ്ടെങ്കിൽ വെറും 400 കിലോമീറ്റർ ഉയരത്തിൽ ഭൂമിയുടെ ആകർഷണം ഇല്ലാതിരിക്കുമോ?'', ഗൗതം ചോദിച്ചു.
''അത് ശരിയാണല്ലോ. സ്പെയ്സ് സ്റ്റേഷൻ ഭൂമിയെ ചുറ്റുന്നത് ഭൂമിയുടെ ഗുരുത്വാകർഷണം കാരണമാണല്ലോ. അപ്പോൾ പിന്നെ സ്പെയ്സ് സ്റ്റേഷനിൽ ആളുകളും വസ്തുക്കളും ഒഴുകിനടക്കുന്നത് എന്തുകൊണ്ടാണ്?'', പാറു ആകെ കൺഫ്യൂഷനിലായി.
ഭൂമിയുടെ ആകർഷണം:
''സ്പെയ്സ് സ്റ്റേഷനിൽ ആളുകൾ പറന്നുനടക്കുന്നത് ഗുരുത്വാകർഷണം ഇല്ലാത്തതുകൊണ്ടാണെന്ന് പലരും പറയാറുണ്ട്. അത് തെറ്റാണ്.
ഭൂമിയിൽനിന്ന് മുകളിലോട്ട് പോകുന്തോറും അഥവാ അകലം കൂടുന്തോറും ഗുരുത്വാകർഷണബലത്തിൽ കുറവുവരും. പക്ഷേ, 400 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോൾ ഭൗമോപരിതലത്തിൽ അനുഭവപ്പെടുന്നതിന്റെ ഏകദേശം 90 ശതമാനം ഗുരുത്വാകർഷണബലം ഉണ്ടാകും. ഒരു വസ്തുവിൽ ഭൂമി ചെലുത്തുന്ന ആകർഷണബലത്തിന്റെ അളവാണ് അതിന്റെ ഭാരം എന്നറിയാമല്ലോ. ഭൗമോപരിതലത്തിൽ 100 കിലോഗ്രാം ഉള്ള ഒരു വസ്തുവിന്റെ ഭാരം 400 കിലോമീറ്റർ എത്തുമ്പോൾ ഏകദേശം 90 കിലോഗ്രാം ആയിരിക്കും!'', ഗൗതം വിശദീകരിച്ചു. ''പിന്നെ എന്തുകൊണ്ടാണ് അവിടെ വസ്തുക്കൾ പറന്നുനടക്കുന്നത്?'', പാറു ചോദിച്ചു. ''അത് മനസ്സിലാക്കാൻ നിർബാധപതനം (free fall) എന്താണെന്ന് മനസ്സിലാക്കണം.''
വീഴാതെ വേഗത്തിൽ
''ഗുരുത്വാകർഷണംകൊണ്ടുമാത്രം ഒരു വസ്തു താഴേക്ക് വീഴുന്നതിനെയാണ് നിർബാധപതനം എന്നുപറയുന്നത്. ഈ സമയത്ത് വസ്തുക്കൾക്ക് ഭാരം അനുഭവപ്പെടില്ല. നമുക്ക് ഭൂമിയിൽ ഭാരം അനുഭവപ്പെടുന്നത് നമ്മുടെ കാൽക്കീഴിലുള്ള മണ്ണ് അല്ലെങ്കിൽ തറ നമ്മെ മുകളിലേക്ക് തിരികെ തള്ളുന്നതുകൊണ്ടാണ്. എന്നാൽ, ബഹിരാകാശത്തുനിന്ന് താഴേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന് താങ്ങായി മറ്റൊരു പ്രതലം ഉണ്ടാകില്ല. കേബിൾ പൊട്ടിയ ഒരു ലിഫ്റ്റിനുള്ളിൽ വായുവിൽ നിൽക്കുന്ന ആളെപ്പോലെയാണ് ബഹിരാകാശനിലയത്തിലെ യാത്രികരും. അവർക്ക് ഭാരം അനുഭവപ്പെടില്ല!'', ഗൗതം പറഞ്ഞു. ''അത് ഭൂമിയിലേക്ക് വീഴുമ്പോഴല്ലേ. ബഹിരാകാശനിലയം പക്ഷേ, ഭൂമിക്ക് ചുറ്റും കറങ്ങുകയല്ലേ ചെയ്യുന്നത്. അതെങ്ങനെ ഫ്രീ ഫാൾ ആകും?'', പാറുവിന് വീണ്ടും സംശയമായി.
കറങ്ങിക്കറങ്ങി
പാറുവിന്റെ സംശയം തീർക്കാൻ ഗൗതം ഒരുദാഹരണം പറഞ്ഞു: ''നമ്മൾ ഒരു കല്ല് വലിച്ചെറിയുകയാണെന്ന് കരുതുക. കല്ല് വളഞ്ഞ പാതയിൽ സഞ്ചരിച്ച് താഴേവീഴില്ലേ. കല്ലിനെ ഭൂമി ആകർഷിക്കുന്നതുകൊണ്ടാണിത്. ഇതുപോലെതന്നെയാണ് ബഹിരാകാശനിലയവും. ഓരോ നിമിഷവും ഭൂമി അതിനെ കേന്ദ്രത്തിലേക്ക് പിടിച്ചുവലിക്കുന്നുണ്ട്. അതായത് ബഹിരാകാശനിലയവും അതിലെ യാത്രികരും എപ്പോഴും താഴേക്ക് വീണുകൊണ്ടിരിക്കുകയാണ്. അവർ ഫ്രീ ഫാളിലാണെന്നർഥം!'', ഗൗതം പറഞ്ഞുനിർത്തി.
''എന്നിട്ടവർ താഴേ എത്തുന്നില്ലല്ലോ?'', പാറു ചോദിച്ചു. ''നിലയം താഴേക്ക് വീഴുന്നതിനനുസരിച്ച് വലിയ വേഗത്തിൽ മുന്നോട്ട് നീങ്ങുന്നുമുണ്ട്. അതു കൊണ്ടുതന്നെ ബഹിരാകാശനിലയത്തിന്റെ പാത ഭൗമോപരിതലത്തിന്റെ വക്രതയ്ക്ക് അനുസരിച്ച് വളയും. അപ്പോൾ ബഹിരാകാശ നിലയവും അതിലുള്ളവരും ഭൂമിയിൽ വീഴുന്നതിനു പകരം അതിനെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കും. ഭൂമിയുടെ വക്രതയും നിലയത്തിന്റെ വേഗവും തമ്മിലുള്ള തുലനാവസ്ഥയാണ് നിലയത്തെ ബഹിരാകാശത്ത് പിടിച്ചുനിർത്തുന്നത്. ഒന്നിച്ച് താഴേക്ക് പതിക്കുന്നതുകൊണ്ട് നിലയത്തിലെ യാത്രികർക്കും വസ്തുക്കൾക്കും പരസ്പരം താങ്ങുബലം നൽകാൻ കഴിയാതെവരുകയും അവർക്ക് പൂർണമായ ഭാരമില്ലായ്മ അനുഭവപ്പെടുകയും ചെയ്യുന്നു.''
സുഖമല്ല ഒഴുകാൻ
''ഇങ്ങനെ ഒഴുകിനടക്കാൻ നല്ല രസമായിരിക്കും അല്ലേ!'', പാറു ചോദിച്ചു.
''കേൾക്കാൻ രസമാണെങ്കിലും ഈ അവസ്ഥ ബഹിരാകാശയാത്രികർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. മേലും കീഴും തിരിച്ചറിയാനാകാത്ത അവസ്ഥ, ഓക്കാനം, ഛർദി, മസിൽനഷ്ടം തുടങ്ങിയവയ്ക്ക് ഇത് കാരണമാവും. രക്തം ശരീരത്തിന്റെ മേൽഭാഗത്തേക്ക് ഇരച്ചുകയറുന്നതുകൊണ്ട് ഭൂമിയിലുള്ളതിനെക്കാൾ വീർത്ത മുഖമായിരിക്കും ബഹിരാകാശത്ത് ഉണ്ടാവുക. ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഓരോദിവസവും നിശ്ചിത മണിക്കൂർ ബഹിരാകാശയാത്രികർ വ്യായാമംചെയ്യും. അതേസമയം, മൈക്രോ ഗ്രാവിറ്റി പരീക്ഷണങ്ങൾ ചെയ്യാൻ പറ്റിയ ഇടമാണിത്!''
Content Highlights: Gravity still exists at the altitude of the International Space Station