മുങ്ങുന്ന തോടും മുങ്ങാത്ത തോടും; മുട്ടത്തോട് വെച്ചൊരു പരീക്ഷണമായാലോ?

#സുമേഷ്

സ്‌കൂൾ ഇല്ലാത്ത ദിവസങ്ങളിൽ അടുക്കളജോലികളിൽ അമ്മ അമ്മുവിനെയും ഗൗതമിനെയും കൂട്ടും. ഇടയ്ക്ക് സ്വന്തം പാചകപരീക്ഷണങ്ങളും രണ്ടുപേരും നടത്തും. വെള്ളത്തിന് എച്ച്ടുഒ എന്നും മുട്ടത്തോടിന് കാൽസ്യം കാർബണേറ്റ് എന്നും ഒക്കെയാണ് ഗൗതം പറയുക. അടുക്കളയിൽ കയറിയാൽ കെമിസ്ട്രി പഠിക്കാം. ഏറ്റവും നല്ല പരീക്ഷണശാലയാണ് അടുക്കള. അമ്മയും അതൊക്കെ ആസ്വദിക്കാറുണ്ട്.

മുട്ടത്തോടുകൊണ്ട് ചില പരീക്ഷണങ്ങളൊക്കെ ചെയ്യാൻ പറ്റും. നേർപകുതിയാക്കിയ ഒരു മുട്ടത്തോട് സംഘടിപ്പിക്കാനാണ് ഗൗതമിന്ന് അടുക്കളയിൽ കയറിയത്.

അമ്മയെ സോപ്പിട്ട് അടുക്കളയിൽനിന്ന് ഒരു മുട്ട എടുത്തു. കഴുകിയശേഷം അത് നേർപകുതിയായി പൊട്ടിച്ചു. അടുപ്പിൽ പാൻ വെച്ച് ഇത്തിരി വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് മുട്ട പൊട്ടിച്ചത് ഒഴിച്ചു. ഇത്തിരി ഉപ്പും കുരുമുളകും വിതറി. അത് തിന്നശേഷം മുട്ടത്തോടും എടുത്ത് അവൻ പരീക്ഷണശാലയിലേക്ക് നടന്നു.

രണ്ട് നീണ്ട ഗ്ലാസുകളിൽ മുക്കാൽഭാഗം വെള്ളമെടുത്തശേഷം അവൻ അമ്മുവിനെ വിളിച്ചു.

''ഈ മുട്ടത്തോടുകൾ വെള്ളത്തിൽ താഴ്ത്തിയാൽ എന്തുസംഭവിക്കും?''

''മുട്ടത്തോടല്ലേ? രണ്ടും വെള്ളത്തിൽ താഴ്ന്നുപോകും.'' അമ്മു പറഞ്ഞു.

ശരി. ചേച്ചിയുടെ ഊഹം ശരിയാണോ എന്നുനോക്കാം.

ഗൗതം മുട്ടത്തോടിന്റെ കൂർത്തഭാഗം വെള്ളത്തിൽവെച്ച് താഴ്ത്തി. മുട്ടത്തോടിൽ വെള്ളം നിറഞ്ഞ് അത് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയി. ഗൗതം മുട്ടയുടെ അടുത്ത പകുതി വെള്ളത്തിലേക്ക് താഴ്ത്തി. വെള്ളംനിറഞ്ഞ തോടിന്റെ പിടിവിട്ടതും അത് തലകീഴായി മറിഞ്ഞ് പൊങ്ങിവന്നു.

എത്രതവണ ശ്രമിച്ചിട്ടും അത് വെള്ളത്തിൽ താഴ്ന്നുപോയില്ല. വെള്ളത്തിൽ ആഴ്ത്തിയാൽ ഒരു പരിധി കഴിഞ്ഞാൽ മുട്ടത്തോട് തലകീഴായി പൊങ്ങിവരും.

''ഇതെന്താ ഇങ്ങനെ?'', അമ്മു കൗതുകത്തോടെ ചോദിച്ചു.

''ചേച്ചീ, ഈ മുങ്ങാത്ത തോടിന്റെ ഉള്ളിൽ അടിവശത്തായി ഒരു വായു അറ ഉണ്ട്. അതുകൊണ്ടുതന്നെ വെള്ളത്തിൽ താഴ്ത്തിയാലും അത് പൊങ്ങിവരും. ഇവിടെ കുടുങ്ങിയ വായുവിന് മുട്ടത്തോടിനെ ജലോപരിതലത്തിൽ നിർത്താൻ കഴിയും. ബോട്ടിലും കപ്പലിലും കുടുങ്ങിയ വായുവാണ് അത് തലകീഴായി പൊങ്ങിനിൽക്കാൻ കാരണമാവുന്നത്.

''ഇനി ആ നേർത്ത പാട പൊട്ടിച്ചുകളഞ്ഞുനോക്കൂ.''

അതുംപറഞ്ഞ് ഗൗതം മുട്ടത്തോടിനുള്ളിലെ പാട പൊട്ടിച്ച് വീണ്ടും വെള്ളത്തിൽ താഴ്ത്തി. മുട്ടത്തോട് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയി.

കണ്ടില്ലേ, ഉള്ളിലെ വായു അറയാണ് മുട്ടത്തോട് പൊങ്ങിനിൽക്കാൻ കാരണമെന്ന് മനസ്സിലായില്ലേ?

Content Highlights: Transform the kitchen into a fun science laboratory for children