കുപ്പിക്കുള്ളിൽ നിന്നും ചാടുന്ന ഭൂതത്തെക്കുറിച്ചറിയാമോ?

കുപ്പിയുടെ അടപ്പിനെ തെറിപ്പിക്കുന്ന ഭൂതത്താനെ പരിചയപ്പെടാം.
അടുക്കളയിൽ പാചകപരീക്ഷണത്തിലാണ് അമ്മുവും ഗൗതമനും. അമ്മുവാണ് ചീഫ് കുക്ക്. ഗൗതം സഹായിയും.
ഇന്നത്തെ വിഭവം ഓംലെറ്റാണ്. അമ്മു മുട്ട പൊട്ടിച്ച് പാത്രത്തിലേക്ക് ഒഴിച്ചപ്പോൾ മുട്ടത്തോടുമെടുത്ത് ഗൗതം അപ്രത്യക്ഷനായി. അവൻ പൈപ്പിനടുത്തേക്ക് പോയി മുട്ടത്തോട് നന്നായി കഴുകി ഉണക്കി. എന്നിട്ട് അത് കൈകൊണ്ട് പൊടിച്ചു.
പരീക്ഷണശാലയിൽനിന്ന് ഒരു ചെറിയ ഇൻജെക്ഷൻ ബോട്ടിലും അതിന്റെ റബ്ബർ അടപ്പും എടുത്ത്, പൊടിച്ച മുട്ടത്തോട് കുറച്ച് ഇൻജെക്ഷൻ ബോട്ടിലിൽ ഇട്ടു. എന്നിട്ട് കുപ്പിയിൽ പകുതിയോളം വിനാഗിരി ഒഴിച്ചു. കുപ്പി റബ്ബർ അടപ്പുകൊണ്ട് അടച്ചശേഷം അവൻ അമ്മുവിന്റെ അടുത്തേക്ക് നടന്നു.
''അമ്മുച്ചേച്ചി കുപ്പിയിലെ ഭൂതത്തെ കാണണോ?'' ഗൗതം ചോദിച്ചു.
''കുപ്പിയിൽ ഭൂതവുമായി നടക്കാൻ നീയാര് അലാവുദ്ദീനോ?'' അമ്മു അവനെ കളിയാക്കി.
''ചേച്ചീ ഈ കുപ്പിയിൽ ഒരു ഭൂതമുണ്ട്. നോക്കിനിന്നോ അവൻ ഇപ്പം പുറത്തുചാടും.''
ഗൗതം കുപ്പി മേശപ്പുറത്ത് വെച്ചുകൊണ്ട് പറഞ്ഞു.
അമ്മു കൗതുകത്തോടെ കുപ്പിയിലേക്ക് നോക്കി. പെട്ടെന്ന് കുപ്പിയുടെ അടപ്പ് മുകളിലേക്ക് തെറിച്ചു.
''അയ്യോ അദൃശ്യ ഭൂതം പുറത്തുചാടി.'' ഗൗതം പേടി അഭിനയിച്ചു.
''ഭൂതം പുറത്തുചാടിയതിന്റെ രഹസ്യം എന്താ?'' അമ്മു ചോദിച്ചു.
''മുട്ടത്തോട് ഒരു കാർബണേറ്റാണ്. വിനാഗിരി ആസിഡും. കുപ്പിയിലെ വിനാഗിരിയും മുട്ടത്തോടും പ്രവർത്തിച്ചപ്പോൾ കാർബൺ ഡയോക്‌സൈഡ് ഉണ്ടായി. കാർബൺ ഡയോക്‌സൈഡാണ് കുപ്പിയുടെ മൂടി തെറിക്കാൻ കാരണം.'' ഗൗതം പറഞ്ഞു.
മുട്ടത്തോടിന് പകരം വളരെ കുറച്ച് അപ്പക്കാരം ഉപയോഗിച്ചും ഈ പരീക്ഷണം ചെയ്യാം.
കൂട്ടുകാരും കുപ്പിയിലെ ഭൂതത്തെ പുറത്തുചാടിക്കൂ.
Content Highlights: Engaging and fun DIY science experiment for children, Uses household items like eggshells and vinegar, Demonstrates chemical reaction producing carbon dioxide, Easy alternative using baking soda